Connect with us

Gulf

ഇന്റര്‍നാഷണല്‍ സീരീസ് ബാഡ്മിന്റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു

Published

|

Last Updated

അബൂദബി | ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ഒരു മാസത്തിലേറെയായി നടന്നു വന്ന 43 ാമത് ബാഡ്മിന്റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു. ഇന്റര്‍നാഷണല്‍ സീരീസ് മത്സരങ്ങളുടെ ഫൈനല്‍സ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 16 അന്താരാഷ്ട്ര താരങ്ങള്‍ക്ക് പുറമെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ കഴിഞ്ഞാഴ്ചകളില്‍ നടന്ന സീനിയര്‍ സീരീസ് വിജയികള്‍ക്കും സെമി ഫൈനലിസ്റ്റുകള്‍ക്കും മത്സരിക്കുവാന്‍ അവസരം ലഭിച്ചു.

ഇന്റര്‍നാഷണല്‍ സിംഗിള്‍സ് ഫൈനല്‍സ് മലേഷ്യന്‍ താരങ്ങളുടെ മത്സരമായി മാറി. സെമി ഫൈനലുകളില്‍ ഇന്ത്യന്‍, നേപ്പാളി എതിരാളികളെ ആയാസരഹിതമായി തോല്‍പിച്ചാണ് മലേഷ്യന്‍ താരങ്ങള്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മലേഷ്യക്കാരന്‍ സുല്‍ക്കര്‍നൈന്‍ ഇസ്‌കന്ദര്‍ സ്വന്തം രാജ്യക്കാരനായ ഗോഹ് ചിന്‍ ജിയ്പ് നെ മൂന്നു സെറ്റുകള്‍ നീണ്ട ആവേശകരമായ മത്സരത്തില്‍ പരാജയപ്പെടുത്തി കിരീടം ചൂടി. ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റ് കൈവിട്ടെങ്കിലും കടുത്ത പോരാട്ടതില്‍ നിര്‍ണായകമായ മൂന്നാം സെറ്റും ചാമ്പ്യന്‍ഷിപ്പും ഇസ്‌കന്ദര്‍ സ്വന്തമാക്കുകയായിരുന്നു.

എവര്‍ റോളിംഗ് ട്രോഫിയും ഇസ്‌കന്ദര്‍ സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ഡബിള്‍സ് ഫൈനല്‍സില്‍ ഇന്തോനേഷ്യന്‍ ജോഡികളാണ് വിജയിച്ചത്. പ്രസെയ്ത്യാ അല്‍ഫിയാന്‍, പുതേര അഗ്രിപ്പിന സഖ്യം ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ ഭട്‌നാഗര്‍, വിഷ്ണുവര്‍ധന്‍ ഗൗഡ് എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. പരിചയ സമ്പന്നരായ ഇന്തോനേഷ്യന്‍ താരങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ പോലും ഇന്ത്യന്‍ ജോഡികള്‍ക്കു മത്സരത്തിലെ ഒരു ഘട്ടത്തിലും സാധിച്ചില്ല. ഇന്റര്‍നാഷണല്‍ സീരീസിന് മുന്നോടിയായി നടന്ന യു എ ഇ തല സീനിയര്‍ മത്സരങ്ങളില്‍ ഒട്ടേറെ മലയാളികള്‍ വിജയികളായിരുന്നു.

മെന്‍സ് സിംഗിള്‍സ് ഫൈനലില്‍ ഇന്തോനേഷ്യക്കാരനായ സോമി റോംധാനി, വസന്ത് കുമാര്‍ രാജേന്ദ്രനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി ചാമ്പ്യനായി. മെന്‍സ് ഡബിള്‍സ് മത്സരങ്ങളിലും ഇന്തോനേഷ്യക്കാര്‍ തന്നെയാണ് ചാമ്പ്യന്‍മാര്‍. മാര്‍സെലിനിസ് നന്ദ ദേവഗ്രഹ, സോമി റോംധാനി സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് മലയാളി സഹോദരങ്ങളായ മുനവര്‍, മുനൈസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

Latest