Connect with us

Kerala

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍; ഇന്‍ക്വസ്റ്റ് നടപടിക്കിടെ രണ്ട് മണിക്കൂര്‍ ഏറ്റുമുട്ടി- എസ് പി

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് ആവര്‍ത്തിച്ച് പോലീസ്. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായും മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്നും പാലക്കാട് എസ് പി ശിവവിക്രം പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എ കെ 47 തോക്ക്, ഒരു 303 തോക്ക്, മറ്റ് നാടന്‍ തോക്കുള്‍പ്പെടെ ഏഴ് ആയുധങ്ങള്‍ അവിടെ നിന്നും കണ്ടെടുത്തു. നൂറ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും സ്ഥലത്തുണ്ടായിരുന്നതായി എസ് പി പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകള്‍ വടിവെച്ചതിനാലാണ് തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിവെച്ചത്.  അവര്‍ കീഴടങ്ങാന്‍ തയ്യാറായതായി അറിയില്ല. കീഴടങ്ങാന്‍ തയ്യാറായവര്‍ എന്തിനാണ് ആയുധങ്ങള്‍ കൊണ്ട്‌നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷനാണ്. തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച് സങ്കേതം കാണുകയായിരുന്നു. അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് സംഘം നീങ്ങിയപ്പോള്‍  വെടിയുതിര്‍ത്തു. അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. ഇതില്‍ മൂന്ന്  പേര്‍
കൊല്ലപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. തഹസില്‍ദാര്‍, സബ്കളക്ടര്‍, ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ആയുധ വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, പഞ്ചായത്ത് അംഗങ്ങള്‍, ഡി എഫ് ഒ
എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ആ സമയത്ത് പ്രദേശം മുഴുവന്‍ തണ്ടര്‍ബോള്‍ട്ട് സംഘം വളഞ്ഞിരുന്നു.

പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കവെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. വെടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും നിലത്ത് കിടന്നു. ഉടന്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ച് വെടിയുതിര്‍ത്തു. ആ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. ഇയാളുടെ കൈവശം എ കെ 47 തോക്കുണ്ടായിരുന്നു. ഇയാളുടെ കൂടെ രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു.ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എസ് പി പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇന്ന് രാവിലെ നിയമസഭയുടെ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച പ്രതിപക്ഷം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളെ കൊല്ലുകയും, ചെ ഗവേരയ്ക്ക് ജയ് വിളിക്കുകയുമാണ് സി പി എമ്മെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ വാദം നിഷേധിച്ച മുഖ്യമന്ത്രി, എതിരാളികളെ ആയുധം ഉപയോഗിച്ച് ഇല്ലാതാക്കുന്ന രീതി പ്രതിപക്ഷത്തിന്റേതാണെന്നു തിരിച്ചടിച്ചു. നക്‌സല്‍ വര്‍ഗീസ് വധം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് സ്വയരക്ഷാര്‍ഥം തിരിച്ചു വെടിവച്ചതാണന്നും വീഴ്ചകളുണ്ടെങ്കില്‍ തുറന്ന മനസോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest