Connect with us

National

തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തു; പത്ത് പാക് സൈനികരെയും വധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പാക് അധീന കാശ്മീരില്‍ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ സൈന്യത്തിന്റെ പ്രത്യാക്രമണം. ഇതില്‍ മൂന്ന് ക്യാമ്പുകള്‍ നശിപ്പിക്കുകയും ആറ് മുതല്‍ 10 വരെ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. പീരങ്കി ആക്രമണത്തില്‍ കുപുവാരയിലെ തങ്ദാര്‍ സെക്ടറിന് എതിര്‍വശത്തുള്ള നീലം താഴ്‌വരയിലെ തീവ്രവാദ വിക്ഷേപണ പാഡുകള്‍ നശിച്ചു. ഭീകരരെ ഇന്ത്യന്‍ പ്രദേശത്തേക്ക് തള്ളിവിടാന്‍ പാകിസ്ഥാന്‍ സൈന്യം നല്‍കിയ പിന്തുണയ്ക്ക് പ്രതികാരമായായിരുന്നു പീരങ്കി ആക്രമണം.

“ഞങ്ങള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 6 മുതല്‍ 10 വരെ പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു, മൂന്ന് തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. സമാനമായ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്,” ജനറല്‍ റാവത്തിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച വൈകുന്നേരം തങ്ദാറില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി ജനറല്‍ റാവത്ത് പറഞ്ഞു. പിര്‍പഞ്ചലിന് വടക്ക് ചില തീവ്രവാദ ക്യാമ്പുകള്‍ സജീവമാണെന്നുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. തീവ്രവാദികള്‍ ഈ ക്യാമ്പുകളില്‍ എത്തിയിട്ടുണ്ടെന്നും നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്നും മനസ്സിലാക്കിയതോടെ ശക്തമായ ആക്രമണത്തിന് സൈന്യം ഒരുങ്ങുകയായിരുന്നു.

തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന് മുമ്പ് അവരുടെ ക്യാമ്പുകളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് റാവത്ത് പറഞ്ഞു. ആക്രമണത്തില്‍ തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശനഷ്ടം വരുത്തിയിട്ടുണ്ട്. തങ്ദറിന് എതിര്‍വശത്തുള്ള തീവ്രവാദ ക്യാമ്പുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലുടനീളമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ സൈന്യം തുടര്‍ന്നും സഹായം നല്‍കുന്നുണ്ടെങ്കില്‍, തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും പ്രതികരിക്കാന്‍ സൈന്യം തയ്യാറാണെന്നും വിപിന്‍ റാവത്ത് വ്യക്തമാക്കി.

പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഞായറാഴ്ച രണ്ട് സൈനികരും ഒരു സാധാരണക്കാരനും മരിച്ചിരുന്നു. അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുല്‍വാമയില്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരിയില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ നിരവധീ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തിരുന്നു. പാകിസ്ഥാനിലെ ബാലക്കോട്ടിലെ ഒരു ജയ്ഷ് ക്യാമ്പിനെ ലക്ഷ്യമാക്കിയിരുന്നു ആക്രമണം.

അതെസമയം, ഇന്നത്തെ ആക്രമണത്തെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കായി കാണാനാകില്ലെന്ന് സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു. പാക് സൈന്യത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും കേന്ദ്രങ്ങള്‍ വ്യക്തമാക്കി.