National
അജിത് പവാറിന് വലിയ പദവി നല്‍കും- സഞ്ജയ് റാവത്ത്
ന്യൂഡല്‍ഹി | ബി ജെ പിക്കൊപ്പം പോയി തിരിച്ചെത്തിയ എന്‍ സി പി നേതാവ് അജിത് പവാറിന് സഖ്യ സര്‍ക്കാര്‍ വലിയ പദവി നല്‍കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വലിയ കാര്യങ്ങള്‍ ചെയ്തിട്ടാണ് അദ്ദേഹം തിരിച്ചെത്തിയത്. ഇതിനാല്‍ സഖ്യത്തില്‍ വലിയ പദവി തന്നെ അജിതിനുണ്ടാകും. മഹാരാഷ്ട്രയില്‍ ഞങ്ങള്‍ സര്‍ക്കാറുണ്ടാക്കില്ലെന്ന് ചിലര്‍ പരിഹസിച്ചു. ഇപ്പോള്‍ മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ എത്തിയിരിക്കുന്നു. ഇനി ഞങ്ങള്‍ ഡല്‍ഹിയില്‍ സര്ക്കാറുണ്ടാക്കിയാലും അത്ഭുതപ്പെടേണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ എല്ലാ തന്ത്രവും പ്രയോഗിച്ചവര്ക്ക് മറുപടി കൊടുത്തു കഴിഞ്ഞു. ഇത്തരം കളിള്‍ മഹാരാഷ്ട്രയില്‍ നടക്കില്ല. ഞങ്ങളുടെ ദൗത്യം ഇപ്പോള്‍ പൂര്‍ത്തിയായെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു പുതിയ സര്‍ക്കാര്‍ ഉണ്ടായിരിക്കുന്നു. ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. നാളെ നടക്കുന്ന സത്യപ്രതിജ്ഞയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ക്ഷണിക്കും. ദേവേന്ദ്ര ഫഡ്നാവിസിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.