Connect with us

Kannur

ശുഹൈബ് വധം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി

Published

|

Last Updated

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി. ശുഹൈബിന്റെ മാതാപിതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവരുമായുള്ള അടുത്ത ബന്ധം കേരളാ പോലീസ് അന്വേഷിച്ചിട്ടില്ലെന്ന് ഹരജിയിൽ വ്യക്തമാക്കി. നേരത്തേ ശുഹൈബിന്റെ പിതാവ് നൽകിയ ഹരജിയിൽ കേസ് അന്വേഷണം ഹൈക്കോടതി സിംഗിൾ ബഞ്ച് സി ബി ഐക്ക് വിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സി ബി ഐ അന്വേഷണം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ മുതിർന്ന സി പി എം നേതാക്കളാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത്. എന്നാൽ, ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. കണ്ണൂരിലെ സി പി എം നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്നാണ് സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. കൊലപാതക സമയത്ത് മൂന്ന് ബോംബുകൾ പൊട്ടി എന്ന് ദൃക്‌സാക്ഷികളുടെ മൊഴി ഉണ്ടായിട്ടും യു എ പി എ ചുമത്തിയില്ല. യു എ പി എ ചുമത്തിയിരുന്നു എങ്കിൽ ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമായിരുന്നുവെന്നും ഹരജിയിൽ വിശദീകരിച്ചിട്ടുണ്ട്.