Connect with us

Alappuzha

അരൂരില്‍ മനു സി പുളിക്കല്‍ ഇടത് സ്ഥാനാര്‍ഥിയായേക്കും

Published

|

Last Updated

ആലപ്പുഴ: അരൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മനു സി പുളിക്കലിനെ തീരുമാനിച്ചേക്കും. ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് മനു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റാണ് മനുവിന്റെ പേര് മുന്നോട്ടു വച്ചത്. നിര്‍ദേശം കീഴ്ഘടകങ്ങളുടെ കൂടി അഭിപ്രായം വാങ്ങിയ ശേഷം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും.

ഇതോടെ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. നിലവിലെ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ കെ യു ജനീഷ് കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു (മഞ്ചേശ്വരം), എല്‍ ഡി എഫ് സ്വതന്ത്രനായി അഡ്വ. മനു റോയി (എറണാകുളം) എന്നിവരാണ് മറ്റിടങ്ങളിലെ സ്ഥാനാര്‍ഥികള്‍.

യു ഡി എഫ്, ബി ജെ പി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. യു ഡി എഫില്‍ മൂന്നു സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുള്ളത്. ബി ജെ പിക്കാണെങ്കില്‍ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന സമിതിയുടെ അടിയന്തര യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.