Connect with us

Kerala

ശാസ്ത്ര പുരോഗതിക്ക് രാജ്യം കടപ്പെട്ടിരിക്കുന്നത് പുരാതന മുനിവര്യരോടെന്ന് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | രാജ്യം ആര്‍ജിച്ച ശാസ്ത്ര പുരോഗതിക്ക് ശാസ്ത്രജ്ഞരോട് മാത്രമല്ല, പുരാതാന കാലത്തെ മുനിവര്യന്മാരോടും കടപ്പെടണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നൂറ്റാണ്ടുകള്‍ മുമ്പ് സന്യാസിമാര്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ നിരവധി ശാസ്ത്ര സൂചകങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആചാരങ്ങളെ കുറിച്ചുള്ള അറിയില്ലായ്മയാണ് ഇവയെ നമ്മുടെ മനസ്സില്‍ ഐതിഹ്യങ്ങളായി തരംതാഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌കാരം ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.

ഒമ്പതാം നൂറ്റാണ്ടില്‍ എഴുതിയ സംസ്‌കൃത ഗ്രന്ഥം സൂര്യ സിദ്ധാന്തമാണ് പിന്നീട് യൂറോപ്പിന്റെയാകെ ബഹിരാകാശ പഠനത്തിന് അടിത്തറയായത്. ഇന്ത്യയില്‍ നിന്ന് ബഗ്ദാദിലേക്കും പിന്നീട് സ്‌പെയിനിലേക്കും എത്തിയ സൂര്യ സിദ്ധാന്തം എല്ലാ യൂറോപ്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇതാണ് യൂറോപ്പിലെ ബഹിരാകാശ പഠനത്തിന്റെ ആധാരം. ആധുനിക ശാസ്ത്രജ്ഞന്മാര്‍ പുതുതായി ഒന്നും കണ്ടുപിടിക്കുന്നില്ല. പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന അറിവിനെ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണമായും വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ആദ്യ പി എസ് എല്‍ വി 2022ല്‍ സാധ്യമാകുമെന്ന്, പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിച്ച ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക വിദ്യ കൈമാറാന്‍ 2019 മാര്‍ച്ചില്‍ എന്‍ എസ് ഐ എല്‍ സ്ഥാപിച്ചു. പത്ത് ടണ്ണിലധികം ഭാരം വഹിക്കാവുന്ന, അര്‍ധ ക്രയോജനിക് എന്‍ജിനുള്ള ഹെവി ലോഞ്ച് വെഹിക്കിള്‍ തയ്യാറാക്കുന്ന നടപടിയും പുരോഗമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ യാത്രക്കായി വ്യോമസേനയില്‍ നിന്ന് നാലുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്. കടുത്ത വൈദ്യ, മനശ്ശാസ്ത്ര പരിശോധനക്ക് ശേഷമാണ് ഇവരെ തിരഞ്ഞെടുത്തത്.

ബഹിരാകാശയാത്രക്കുള്ള വാഹനത്തിന്റെ രൂപകല്‍പ്പനയും എന്‍ജിനീയറിംഗും പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഇക്കൊല്ലം നടക്കും. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ വാഹനത്തിന്റെ വിക്ഷേപണവും ഈ വര്‍ഷം നടക്കും. കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന എസ് എസ് എല്‍ വി- ഒന്ന് ഏപ്രിലില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുമെന്നും ഡോ. കെ ശിവന്‍ പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ട്രസ്റ്റ് അംഗങ്ങള്‍ പ്രസംഗിച്ചു.

Latest