Connect with us

National

കേന്ദ്രം റേഷന്‍ നിര്‍ത്തി; പട്ടിണിയെ തുടര്‍ന്ന് ത്രിപുരയില്‍ കുഞ്ഞും വൃദ്ധയും മരിച്ചു

Published

|

Last Updated

ത്രിപുര: ത്രിപുരയില്‍ ബ്രൂ വംശജരുടെ ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണിയെ തുടര്‍ന്ന് ഒരു ശിശു ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. രണ്ട് മാസം പ്രായമുള്ള കുട്ടിയും 60 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ക്യാമ്പിലേക്കുള്ള അവശ്യസാധന വിതരണം സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെതിരെ ബ്രൂ വംശജര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. അതേസമയം പട്ടിണി മൂലമാണ് രണ്ട് പേര്‍ മരണമടഞ്ഞതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. അജ്ഞാതമായ രോഗം മൂലമാണ് ശിശു മരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

1997 മുതല്‍ ത്രിപുരയിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി മുപ്പത്തിരണ്ടായിരം ബ്രൂ വംശജര്‍ കഴിയുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ഇവര്‍ക്ക് നല്‍കിവന്നിരുന്ന റേഷനും തൊഴിലില്ലായ്മ വേതനവും സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പട്ടിണിയാണ് കുഞ്ഞിന്റെയും സ്ത്രീയുടെയും മരണത്തില്‍ കലാശിച്ചതെന്നാണ് ബ്രൂ വംശജര്‍ പറയുന്നത്. കുഞ്ഞിന്റെ കുടുംബത്തില്‍ 8 അംഗങ്ങളുണ്ടെങ്കിലും ഒരു മാസം മുമ്പ് റേഷന്‍ വിതരണം ചെയ്തപ്പോള്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ റേഷന്‍ നിര്‍ത്തിവെക്കുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. ഭക്ഷണം ലഭിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മക്ക് മുലപ്പാല്‍ വറ്റിയതും മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലില്ലായ്മ വേതനം കൂടി മുടങ്ങിയതതോടെ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ വലയുകയാണ് ഇവര്‍.

ഒക്ടോബര്‍ 31 നാണ് ബ്രൂ ക്യാമ്പുകളില്‍ നിന്നുള്ള ഒരു കുട്ടി മരിച്ചതെന്ന് കാഞ്ചന്‍പൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അഭേദാനന്ദ ബൈദ്യ സമ്മതിച്ചു. എന്നാല്‍ മരിക്കുന്നതിന് മുമ്പ് കുട്ടിയെ ദാസ്ദ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സി) ചികിത്സിച്ചിരുന്നുവെന്നും അജ്ഞാത രോഗമാണ് മരണ കാരണമെന്നുമാണ് മെഡിക്കല്‍ അധികൃതരുടെ വിശദീകരണം.

1997 ല്‍ ത്രിപുരയില്‍ ബ്രൂ വംശജര്‍ക്കായി ദുരിതാശ്വാസ ക്യാമ്പ് തുറന്ന് ആറുമാസത്തിനുശേഷം ഇവര്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, ക്യാമ്പുകളില്‍ താമസിക്കുന്ന ഓരോ മുതിര്‍ന്ന വ്യക്തിക്കും 600 ഗ്രാം വീതവും കുട്ടികള്‍ക്ക് 300 ഗ്രാം വീതവും അരി പ്രതിദിനം നല്‍കും. ഇതിന് പുറമെ മുതിര്‍ന്നവര്‍ക്ക് പ്രതിദിനം അഞ്ച് രൂപ വീതവും കുട്ടികള്‍ക്ക് രണ്ടര രൂപ വീതവും തൊഴിലില്ലായ്മ വേതനമായും അനുദിച്ചിരുന്നു. വര്‍ഷത്തില്‍ ഒരു സോപ്പ്, ഒരു ജോടി ചെരുപ്പുകള്‍, ഓരോ മൂന്നു വര്‍ഷത്തിലും ഒരു കൊതുക് വല എന്നിവയും നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.

വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ആദിവാസി ഗോത്രവിഭാഗക്കാരാണു ബ്രൂ വംശം. മിസോറമില്‍ മാമിത്, കോലാസിബ് ജില്ലകളിലായാണ് ഇവര്‍ താമസിക്കുന്നത്. ബ്രൂ വര്‍ഗക്കാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി 1995ല്‍ യങ് മിസോ അസോസിയേഷന്‍, മിസോ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധം ഇരുകൂട്ടരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലാണു കലാശിച്ചത്. ബ്രൂ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎന്‍എല്‍എഫ്) എന്ന തീവ്രവാദ സംഘടനയും ബ്രൂ നാഷനല്‍ യൂണിയന്‍ (ബിഎന്‍യു) എന്ന രാഷ്ട്രീയ സംഘടനയും ന്യൂനപക്ഷ സമൂഹത്തില്‍നിന്നു പിറവിയെടുത്തു. പിന്നാലെ മിസോ ബ്രൂ സമൂഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും സംഘര്‍ഷവും പതിവായിരുന്നു.

1997 ഒക്ടോബര്‍ 21ന് ബിഎന്‍എല്‍എഫ് തീവ്രവാദികള്‍ തദ്ദേശീയനായ വനംവകുപ്പ് ജീവനക്കാരനെ വധിച്ചത് വലിയ കലാപത്തിന് കാരണമായി. 16 ഗ്രാമങ്ങളിലെ 325 ബ്രൂ വീടുകള്‍ മിസോ കലാപകാരികള്‍ കത്തിച്ചതായാണു പൊലീസ് കണക്കുകള്‍. 41 ഗ്രാമങ്ങളിലെ 1391 വീടുകള്‍ തീവച്ചു നശിപ്പിച്ചെന്നും സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും ഏതാനുംപേരെ കൊലപ്പെടുത്തിയെന്നും അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. കലാപത്തിനു പിന്നാലെ ബ്രൂ വംശജര്‍ക്കു മിസോറമില്‍നിന്നു കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്നു.

സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലുള്ള കാഞ്ചന്‍പുരിലും പനിസാഗറിലുമായി 6 അഭയാര്‍ഥി ക്യാംപുകളൊരുക്കി ത്രിപുര ഇവര്‍ക്ക് അഭയമേകി. 21 വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ ഈ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുകയാണ്. ഇപ്പോള്‍ ആകെ 5407 കുടുംബങ്ങളിലായി 32,876 പേര്‍ ഉണ്ടെന്നാണ് കണക്കുകള്‍.

---- facebook comment plugin here -----

Latest