Connect with us

National

കര്‍'നാടകം' അരങ്ങ് തകര്‍ക്കുന്നു: പ്രതിസന്ധി രൂക്ഷമാക്കി മന്ത്രിയുടെ രാജി; ബി ജെ പിക്കുള്ള പിന്തുണ 106 ആയി

Published

|

Last Updated

ബംഗളൂരു: അനുനയ ചര്‍ച്ചകള്‍ പുരോഗമിക്കവെ കോണ്‍ഗ്രസിനെയും സഖ്യ സര്‍ക്കാറിനെയും ഞെട്ടിച്ച് കര്‍ണാടകയില്‍ മന്ത്രിയുടെ രാജി. മന്ത്രിയും സ്വതന്ത്ര എം എല്‍ എയുമായ എച്ച് നാഗേഷാണ് കുമാരസ്വാമി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. കുമാരസ്വാമി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു. സഖ്യ സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന സ്വതന്ത്ര എം എല്‍ എമാരില്‍ ശ്രദ്ധേയനായിരുന്നു നാഗേഷ് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാജിവെച്ച എം എല്‍ എമാരെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചക്കും തയ്യറായി അനുനയ നീക്കങ്ങള്‍ നടത്തുന്നതിനെടയാണ് നാഗേഷ് അപ്രതീക്ഷിത തിരിച്ചടി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ബി ജെ പിയാണെന്നാണ് റിപ്പോര്‍ട്ട്.എച്ച് നാഗേഷ്‌കൂടി മറുകണ്ടം ചാടുന്നതോടെ ബി ജെ പിക്ക് 106 എം എല്‍ എയുടെ പിന്തുണയായെന്നാണ് റിപ്പോര്‍ട്ട.്
അതിനിടെ വീണ്ടും എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബെഗപള്ളിയില്‍ നിന്നുള്ള എം എല്‍ എയായ സുബ്ബ റെഡ്ഡി, ഖാനാപൂരില്‍ നിന്നുളള എം എല്‍ എയായ ബെലഗാവി അഞ്ജലി നിംബല്‍ക്കറുമാണ് രാജിഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്. എച്ച് എന്‍ താഴ്‌വര മേഖലയില്‍ ജലംവിതരണം ചെയ്തില്ലെങ്കില്‍ രാജിവെക്കുമെന്നാണ് സുബ്ബ റെഡ്ഡിയുടെ ഭീഷണി. ബെലാഗവിയുടെ രാജി ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ല.

എന്നാല്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വിമത എല്‍ എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് നീക്കം. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ ഇപ്പോള്‍ പുരോമഗിക്കുന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ ഒരുക്കമാണെന്ന് മുഴുവന്‍ മന്ത്രിമാരും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുഴുവന്‍ മന്ത്രിമാരും രാജിക്കത്ത് കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് യോഗത്തില്‍ നല്‍കിയതായാണ് വിവരം. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും കോണ്‍ഗ്രസ് മന്ത്രിമാര്‍ ഒരുക്കമാണെന്നും ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താന്‍ അടക്കമുള്ള മുഴുവന്‍ മന്ത്രിമാരും രാജിവെക്കുമെന്നും നേതൃത്വം മാറാതെ സര്‍ക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ജി പരമേശ്വര നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചു. നേതൃത്വം മാറാതെ സര്‍ക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാന അഭിപ്രായം യു ടി ഖാദറും പറഞ്ഞിട്ടുണ്ട്.

അതിനിടെ മുംബൈയില്‍ വിമത എം എല്‍ എമാരും യോഗം ചേരുന്നുണ്ട്. യോഗത്തില്‍ തീരുമാനം ഉറച്ച് നില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചാല്‍ കൂടുതല്‍ എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബി ജെ പി കളത്തിലിറങ്ങി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ നേരത്തെ രാജിവെച്ച എം എല്‍ എമാര്‍ റണ്ട് മണിക്കൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ബി ജെ പിയുടെ കൃത്യമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഗവര്‍ണറുമായി എം എല്‍ എമാര്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

 

 

Latest