Connect with us

Kerala

പന്തീരങ്കാവ് യു എ പി എ കേസ്: ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവെന്ന് കോടതി

Published

|

Last Updated

കോഴിക്കോട് | പന്തീരങ്കാവ് പോലീസെടുത്ത യു എ പി എ കേസില്‍ അലന്‍ ശുഹൈബും താഹ ഫസലും സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി സെഷന്‍സ് കോടതി പരിഗണിച്ചു. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദംകേട്ട കോടതി കേസില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കാമെന്നും അറിയിച്ചു. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കാര്യമായ എതിര്‍പ്പില്ലാത്ത സമീപനമാണ് ഇന്ന് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. മാനുഷിക പരിഗണനവെച്ചും നിയമപരമായും ജാമ്യാപേക്ഷക്ക് അവകാശമുണ്ടെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ ഇതിനെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് നിന്നില്ല എന്നത് ശ്രദ്ധേയമായി.

എന്നാല്‍ അലന്റേയും താഹുടേയും വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും പ്രോസിക്യൂഷന്‍ കോടതയില്‍ ഹാജരാക്കി. കേസില്‍ യു എ പി എ ചുമത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശം സര്‍ക്കാറിനല്‍ നിന്ന് ലഭിച്ചോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. എന്നാല്‍ അത്തരത്തില്‍ ഒരു നിര്‍ദേശവും സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇവര്‍ മറുപടി നല്‍കി. എങ്കിലും യു എ പി എ ചുമത്താന്‍ തക്കതായ കുറ്റം പ്രതികള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

നിരോധിത സംഘടനകളുടെ ഭാഗമാണെന്നതിന് ഒരു തെളിവുമില്ലെന്നും ഇതിനാല്‍ യു എ പി എ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് ഒരു ക്രിമനല്‍ പശ്ചാത്തലവുമില്ലെന്നും വിദ്യാര്‍ഥികളാണെന്നുമുള്ള ഇന്നലത്തെ വാദവും ആവര്‍ത്തിച്ചു. പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കിയ പുസ്തകങ്ങള്‍ വിദ്യാര്‍ഥികളായ പ്രതികള്‍ വായിക്കാനായി എടുത്തതാണെന്നും ഇവര്‍ പറഞ്ഞു. ഇതെല്ലാം കേട്ടമാണ് നാളെ ജാമ്യാപേക്ഷയില്‍ വിധി പറയാമെന്ന് കോടതി അറിയിച്ചത്.