Connect with us

Alappuzha

ഷാനിമോൾ: പ്രതിപക്ഷത്തെ ഏക വനിതാരത്‌നം

Published

|

Last Updated

ആലപ്പുഴ: ഇടത് കോട്ടയായ അരൂർ മണ്ഡലത്തിൽ ആദ്യമായി കൈപ്പത്തിയിൽ വിജയം കൊയ്ത ഷാനിമോൾ ഇനി പ്രതിപക്ഷത്തെ ഏക വനിതാ രത്‌നം. വിപ്ലവത്തറവാട്ടിലെ വീര നായിക കെ ആർ ഗൗരിയമ്മ നാലരപതിറ്റാണ്ട് കുത്തയാക്കിയിരുന്ന അരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ വനിതയും. കോൺഗ്രസിന്റെ ദേശീയ നേതൃ നിരയിലുള്ളയാളുമാണ് ഷാനിമോൾ.

ബി ഡി ജെ എസ് മത്സരിക്കാൻ തയ്യാറാകാതിരുന്നതോടെ സീറ്റ് ഏറ്റെടുത്ത ബി ജെ പിക്കും വൻ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പിലുണ്ടായത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ പോലും ബി ജെ പി സ്ഥാനാർഥി പ്രകാശ് ബാബുവിന് ഇവിടെ ലഭിച്ചില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിലെ അനിയപ്പന് 27,753 വോട്ടുകൾ ലഭിച്ചപ്പോൾ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയിലെ ഡോ. കെ എസ് രാധാകൃഷ്ണന് 25,250 വോട്ടായി ചുരുങ്ങി. ഉപതിരഞ്ഞെടുപ്പിൽ 16,289 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ബി ജെ പിക്ക്.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ സി പി എമ്മിന് അഭിമാന പോരാട്ടം അരൂരിലായിരുന്നു. അരൂരിൽ അടിപതറിയതോടെ യു ഡി എഫിന്റെ രണ്ട് മണ്ഡലങ്ങൾ പിടിച്ചെടുത്തെങ്കിലും സി പി എമ്മിനും എൽ ഡി എഫിനും ഇത് അധികം മധുരം നൽകുന്നില്ല.

ജയത്തിന് മാറ്റേറെ

ആലപ്പുഴ: സമുദായ സംഘടനകൾക്കെതിരെ ശക്തമായ പ്രതിരോധം തീർത്തുകൊണ്ടുള്ള യു ഡി എഫിലെ ഷാനിമോൾ ഉസ്്മാന്റെ അരൂരിലെ വിജയത്തിന് മാറ്റേറെ. ഷാനിമോളുടെ വിജയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പ്രാധാന്യം കൽപ്പിക്കുന്ന സമുദായ സംഘടനകളെ വെട്ടിലാക്കിയിരിക്കുകയാണ്. വിവിധ സമുദായങ്ങൾക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിൽ നിന്നെല്ലാം തുല്യമായി തന്നെ ഷാനിമോൾക്ക് ഭൂരിപക്ഷം ലഭിച്ചു.

ഷാനിമോൾ ഉൾക്കൊള്ളുന്ന സമുദായത്തിൽ പെട്ട വോട്ടർമാർ കൂടുതലുള്ള മേഖലകളിൽ നിന്ന് ലഭിച്ചതിനേക്കാളധികം ഭൂരിപക്ഷം ഇതര സമുദായങ്ങളിലെ വോട്ടർമാർ ഭൂരിപക്ഷമുള്ള മേഖലകളിൽ നിന്ന് ഷാനിമോൾക്ക് ലഭിച്ചു. അരൂരിൽ ഹിന്ദു സ്ഥാനാർഥിയെ മാത്രമേ പരിഗണിക്കാകൂ എന്നായിരുന്നു എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യം. തങ്ങളുടെ സമുദായത്തിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കണമെന്ന് ധീവര സഭയും ആവശ്യമുന്നയിച്ചു.

സമുദായ സംഘടനകളുടെ ആവശ്യങ്ങൾ തള്ളി യു ഡി എഫ് ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഷാനിമോളെയും എൽ ഡി എഫ് മനു സി പുളിക്കലിനെയും സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഷാനിമോൾ ഉസ്മാന്റെ (52) രാഷ്ട്രീയ പ്രവേശം. നിലവിൽ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗവും എ ഐ സി സി അംഗവുമാണ്.

ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് ബി എസ് സി സുവോളജി, തിരുവന്തപുരം ലോ കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ എൽ ബി ബിരുദവും നേടി. എ ഐസി സി സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് , ആലപ്പുഴ നഗരസഭാധ്യക്ഷ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കെ എസ് യു സംസ്ഥാന സമിതി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ പാർട്ടിയിൽ അലങ്കരിച്ചിട്ടുണ്ട്.
2016ൽ യു എസിൽ നടന്ന ഇന്റർനാഷനൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2006ൽ പെരുമ്പാവൂരിലും 2016ൽ ഒറ്റപ്പാലത്തും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്്സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും ജയിക്കാനായില്ല.
അഡ്വ. എ മുഹമ്മദ് ഉസ്മാനാണ് ഭർത്താവ്. മക്കൾ: ആസിയ തസ്മി ഉസ്മാൻ, ആലിഫ് സത്താർ ഉസ്മാൻ.

Latest