Connect with us

Kerala

'ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും'; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലിമുസ്‌ലിയാരെയും സ്മരിച്ച് നിയമസഭയില്‍ എം സ്വരാജിന്റെ പ്രസംഗം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമം  മുസ്ലീം പ്രശ്നം മാത്രമല്ലെന്നും ഇത് ഇന്ത്യയുടെ പ്രശ്നമാണെന്നും തൃപ്പൂണിത്തുറ എം എൽ എ. എം സ്വരാജ് നിയമസഭയിൽ. ഇത് മതനിരപേക്ഷതയുടെ പ്രശ്നമാണെന്നും ആ അര്‍ഥത്തില്‍ ഇതിനെ കാണാന്‍ നമ്മള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഘ പരിവാരത്തിന്റെ പോലത്തന്നെ മറ്റൊരു നിറമുള്ള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുന്ന വിഭാഗങ്ങളുടെ കൈകളിലല്ല ഈ സമരം പോകേണ്ടതെന്നും ഈ സമരം മത രാഷ്ട്ര വാദത്തെയാണ് എതിര്‍ക്കുന്നതെന്നും ഇത് മത നിരപേക്ഷമായി സംഘടിപ്പിക്കേണ്ട സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതപരമായ സമരമല്ല ഇവിടെ നടന്നതെന്നാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്യ സമര ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്ന് പറഞ്ഞ എം സ്വരാജ് മുസ്ലിം ജനവിഭാഗത്തെയൊന്നാകെ തുടച്ച് നീക്കാനും ആട്ടിപ്പായിക്കാനും ലക്ഷ്യംവെച്ചുള്ള ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്യ പ്രക്ഷോഭങ്ങളുടെ ചരിത്രം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പൂക്കോയതങ്ങളെയും ആലി മുസ്ലിയാരുടെയും സ്മരിച്ച അദ്ദേഹം  മമ്പുറം മഖാമിന്റെയും കൊന്നാര് മഖാമിന്റെയും  സ്വാതന്ത്ര്യ സമര ചരിത്ര പശ്ചാത്തലം കൂടി നിയമസഭയിൽ വിവരിച്ചു. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് മ്യൂസിയത്തിൽ എഴുതിവച്ച  “ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കു”മെന്ന വാചകം ഈ കാലഘട്ടം നരേന്ദ്രമോദിയോടും സര്‍ക്കാരിനോടും പറയുന്നുവെന്നും എം സ്വരാജ് വ്യക്തമാക്കി.

തൊണ്ണൂറാമത്തെ വയസ്സിലെങ്കിലും മനുഷ്യത്തത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്കിവിടെ പറയാതെ പോകുന്നുവെങ്കില്‍ അങ്ങയുടെ രാഷ്ട്രീയപ്രവര്‍ത്തനം എത്ര മലീമസവും ഹിംസാത്മകവുമാണ് എന്ന് ഭയത്തോടെ തിരിച്ചറിയുകയാണെന്നായിരുന്നു പൗരത്വ ഭേദഗതിയെ അനുകൂലിച്ച്  നേമം എം എല്‍ എ. ഒ രാജഗോപാ. നടത്തിയ പ്രസംഗത്തോട് എം സ്വരാജ് പ്രതികരിച്ചത്.

പ്രസംഗത്തിന്റെ പൂർണ രൂപം:

നമ്മുടെ രാജ്യം ഇന്ന് സമരസാന്ദ്രമായിരിക്കുകയാണ്. ഇന്ത്യയിലെ സര്‍വകാലാശാലകളിലും ജനപഥങ്ങളിലും തെരുവീഥികളിലുമാകെ തീക്ഷണ സമരത്തിന്റെ തീനാമ്പുകളുയരുകയാണ്. ഈ രാജ്യത്തെ രക്ഷിക്കണമെന്നാണ് എല്ലാ സമരങ്ങളിലും ഉയര്‍ന്ന് വന്നിട്ടുള്ളത്.

നമ്മുടെ രാജ്യം കേവലം ഒരു രാഷ്ട്രം എന്നതിലുപരി ഒരാശയമാണ്, ഒരു സംസ്‌കാരമാണ്, ലോകത്തിന്റെ മുമ്പാകെ ഒരു സന്ദേശവുമാണ്. ജനാധിപത്യമാണ് ഇന്ത്യ, മത നിരപേക്ഷതയാണ് ഇന്ത്യ. സഹിഷ്ണുതയാണ് ഇന്ത്യ. ഉള്‍ക്കൊള്ളലാണ് ഇന്ത്യ. ആ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് നമ്മളെല്ലാവരും സംസാരിച്ചത്.

നമ്മളെല്ലാവരും അന്ന് പറഞ്ഞു: ഈ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൗലിക പ്രശ്‌നം ഇന്ത്യ ആര് ഭരിക്കും എന്നതല്ല; നാളെയും ഇന്ത്യ നിലനില്‍ക്കുമോ എന്നതാണെന്ന്. അത് ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിലുമുള്ളവര്‍ക്ക് കഴിയാതെ പോയി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ സംസ്‌കാരത്തിനും ഇന്ത്യയുടെ മൗലികമായ ഭാവങ്ങള്‍ക്കും വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നവര്‍ നമ്മുടെ രാജ്യത്ത് അധികാരത്തില്‍ വന്നു. അങ്ങിനെ അധികാരത്തില്‍ വന്ന സംഘ പരിവാരം മതനിരപേക്ഷ രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ്.

ആര്‍ എസ് സിനെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയം മൂടിവെക്കപ്പെട്ട ഒന്നല്ല. അവരില്‍ നിന്ന് ഇങ്ങനെയൊരു നിയമമേ നമുക്ക് പ്രതീക്ഷിക്കാനാകൂ. രണ്ടാമത്തെ സംഘ്ചാലകായ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും എഴുതി തയ്യാറാക്കിയപ്പോള്‍ അര്‍ഥശങ്കക്കിടയില്ലാതെ ഇന്ത്യയെ വിശദീകരിച്ചിട്ടുണ്ട്. വിചാരധാരയിലെ 19, 20, 21 അധ്യായങ്ങളില്‍ അഭ്യന്തര ഭീഷണികള്‍ എന്ന തലക്കെട്ടില്‍ പറഞ്ഞ ഇന്ത്യയുടെ ശത്രുക്കളില്‍ മൂന്ന് ശത്രുക്കളെയാണ് ചൂണ്ടിക്കാട്ടുന്നത്. മുസ്ലിംകള്‍, ക്രൈസ്തവര്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണവര്‍. രാജ്യത്തിന് ഭീഷണിയായ ഇവരെ ഉന്മൂലനം ചെയ്യണമെന്ന ഹിംസാത്മകമായ ആശയത്തെയാണ് ആര്‍ എസ് എസ് അന്നു മുതലേ മുന്നോട്ട് വെച്ചിട്ടുള്ളത്. അവര്‍ക്കിന്ന് പാര്‍ലിമെന്റില്‍ ഭൂരിപക്ഷം ലഭിച്ചതിനാല്‍ തങ്ങളുടെ കാഴ്ചപ്പാടനുസരിച്ചുള്ള മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അതിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് പൗരത്വ ഭേദഗതി നിയമം.

പൗരത്വത്തിന്റെ മാനദണ്ഡം മതമായി മാറുന്നു എന്നതാണ് പുതിയ നിയമം. മതനിരപേക്ഷത മരിക്കുന്നുവെന്നതാണിതിനര്‍ഥം. അത് ഭരണഘടനെക്കൂടിയാണ് കൊല്ലുന്നത്. ഇന്ത്യയും ഭരണഘടനെയെയും ഈ നിയമം കൊല്ലുന്നു. ഭരണഘടനയുടെ പതിനാലും പതിനഞ്ചും അനുച്ഛേദങ്ങലെ ഗളച്ഛേദം ചെയ്തല്ലാതെ ഈ നിയമം ഇവിടെ കൊണ്ടുവരാനാവില്ല. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം ഉണ്ടെന്നതിനാല്‍ നിങ്ങള്‍ക്ക് തോന്നുന്ന നിയമം ഉണ്ടാക്കാന്‍ പറ്റില്ല. കേശവാനന്ദ ഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ സുപ്രധാന വിധിന്യായം ഭേദഗതിയാവാം പക്ഷെ ഭരണഘടനയുടെ മൗലികസ്വഭാവത്തെ അട്ടിമറിക്കുന്ന ഒരു ഭേദഗതിയും പാടില്ല എന്നതാണ്. നിങ്ങള്‍ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നത്. പൗരത്വ നിയമം മുസ്ലിംകളെ ബാധിക്കില്ലെന്ന ഒ രാജ ഗോപാല്‍ പറയുന്ന പച്ചക്കള്ളമാണ് രാജ്യമാകെ ഇവര്‍ പ്രചരിപ്പിക്കുന്നത്. പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് നിവര്‍ന്ന് നില്‍ക്കാനാവില്ല എന്നതാണ് വര്‍ത്തമാന കാല ഇന്ത്യ തിരിച്ചറിയുന്ന യാഥാര്‍ഥ്യം. പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും കൂട്ടി വായിക്കുമ്പോഴാണ് ചിത്രം വ്യക്തമാകുക.

പതിറ്റാണ്ടുകളായി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ കുടുംബം എങ്ങനെ പൗരന്മാരല്ലാതായി മാറി. കാര്‍ഗിലില്‍ അതിര്‍ത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡല്‍ വാങ്ങിയ മുഹമ്മദ് സനാഉല്ല ഖാനും ഇന്ത്യന്‍ സൈന്യത്തില്‍ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അശ്മല്‍ ഹഖും എങ്ങനെ ഇന്ത്യന്‍ പൗരന്മാരല്ലാതായി മാറി എന്നതിന് മറുപടി വേണം. ബോധപൂര്‍വം ഒരു വിഭാഗത്തെ തടങ്കല്‍ പാളയത്തിലേക്ക് ആനയിക്കാന്‍ കൊണ്ടുവന്നതാണ് പൗരത്വ നിയമം. നേമം എം എല്‍ എ തൊണ്ണൂറാമത്തെ വയസ്സിലെങ്കിലും മനുഷ്യത്തത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്കിവിടെ പറയാതെ പോകുന്നുവെങ്കില്‍ അങ്ങയുടെ രാഷ്ട്രീയപ്രവര്‍ത്തനം എത്ര മലീമസവും ഹിംസാത്മകവുമാണ് എന്ന് ഭയത്തോടെ തിരിച്ചറിയുകയാണ്.

പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കാന്‍ നിങ്ങൾക്കെന്ത് അവകാശമാണുള്ളത്? ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍ നിങ്ങള്‍ക്കെന്താണ് പങ്കുള്ളത്? ഞങ്ങളുടെ പൂര്‍വികര്‍ പടപൊരുതി സൃഷ്ടിച്ചതാണ് ഇന്ത്യ. അന്ന് നിങ്ങളുടെ പിതാക്കന്മാര്‍ ബ്രിട്ടന്റെ ഒറ്റുകാരായി ഈ മണ്ണില്‍ നില്‍ക്കുകയായിരുന്നു. അവര്‍ക്കിന്ന് നിര്‍ഭാഗ്യവശാല്‍ ഭരണാധികാരം കിട്ടിയെന്നത് കൊണ്ട് ഈ രാജ്യത്തുള്ളവര്‍ക്ക് മരണവാറണ്ടിറക്കാന്‍ ഒരവകാശവുമില്ല.

മതപരമായ സമരമല്ല ഇവിടെ നടന്നതെന്നാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്യ സമര ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. എല്ലാ മത വിഭാഗത്തിലും പെട്ടവര്‍ ഇന്ത്യയെന്ന ഒരേ ആശയത്തിനു വേണ്ടി മത നിരപേക്ഷമായി അണിനിരന്ന സമരമാണത്. എല്ലാ മതങ്ങളിലും പെട്ട എത്രയെത്ര രക്തസാക്ഷികളാണ് ഇവിടെയുള്ളത്. മുസ്ലിം ജനവിഭാഗത്തെയൊന്നാകെ തുടച്ച് നീക്കാനും ആട്ടിപ്പായിക്കാനും ലക്ഷ്യംവെച്ചുള്ള ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്യ പ്രക്ഷോഭങ്ങളുടെ ചരിത്രം പരിശോധിക്കണം. എത്രയെത്ര അനുഭവങ്ങളാണവിടെ. 1882 ല്‍ ബ്രിട്ടന്‍ നാടുകടത്തിയ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മമ്പുറമെന്ന നാടിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? വാഴക്കാടടുത്ത് കൊന്നാര് എന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര് മഖാം ഇന്നും ചരിത്ര സ്മാരകമായി നിലനില്‍ക്കുന്നുണ്ട്. ആ മുസ്ലിം ദേവലയം അന്ന്  ബ്രിട്ടന്‍ വെടിവെച്ച് തകര്‍ത്തതാണ്. അന്നത്തെ സ്വാതന്ത്യ സമരത്തിന്റെ കേന്ദ്രം അതായിരുന്നു. ഇന്നും അതുവഴി കടന്നു പോകുമ്പോള്‍ കൊന്നാര് മഖാമിന്റെ വാതിലുകളില്‍ തറഞ്ഞിട്ടുള്ള വെടിയുണ്ടകള്‍ നിങ്ങള്‍ കാണണം. അവിടെ നിന്നും ബ്രിട്ടന്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.

നിങ്ങള്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നൊരു പേരറിയുമോ? ബ്രിട്ടന്റെ സൈനികാധിപത്ത്യത്തിനെതിരെ വെല്ലുവിളിച്ച് കൊണ്ട് സ്വന്തമായൊരു രാഷ്ട്രം സ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹം ഇട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലം പ്രയോഗിച്ച് ബ്രിട്ടനദ്ദേഹത്തെ കീഴ്‌പ്പെടുത്തി. മൃഗീയമായ മര്‍ദനത്തിലൂടെ പരിണിത പ്രജ്ഞനാക്കി. മീശയിലെ ഒരോ രോമങ്ങളും പിഴുതെടുത്ത് ബയണറ്റുകൊണ്ട് കുത്തി. അവസാനം ഒരോഫര്‍ മുന്നോട്ടു വെച്ചു. നിങ്ങള്‍ സ്വാതന്ത്യ സമരം അവസാനിപ്പിച്ച് മാപ്പപേക്ഷ എഴുതി തന്നാല്‍ നിങ്ങള്‍ക്ക് മക്കയില്‍ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി തരാമെന്നായിരുന്നു ബ്രിട്ടീഷ് സൈനിക മേധാവികള്‍ അദ്ദേഹത്തോട് പറഞ്ഞത്. മൃതപ്രയാനെങ്കിലും പുഞ്ചിരി മായാത്ത മുഖവുമായി ആ ഓഫറിന് മുമ്പില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു: “മക്കയെനിക്ക് ഇഷ്ടമാണ്. പക്ഷെ, നിങ്ങള്‍ അറിയണം. ഞാന്‍ പിറന്നു വീണത് മക്കയിലല്ല. സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങളുറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്. ഈ മണ്ണില്‍ ഞാന്‍ മരിച്ചു വീഴും. ഈ മണ്ണില്‍ ഞാന്‍ ലയിച്ചു ചേരും.” ഈ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. ഇതു കേട്ടയുടനെഅദ്ദേഹം പറഞ്ഞത് പിറന്ന നാടിന് വേണ്ടി രക്തസാക്ഷിയാകാന്‍ എനിക്ക് ഒരവസരം കൈവന്നിരിക്കുന്നു. ഇതിന് നന്ദി പ്രകാശിപ്പിക്കാന്‍ രണ്ട് റക്അത്ത് നിസ്‌കരിച്ച് ദൈവത്തോട് എനിക്കവസരം തരണം. അദ്ദേഹത്തിന്റെ അന്തിമാഭിലാശ പ്രകാരം മുന്നില്‍ നിന്ന് വെടിവെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. കണ്ണ് കെട്ടി പുറകില്‍ നിന്ന് നിന്ന് വെടിവെച്ചാണ് ആളുകളെ അന്ന് കൊന്നു കൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ എന്റെ കണ്ണുകള്‍ മൂടിക്കെട്ടരുത്. നിങ്ങള്‍ എന്നെ മുന്നില്‍ നിന്ന് വെടിവെക്കണം. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.

ആലിമുസ്ലിയാരുടെ നാടാണ് ഈ നാട്. ഇന്ത്യയില്‍ ആകെ ഒരിടത്തുമാത്രമേ ബ്രിട്ടീഷ് പട്ടാളത്തോട് സിവിലിയന്‍മാര്‍ നേര്‍ക്ക്‌നേര്‍ ഏറ്റുമുട്ടിയിട്ടുള്ളൂ. അത് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിന്റെ മണ്ണിലാണ്. ഇന്നും അവിടെ യുദ്ധസ്മാരകം ഉണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോല്‍പ്പിച്ചവരാണ് ഈ ഏറനാട്ടിലെ മാപ്പിളമാര്‍. ആ പ്രൗഢഗംഭീരമായ ഭൂതകാലം നിലനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഒരു ജനതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.

1935ല്‍ ഹിറ്റ്ലര്‍ ജൂതന്‍മാര്‍ക്കെതിരെ തടങ്കല്‍പാളയം ഉണ്ടാക്കി ദശലക്ഷക്കണക്കിന് ജൂതന്‍മാരെ കൊന്ന് പത്താംകൊല്ലം ഹിറ്റ്ലര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. അതാണ് ചരിത്രം.

ലക്ഷക്കണക്കിന് മനുഷ്യന്‍മാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധമായ ഓഷ്വിക്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പിന്നീട് മ്യൂസിയമായി മാറി. അതിന്റെ കവാടത്തില്‍ “ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കു”മെന്ന് എഴുതി വെച്ചിട്ടുണ്ട്. ഈ കാലഘട്ടം നരേന്ദ്രമോദിയോടും സര്‍ക്കാരിനോടും പറയുന്നത് അതാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും. അക്കാര്യത്തില്‍ സംശയം വേണ്ട.

അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല. മനുഷ്യത്വം നോക്കിയാവണം. വിവേകശാലികളായ ഭരണാധികാരികളെല്ലാം അതാണ് സ്വീകരിച്ചു വരുന്നത്. ഈ നിയമം ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണംകെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും. സൗദിയിലെ രാജാവ് ലോകരാഷ്ട്രങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി തേടി പോകുന്നത് മധ്യേഷ്യന്‍ രാജ്യങ്ങലിലും മറ്റു വിദേശ രാജ്യങ്ങളിലുമാണ്. നമ്മെ എല്ലാ തരത്തിലും ദോശമായി ബാധിക്കുന്ന ഒരന്തരീക്ഷമാണ് സാര്‍വദേശിയമായി ഉണ്ടാകുന്നത് എന്ന് നാം കാണണം.

മുപ്പതോളം മനുഷ്യര്‍ ഇതിനോടകം ജീവന്‍ നല്‍കി രക്തസാക്ഷിത്വം വരിച്ച ഈ ഐതിഹാസിക സമരം നമ്മുടെ രാജ്യത്തെ രക്ഷിക്കാനുളളതാണ്. മുസ്ലീങ്ങളെ തുടച്ചുനീക്കുന്നതിലേക്കാണ് ഈ നിയമം ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളതെങ്കിലും ഇതൊരു മുസ്ലീം പ്രശ്നമല്ല. ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും വിയോജിപ്പുള്ളവര്‍ക്കുമെല്ലാം എതിരായി വരുന്ന ഭരണകൂട നീക്കത്തിന്റെ തുടക്കം.

ഇത് മുസ്ലീം പ്രശ്നമല്ല, മുസ്ലീം പ്രശ്നം മാത്രമല്ല, ഇത് ഇന്ത്യയുടെ പ്രശ്നമാണ്. മതനിരപേക്ഷതയുടെ പ്രശ്നമാണ്. ആ അര്‍ഥത്തില്‍ ഇതിനെ കാണാന്‍ നമ്മള്‍ തയ്യാറാകണം.

പ്രത്യേകമായി ഊന്നി പറയുന്നു. ഇത് മത നിരപേക്ഷമായി സംഘടിപ്പിക്കേണ്ട സമരമാണ്. ഇതിനെ സംഘ പരിവാരത്തിന്റെ പോലത്തന്നെ മറ്റൊരു നിറമുള്ള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുന്ന വിഭാഗങ്ങളുടെ കൈകളിലല്ല ഈ സമരം പോകേണ്ടത്. മത രാഷ്ട്ര വാദത്തെയാണ് എതിര്‍ക്കുന്നത്. ആര്‍ എസ് എസ് മതരാഷ്ട്രം ഉയര്‍ത്തിയാലും ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രമുയര്‍ത്തിയാലും രണ്ടിനെയും എതിര്‍ത്ത് മനുഷ്യന്റെ റിപ്പബ്ലിക്ക് ആണ് ഉണ്ടാകേണ്ടത് എന്ന് പറയാനുള്ള കരുത്ത് നമുക്കുണ്ടാവണം. ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍ എന്നോര്‍ത്തോളണം. മുസ്ലിമായ ഗോള്‍വാള്‍ക്കറാണ് മൗദൂദി എന്നോര്‍ക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ്. എല്ലാ മതനിരപേക്ഷ മനുഷ്യരും ഒരുമിച്ച് കൈകോര്‍ത്ത് പിടിച്ച് മനുഷ്യത്വത്തിന്റെ ആശയം ഉയര്‍ത്തി ഈ പ്രതിലോമകരമായ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ട്.
നാം സമരം ചെയ്യുന്നത് ഈ രാജ്യത്തെ കൊല്ലുന്ന ശക്തികള്‍ക്കെതിരെയാണ്. രാജ്യവിരുദ്ധരായ കേന്ദ്രസര്‍ക്കാരിനെതിരെയാണ്. ആ സമരത്തിന്റെ പതാക ദേശീയ പതാകയാണ്. നമുക്ക് ഒരുമിച്ച് നില്‍ക്കാനാവണം. ഇന്ത്യയെ രക്ഷിക്കാനാകണം.

Latest