Connect with us

Malappuram

പ്രാർഥനകൾ വിതുമ്പലായി; ത്വയ്യിബും ഫജാസും ഓർമയായി

Published

|

Last Updated

ഫജാസ് , ത്വയ്യിബ്

കോട്ടക്കൽ: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുരുന്നുകൾക്കായുള്ള നാട്ടുകാരുടെ തേട്ടം ഒടുവിൽ വിതുമ്പലായി. വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുറ്റിപ്പുറം വടക്കേത്തലയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഫജാസ്.

ത്വയ്യിബുമൊന്നിച്ച് കളിക്കുന്നതിനിടെ തലേദിവസം ഇവർ ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ട് സന്ദർശിച്ചിരുന്നു. വിവരം വീട്ടുകാരെ അറിയിച്ചതോടെ ഇവരെ വിലക്കി. ഇതിനിടെയാണ് കുട്ടികൾ മറ്റൊരു കൂട്ടുകാരനെയും കൂട്ടി വീണ്ടും ക്വാറിയിലെ വെള്ളക്കെട്ടിനരികിലെത്തിയത്. ഏറെ ആഴമുള്ള ക്വാറി, ഉടമ പകുതിയിലേറെ മണ്ണിട്ട് നികത്തിയിട്ടുണ്ട്. വെള്ളം കെട്ടി നിന്നതോടെ ചെളി നിറഞ്ഞ കുഴിയിലേക്ക് ഫജാസ് കാൽ തെന്നി വീഴുകയായിരുന്നു. ഇവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ത്വയ്യിബും വെള്ളക്കെട്ടിൽ വീണു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തിയപ്പോഴേക്കും കുട്ടികൾ ചെളിയിൽ പുതഞ്ഞിരുന്നു.

Related News: കോട്ടക്കലിൽ ക്വാറിയിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു

സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ഇന്നലെ പത്ത് മണിയോടെ ത്വയ്യിബ് മരിച്ചു. മയ്യിത്ത് സംസ്‌കരണ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ ഫജാസിന്റെ മരണവാർത്തയുമെത്തി. ഇരട്ട മരണം നാടിനെ ദുഃഖത്തിലായി. ചൊവ്വാഴ്ച വൈകുന്നേരമാണ് കുട്ടികൾ വെള്ളക്കെട്ടിൽ വീണത്. കോട്ടക്കൽ സോൺ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ബാക്കിർ ശിഹാബ് തങ്ങളുടെ പുത്രനാണ് ത്വയ്യിബ്. ഇവരുടെ ബന്ധുവിന്റെ മകനാണ് ഫജാസ്. പാലായി ഹിദായ വിദ്യാർഥിയാണ്. വടക്കേതല ബാ അലവിയ്യ സുന്നി മദ്‌റസയിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സയ്യിദ് ത്വയ്യിബ്. ഇരുവരുടെയും ജനാസ കുറ്റിപ്പുറം ആലിൻചുവട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. സുന്നി സംഘടന നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും വസതിയിലെത്തി.

സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി, ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് നാസർ ഹയ്യ് ശിഹാബ്, ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, അബൂ ഹനീഫൽ ഫൈസി തെന്നല, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, ഹുസൈൻ ജമലുല്ലൈലി ചെലൂർ, പി കെ എം സഖാഫി, സ്വാദിഖ് വെളിമുക്ക് എന്നിവർ വസതി സന്ദർശിച്ചു.

 

Latest