Connect with us

Editorial

ജഡ്ജി- അഭിഭാഷക ഭിന്നത പരിഹരിക്കണം

Published

|

Last Updated

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ വനിതാ ജഡ്ജിയെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തുകയും ചേംബറില്‍ തടഞ്ഞു വെക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ, വാഹനാപകട കേസിലെ നഷ്ടപരിഹാരം ഓണ്‍ലൈനായി കക്ഷികള്‍ക്ക് നേരിട്ടു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ രംഗത്തു വന്നതോടെ ജഡ്ജിമാരും അഭിഭാഷകരും തമ്മിലുള്ള ഉടക്ക് സംസ്ഥാന തലത്തിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച കോഴിക്കോട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്ന ഹൈക്കോടതി ജഡ്ജി അഭിഭാഷകരുടെ ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്ന് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയുണ്ടായി. കോഴിക്കോട്ടെ അഭിഭാഷകര്‍ക്ക് നല്‍കുന്ന പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖായിരുന്നു. എന്നാല്‍ വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് ജഡ്ജിയെ ബഹിഷ്‌കരിക്കണമെന്ന് തലേന്ന് കോഴിക്കോട് ചേർന്ന ബാര്‍ അസോസിയേഷന്‍ യോഗം പ്രമേയം പാസ്സാക്കുകയും അഭിഭാഷകര്‍ കോടതി വളപ്പില്‍ പ്രകടനം നടത്തുകയും ചെയ്തു. ഇതറിഞ്ഞാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പരിപാടിക്ക് എത്താതിരുന്നത്.

വ്യാഴാഴ്ചയാണ് വാഹനാപകട കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ദീപാ മോഹനെ ഒരു സംഘം അഭിഭാഷകര്‍ ചേംബറിലെത്തി ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു തുനിയുകയും ചെയ്തത്. ചേംബറിലെത്തിയ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ള അഭിഭാഷകര്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവ് തിരുത്താന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ദീപാ മോഹന്‍ അതിന് വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകര്‍ ഭീഷണി മുഴക്കി. “48 വര്‍ഷം പ്രാക്ടീസുള്ള അഭിഭാഷകരോടാണോ കളിക്കുന്നത്. ആദ്യം പോയി നിയമം പഠിക്കൂ. എന്നിട്ട് ഇതിനകത്ത് ഇരുന്നാല്‍ മതി” എന്നായിരുന്നു അഭിഭാഷകരുടെ ആക്രോശം. “പെണ്ണായത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ വെറുതെ വിടുന്നതെന്നും, അല്ലെങ്കില്‍ ചേംബറില്‍ നിന്ന് പിടിച്ചിറക്കി കൈയും കാലും തല്ലിയൊടിക്കുമായിരുന്നു”വെന്നും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതായി മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക ഗുണ്ടായിസത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കുകയും സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകരുടെ ചെയ്തികള്‍ ജുഡീഷ്യറിയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അനുവദിച്ചുകൊടുക്കാന്‍ പാടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഹൈക്കോടതി നടപടിയുടെ പ്രതിഫലനമാണ് ബാര്‍ അസോസിയേഷന്റെ പ്രമേയമെന്നാണ് കരുതപ്പെടുന്നത്. ഇടനിലക്കാരടക്കം നഷ്ടപരിഹാരത്തുക കക്ഷികളില്‍ നിന്ന് തട്ടിയെടുക്കുന്നത് തടയാനാണ് വാഹനാപകടക്കേസിലെ നഷ്ടപരിഹാര തുക ബേങ്ക് അക്കൗണ്ട് വഴി കക്ഷികള്‍ക്ക് നേരിട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിറക്കിയത്. അഭിഭാഷകരുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഈ ഉത്തരവെന്നാണ് പ്രതിഷേധ പ്രമേയത്തില്‍ ബാര്‍ അസോസിയേഷന്‍ പറയുന്നത്. ഇനി മുതല്‍ കോടതി അദാലത്തുകളില്‍ അഭിഭാഷകര്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട് അസോസിയേഷന്‍. ഹൈക്കോടതിക്കെതിരായ ബാര്‍ അസോസിയേഷന്റെ നീക്കം അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന നിയമവിദഗ്ധരുടെ പക്ഷം.

ജുഡീഷ്യറിയുടെ അവശ്യ വിഭാഗമാണ് അഭിഭാഷകര്‍. നിയമത്തിന്റെ കാവലാളാകേണ്ട ഇവര്‍ സ്വയം നിയമം കൈയിലെടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. അടുത്തിടെയാണ് ചെന്നൈയിലും ഡല്‍ഹിയിലും അഭിഭാഷകര്‍ പോലീസിനെ കൈയേറ്റം ചെയ്തതും ഡല്‍ഹി സാകേത് കോടതിയുടെ ഗേറ്റ് അകത്തു നിന്ന് പൂട്ടി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതും. ബാബരി കേസിലെ ഭരണഘടനാ ബഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് പതാകയുമേന്തി അഭിഭാഷകര്‍ സുപ്രീം കോടതി വളപ്പിനകത്തു നിന്ന് ജയ് ശ്രീറാം വിളിച്ചതും അവരുടെ ധാര്‍ഷ്ട്യത്തിന്റെ നിദര്‍ശനമായിരുന്നു. പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളോ പരാമര്‍ശങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു അഭിഭാഷകരുടെ ജയ് ശ്രീറാം വിളി. മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും അഭിഭാഷകവൃന്ദം ഗുണ്ടായിസം പ്രയോഗിച്ചിരുന്നു.

അഭിഭാഷക സംഘടനാ ശക്തി അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനാകണം. നിയമത്തെ വെല്ലുവിളിക്കാനാകരുത്. വാഹനാപകട കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ച വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ അപാകതയുണ്ടെങ്കില്‍ അത് തിരുത്തിക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ ധാരാളമുണ്ട്. ആ വഴി തേടുകയാണ് കക്ഷിയും അഭിഭാഷകരും ചെയ്യേണ്ടത്. അല്ലാതെ മജിസ്‌ട്രേറ്റിനെ തടഞ്ഞു വെക്കലും ചേംബറുകളുടെയും കോടതികളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തലുമല്ല. 2016ല്‍ ഹൈക്കോടതി അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയോട് പ്രതികരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. “”കോടതികള്‍ അഭിഭാഷകരുടേതല്ല. അവ രാജ്യത്തിന്റെ സ്വത്താണ്. കോടതിയില്‍ ആര് കയറണം, ആര് കയറരുത് എന്നു തീരുമാനിക്കേണ്ടത് അഭിഭാഷകരല്ല. കോടതിയുടെ അധികാരം ജൂഡീഷ്യറിക്കാണ്. ഈ അധികാരം അഭിഭാഷകര്‍ എടുത്തണിയരുത്.””

വഞ്ചിയൂര്‍ സംഭവത്തെ തുടര്‍ന്നുള്ള ജഡ്ജി- അഭിഭാഷക സംഘര്‍ഷം ഉടനടി പരിഹരിച്ചില്ലെങ്കില്‍ അത് മറ്റിടങ്ങളിലേക്കും വ്യാപിക്കാനിടയാകുകയും ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ മൊത്തം ബാധിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെയും ഹൈക്കോടതിയുടെയും അടിയന്തര ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. വഞ്ചിയൂര്‍ കോടതിയിലെ കുഴപ്പങ്ങള്‍ക്കുത്തരവാദികളായ അഭിഭാഷകര്‍ക്കെതിരെ കര്‍ശനമായ നടപടിയും ആവശ്യമാണ്.

Latest