Connect with us

National

കര്‍ണാടകയില്‍ റിസോര്‍ട്ട് രാഷ്ട്രീയ നാടകം തുടരുന്നു;വിമതരെ കാണാന്‍ ശിവകുമാര്‍ മുംബൈയിലേക്ക്

Published

|

Last Updated

ബെംഗളുരു: കര്‍ണാടകയില്‍ റിസോര്‍ട്ട് രാഷ്ട്രീയം തുടരുന്നു. രാജി സമര്‍പ്പിച്ച വിമത എംഎല്‍എമാരെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കെ തങ്ങളുടെ കൂടൂതല്‍ എംഎല്‍എമാരെ നഷ്ടപ്പെടാതിരിക്കാന്‍ ഡെജിഎസ് നീക്കം തുടങ്ങി. ജെഡിഎസിന്റെ ബാക്കിയുള്ള മുഴുവന്‍ എംഎല്‍എമാരേയും ബെംഗളുരുവിലെ റിസോര്‍ട്ടിലേക്ക് ബംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റി. അതേ സമയം വിമത എംഎല്‍എമാരെ നേരിട്ട് കാണാനായി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ മുംബൈയിലേക്ക് പുറപ്പെട്ടു. എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിമതര്‍ തങ്ങുന്നത്. അതേ സമയം ശിവകുമാറിന്റെ വരവറിഞ്ഞ് വിമത എംഎല്‍എമാര്‍ ഗോവയിലേക്ക് തിരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് അറിയുന്നത്.

വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞിരുന്നു. അനുനയ നീക്കങ്ങള്‍ ഫലവത്തായില്ലെങ്കില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. യോഗത്തിനെത്താത്ത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയോഗ്യരാക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പുകളില്‍ വിലക്കുണ്ടാകും. അതേ സമയം ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ബെംഗളുരുവില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. വിമത എംഎല്‍എമാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാദമായാണ് കോണ്‍ഗ്രസും ജെഡിഎസും മന്ത്രിമാരെ രാജിവെപ്പിച്ചതെങ്കിലും വിമതരില്‍നിന്നും ഒരു പ്രതികരണവുമുണ്ടായിട്ടില്ല.

Latest