Connect with us

National

പ്രതിസന്ധികളെ അതിജീവിക്കും; കോണ്‍ഗ്രസ് തിരിച്ചുവരും: പ്രിയങ്ക

Published

|

Last Updated

അസംഗര്‍ | പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. “ഡല്‍ഹിയില്‍ ജനങ്ങളെടുത്ത നിലപാടിനെ അംഗീകരിക്കുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യം ബുദ്ധിമുട്ടേറിയതാണ്. തിരിച്ചുവരവിന് വലിയ പോരാട്ടം ആവശ്യമാണ്. അത് നടത്തി തിരിച്ചുവരിക തന്നെ ചെയ്യും”- അസംഗറിലെ ബിലാരിഗഞ്ചില്‍ റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

ഡല്‍ഹിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസിന് ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്നത്. 66 പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ മൂന്നു പേര്‍ക്കു മാത്രമാണ് കെട്ടിവച്ച പണം നഷ്ടപ്പെടാതിരുന്നത്. 21.42 ശതമാനം വോട്ട് നേടിയ കസ്തൂര്‍ബ നഗര്‍ മണ്ഡലത്തിലെ സാരഥി അഭിഷേക് ദത്തിന്റെതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളിലെ ഏറ്റവും കൂടിയ വോട്ടിംഗ് ശതമാനം. തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹിയിലെ പാര്‍ട്ടി ചുമതലയുള്ള പി സി ചാക്കോയും ഡല്‍ഹി ഘടകം അധ്യക്ഷന്‍ സുഭാഷ് ചോപ്രയും രാജിവച്ചിട്ടുണ്ട്.

1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷക്കാലം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിതിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ഊര്‍ജസ്വലതയില്ലാത്ത പ്രചാരണമാണ് കോണ്‍ഗ്രസ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും നടത്തിയത്. അതിന് വോട്ടര്‍മാര്‍ക്കിടയില്‍ ഒട്ടും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോഗ്യ കാരണങ്ങളാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചുരുക്കം ചില റാലികളെ അഭിസംബോധന ചെയ്തു.

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 62 എണ്ണം നേടി ആം ആദ്മി പാര്‍ട്ടി മൂന്നാമതും അധികാരത്തിലെത്തുകയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും മുന്‍നിര്‍ത്തിയുള്ള വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും ബി ജെ പിക്ക് എട്ടു സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Latest