Connect with us

National

നേതാക്കളുടെ പോര് മുറുകി; മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കമല്‍നാഥും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും യുവനേതാവുമായ ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള അധികാര തര്‍ക്കം പുതിയ തലത്തിലേക്ക്. സര്‍ക്കാര്‍ രൂപവത്ക്കരിച്ച അന്ന മുതല്‍ തുടങ്ങിയ തമ്മിലടി ഇപ്പോള്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. പാര്‍ട്ടിയും അധികരാരവും കൈപ്പിടിയിലൊതുക്കാന്‍ ഇരു നേതാക്കളും ചേരി തിരിഞ്ഞ് നടത്തുന്ന പ്രവര്‍ത്തനം ഇപ്പോള്‍ സര്‍ക്കാറിന്റ ഭാവി തന്നെ ആശങ്കയിലാഴ്ത്തിയതായണ് റിപ്പോര്‍ട്ട്.

അധികാരമേറ്റ നാള്‍ മുതല്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ജ്യോതിരാധിത്യ സിന്ധ്യ സര്‍ക്കാറിനെതിരെ സമരം ചെയ്യുമെന്ന് വെല്ലുവിളി മുഴക്കിയിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാറിനെതിരെ കര്‍ഷകരെ തെരുവിലിറക്കി സമരം ചെയ്യുമെന്നാണ് സിന്ധ്യ പറഞ്ഞത്. കാര്‍ഷിക കടം എഴുതിതള്ളുന്ന വിഷയത്തില്‍ വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് സര്‍ക്കാറിന് കഴിയുന്നില്ലെന്നും സര്‍ക്കാറിന്റെ കാര്‍ഷിക നയം തന്നെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ സിന്ധ്യയുടെ വെല്ലുവിളിക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നാണ് കമല്‍നാഥ് വാക്കുകളിലൂടെ വ്യക്തമാക്കുന്നത്. സിന്ധ്യ വെല്ലുവിളിക്കാതെ ചെയ്തു കാണിക്കട്ടെ എന്നാണ് കഴിഞ്ഞ ദിവസം കമല്‍നാഥ് പറഞ്ഞത്.

ഇരു നേതാക്കള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പല തവണ ഇടപെട്ടതാണ്. എന്നാല്‍ നാള്‍ക്കുനാള്‍ കഴിയും തോറും ഇത് കൂടുതല്‍ രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. പരസ്പരം ചേരിതിരിഞ്ഞ് ഇരു വരും ഗ്രൂപ്പ് കളിക്കുകയാണ്. സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് സിന്ധ്യ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി കേന്ദ്ര നേതൃത്വം എന്ത് ഇടപെടല്‍ നടത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.