Connect with us

Articles

ഇങ്ങനെ എത്രയെത്ര ദേവീന്ദര്‍മാര്‍!

Published

|

Last Updated

രാജ്യത്ത് അരങ്ങേറിയ ഭീകരാക്രമണങ്ങളില്‍ ചിലതെങ്കിലും ഭരണകൂടത്തിന്റെ അറിവോടെ അരങ്ങേറുന്നതാണോ എന്ന സംശയം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ആ സംശയങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ജമ്മു കശ്മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റ്. ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ നവീദ് ബാബ, അല്‍താഫ് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് ദേവീന്ദര്‍ അറസ്റ്റിലാകുന്നത്. ഭീകരവാദക്കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായിരുന്നു കാറിലെ നാലാമന്‍. കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത പോലീസ് തുടര്‍ന്ന് ദേവീന്ദര്‍ സിംഗുമായി ബന്ധമുള്ള ഇടങ്ങളില്‍ പരിശോധന നടത്തി. അവിടെ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ദേവീന്ദറിനെ ഭീകരവാദിയായി കണക്കാക്കി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യു എ പി എ) പ്രകാരം ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തു. ഈ കേസ് വളരെ വേഗം എന്‍ ഐ എ ഏറ്റെടുക്കുകയും ചെയ്തു.

ഭീകരാക്രമണങ്ങളുടെ ആസൂത്രണത്തിലോ നടത്തിപ്പിലോ ദേവീന്ദറിന് പങ്കുണ്ടെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നതാണ്. 2001ല്‍ പാര്‍ലിമെന്റിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട അഫ്‌സല്‍ ഗുരു, അദ്ദേഹത്തിന്റെ അഭിഭാഷകനയച്ച കത്തില്‍ ദേവീന്ദറിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണക്കാരനായിരുന്ന അഫ്‌സല്‍ ഗുരുവിനെ പോലീസ് പിടികൂടി ദേവീന്ദറിന്റെ മുന്നിലെത്തിച്ചതും തന്റെ സഹായിക്ക് ഡല്‍ഹിയില്‍ താമസ സൗകര്യമൊരുക്കാന്‍ ദേവീന്ദര്‍ ആവശ്യപ്പെട്ടതും കത്തില്‍ വിവരിക്കുന്നു. അഫ്‌സലിനൊപ്പം ഡല്‍ഹിയിലെത്തിയ ദേവീന്ദറിന്റെ സഹായി വാങ്ങിയ കാറാണ് പാര്‍ലിമെന്റ് ആക്രമണത്തിന് ഉപയോഗിച്ചത്. ആ ഇടപാടിന്റെ പേരിലാണ് പാര്‍ലിമെന്റ് ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന കുറ്റം അഫ്‌സലിന് മേല്‍ ചുമത്തപ്പെടുന്നതും “രാജ്യത്തെ പൊതുവികാരത്തെ തൃപ്തിപ്പെടുത്താന്‍” നമ്മുടെ നീതിന്യായ സംവിധാനം അഫ്‌സലിനെ തൂക്കിലേറ്റുന്നതും.
കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളെ മറികടന്ന് പാര്‍ലിമെന്റിന് നേര്‍ക്കുണ്ടായ ആക്രമണം, ഭരണ സംവിധാനത്തിനകത്തുള്ളവരുടെ സഹായത്തോടെയല്ലാതെ നടക്കില്ലെന്ന് അന്ന് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതിനെ ശരിവെക്കുന്നതായിരുന്നു ജമ്മു കശ്മീര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥനായ ദേവീന്ദറിനെക്കുറിച്ച് അഫ്‌സല്‍ ഗുരു പുറത്തുവിട്ട വിവരങ്ങള്‍. അഫ്‌സലിന്റെ കത്തിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണമുണ്ടായില്ല. അഫ്‌സലിന്റെ കത്ത് പുറത്തുവരുമ്പോള്‍ രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറായിരുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച്, ഭീകരാക്രമണത്തിന്റെ ഭരണകൂടത്തിലേക്ക് നീളുന്ന വേരുകള്‍ കണ്ടെത്തണമെന്ന ഇച്ഛാശക്തി അവര്‍ക്കുണ്ടായില്ല. ഇപ്പോള്‍ രണ്ട് ഭീകരര്‍ക്കൊപ്പം ദേവീന്ദര്‍ അറസ്റ്റിലാകുമ്പോള്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുണ്ട്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒന്നാമൂഴത്തില്‍ അരങ്ങേറിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ദേവീന്ദറിന് പങ്കുണ്ടെന്ന ആരോപണവും ആ പാര്‍ട്ടി ഉന്നയിക്കുന്നു. പുല്‍വാമക്ക് പിറകെ അരങ്ങേറിയ “സര്‍ജിക്കല്‍ സ്‌ട്രൈക്ക്” (കപട) ദേശീയതയെ ആളിക്കത്തിക്കാന്‍ സംഘ്പരിവാരം ഉപയോഗിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുല്‍വാമയും ബാലാകോട്ടുമായിരുന്നു നരേന്ദ്ര മോദി അടക്കമുള്ളവരുടെ മുഖ്യ പ്രചാരണായുധങ്ങള്‍. ഇത് കണക്കിലെടുക്കുമ്പോള്‍ പുല്‍വാമ ആക്രമണത്തിലെ ദേവീന്ദറിന്റെ പങ്കിനെക്കുറിച്ച് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണത്തില്‍ യുക്തിയുണ്ട്. ദേവീന്ദറിലേക്ക് നീളുന്ന വഴികളില്‍ ഭരണകൂടത്തിന്റെ ഭാഗമായവര്‍ ഉണ്ടോ എന്നതാണ് പ്രധാനം. അമിത് ഷായുടെ കൈകളില്‍ ഭദ്രമായ എന്‍ ഐ എ ഏതായാലും ആ വഴിക്ക് നീങ്ങാന്‍ ഇടയില്ല.
ബി ജെ പിയുടെ പാര്‍ലിമെന്റംഗം പ്രജ്ഞാ സിംഗ് ഠാക്കൂറും കേണല്‍ ശ്രീകാന്ത് പുരോഹിതും പ്രതിസ്ഥാനത്തുള്ള മാലേഗാവ് സ്‌ഫോടനക്കേസ്, ഭീകരാക്രമണങ്ങളുടെ ആസൂത്രണത്തില്‍ സേനയിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ്. മാലേഗാവ് അടക്കം ഹിന്ദുത്വ ഭീകരവാദ ശൃംഖല ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഇതര സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ ബ്രിഗേഡിയര്‍ മാത്തൂര്‍, മേജര്‍ പ്രയാഗ് മോദക്, കേണല്‍ റായ്കര്‍, കേണല്‍ ഹസ്മുഖ് പട്ടേല്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന ആരോപണം മുമ്പ് ഉയര്‍ന്നിരുന്നു. കേണല്‍ ശ്രീകാന്ത് പുരോഹിതും വിവിധ ആക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ദയാനന്ദ് പാണ്ഡെയും നടത്തുന്ന സംഭാഷണങ്ങളില്‍ ഈ പേരുകളൊക്കെ പരാമര്‍ശിക്കുന്നുണ്ട്. സംഭാഷണത്തിന്റെ വിവരങ്ങള്‍ തെഹല്‍ക്ക മാസിക പുറത്തുവിടുന്ന കാലത്തും രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ്. ഭീകരാക്രമണങ്ങളുടെ ആസൂത്രണത്തിലോ ആക്രമണം നടത്തുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിലോ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ചില്ല.

[irp]

നിരപരാധികളെ പിടികൂടി വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച സംഭവങ്ങളില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വഹിച്ച പങ്കും ചെറുതായിരുന്നില്ല. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയത് 22 ഏറ്റുമുട്ടലുകളാണ്. ഇവയില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും നരേന്ദ്ര മോദിയെയോ സംഘ്പരിവാരത്തിലെ ഉയര്‍ന്ന നേതാക്കളെയോ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരവാദികളായാണ് ചിത്രീകരിക്കപ്പെട്ടത്. ഇതിനെ സാധൂകരിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ഗുജറാത്ത് പോലീസിന് ലഭിച്ച മുന്നറിയിപ്പ് റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ പലതും വ്യാജമായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. അക്കാലത്ത് ഗുജറാത്തിലെ ഇന്റലിജന്‍സ് ബ്യൂറോ വിഭാഗത്തിന്റെ മേധാവിയായിരുന്ന രജീന്ദര്‍ കുമാറാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നത്. കുപ്രസിദ്ധമായ ഇസ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഭീകരവാദികളില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് രേഖപ്പെടുത്തിയ ആയുധങ്ങള്‍, ഇന്റലിജന്‍സ് ബ്യൂറോ എത്തിച്ചുകൊടുത്തതാണെന്നും ആരോപണമുണ്ട്. ഇത്തരം വിവരങ്ങള്‍ പുറത്തു വരുമ്പോഴും ആരോപണങ്ങള്‍ ഉയരുമ്പോഴും കേന്ദ്രാധികാരം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കായിരുന്നു. ആഭ്യന്തര വകുപ്പിന്റെ മേധാവി പി ചിദംബരമായിരുന്നു, ഉപ മേധാവി കെ പി സി സിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. നിരപരാധികളെ ഭീകരരായി മുദ്രകുത്തി വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതിന് ഇന്റലിജന്‍സ് ബ്യൂറോ സഹായം നല്‍കിയോ എന്നതില്‍ അന്വേഷണമുണ്ടായില്ല.

സൈന്യത്തിലെയോ ഇതര ഏജന്‍സികളിലെയോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ സ്‌ഫോടനങ്ങളൊക്കെ, ഭീകരവാദികളെന്ന സംശയത്തിന്റെ നിഴലിലേക്ക് മുസ്‌ലിംകളെ നീക്കിനിര്‍ത്താനും അതുവഴി ഭൂരിപക്ഷ വര്‍ഗീയതയെ ജ്വലിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയെ സഹായിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു. സംഘടിപ്പിക്കപ്പെട്ട വ്യാജ ഏറ്റുമുട്ടലുകളുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ഹിന്ദുത്വ വര്‍ഗീയതക്ക് വളമേകാന്‍ പാകത്തില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനും അതിനായി ഭീകരര്‍ക്ക് സൗകര്യമൊരുക്കാനും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തുണ്ടായിരുന്നുവെന്നതിന് നേരിട്ടുള്ള തെളിവാകുകയാണ് ദേവീന്ദറിന്റെ അറസ്റ്റ്. ഈ ഉദ്യോഗസ്ഥനൊപ്പമുണ്ടായിരുന്ന ഭീകരരെ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് ജമ്മു കശ്മീര്‍ പോലീസ് പറയുന്നു. ഇവരെ ഡല്‍ഹിയിലെത്തിച്ച് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതി എന്താണെന്നാണ് അറിയേണ്ടത്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ നാളുകളിലൂടെ കടന്ന് പോകുകയാണ് രാജ്യം. അതിന്റെ മുനയൊടിക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും പാകത്തിലുള്ള ആക്രമണമായിരുന്നോ ലക്ഷ്യമെന്ന സംശയം അസ്ഥാനത്തല്ല. ഇതേ അജന്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന എത്ര ദേവീന്ദര്‍മാര്‍ വിവിധ വിഭാഗങ്ങളിലായുണ്ട് എന്നതും പ്രസക്തമായ ചോദ്യമാണ്. അതിലേക്കൊന്നും തത്കാലമോ പില്‍ക്കാലമോ അന്വേഷണം നീളില്ലെന്ന് മാത്രം ഉറപ്പിക്കാം. ഭരണകൂടം പോലെ തന്നെയൊരു തുടര്‍ച്ചയാണ് വര്‍ഗീയ അജന്‍ഡക്ക് വളമേകാന്‍ ഏതറ്റം വരെയും പോകാന്‍ സന്നദ്ധമാകുന്ന ഉദ്യോഗസ്ഥരും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest