Connect with us

National

കമ്പള മത്സരക്കാരന്‍ സായിയുടെ ട്രയല്‍സില്‍ പങ്കെടുക്കില്ല

Published

|

Last Updated

ബെംഗളൂരു | കമ്പള മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ ശ്രീനിവാസ ഗൗഡ സായ് സംഘടിപ്പിക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കില്ല. മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ് ഗൗഡയ്ക്ക് തിങ്കളാഴ്ച ബെംഗളുരുവില്‍ ട്രയല്‍സ് നടത്താന്‍ തീരുമാനിച്ചിരുന്നു. അതേ സമയം “കമ്പള മത്സരത്തില്‍ ശ്രദ്ധിക്കാനാണ് താല്പര്യം ” എന്ന് വ്യക്തമാക്കി നിലപാട് അറിയിച്ചിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. കമ്പള മത്സരത്തില്‍ 100 മീറ്റര്‍ 9.55 സെക്കന്‍ഡിലാണ് ശ്രീനിവാസ ഓടിയെത്തിയത്.

ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരുന്നു. കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്. 28കാരനായ ശ്രീനിവാസ് 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്റില്‍ പൂര്‍ത്തിയാക്കി. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ഥി ഓടുന്നതാണ് കമ്പള ഓട്ടം.

നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസിന്റെ മിന്നുന്ന പ്രകടനം ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലാണെന്നായിരുന്നു ചില കണക്കുകള്‍ വ്യക്തമാക്കി സമൂഹമാധ്യമങ്ങളിലും മറ്റും വാദിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഇതിന് മറുപടിയുമായി എത്തി. ശ്രീനിവാസ് ഗൗഡയെ സായ് സെലക്ഷന് ക്ഷണിക്കുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കുകയായിരുന്നു.