Connect with us

Gulf

അല്‍ ജാഹിലി കോട്ടക്കകത്ത് വീണ്ടും വാങ്കൊലിനാദം

Published

|

Last Updated

അല്‍ ഐന്‍:നഗരമധ്യത്തിലെ ചിരപുരാതന ചരിത്ര സ്മാരകമായ അല്‍ ജാഹിലി കോട്ടക്കകത്തുള്ള മസ്ജിദില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിലച്ചുപോയ വാങ്കൊലി നാദത്തിന് പുനര്‍ജന്മനം. മസ്ജിദിന്റെ പഴമയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് വാങ്കൊലി കോട്ടക്കകത്ത് ശബ്ദമുഖരിതമായത്. പഴമയെ നിലനിര്‍ത്താന്‍ ലൗഡ്‌സ്പീക്കറിന്റെ സഹായമില്ലാതെയാണ് വാങ്ക് മുഴക്കിയത്.

18-ാം നൂറ്റാണ്ടിന്റെ തൊണ്ണൂറുകളിലാണ് അല്‍ ജാഹിലി കോട്ട നിര്‍മിച്ചതെന്നാണ് ചരിത്രം. ഇന്നത്തെ അല്‍ ഐന്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കോട്ട ഇമാറാത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ ഇടമായി പരിചയപ്പെടുത്തുന്ന നിര്‍മിതിയാണ്. രഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പിതാമഹന്‍ ശൈഖ് സായിദ് ഒന്നാമതന്‍ (1836-1909) തന്റെ ഭരണത്തിന്റെ തുടക്കകാലത്ത് ആസ്ഥാനമായി ഉപയോഗിച്ചതായിരുന്നു അല്‍ ജാഹിലി കോട്ട.

കോട്ടയിലുള്ള ഭരണ കുടുംബാംഗങ്ങള്‍ക്കും പുറത്തുനിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യാര്‍ഥം, മണ്‍കട്ടകള്‍, ഈത്തപ്പനത്തടി എന്നിവ കൊണ്ട് നിര്‍മിക്കപ്പെട്ടതാണ് കോട്ടക്കകത്തെ ചെറിയ മസ്ജിദ്. മസ്ജിദിന്റെ മുറ്റത്ത് വാങ്ക് വിളിക്കാനുള്ള സൗകര്യാര്‍ഥം ചെറിയൊരു സ്റ്റേജും അക്കാലത്ത് തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പില്‍കാലത്ത് ചരിത്രാന്വേഷകരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായി കോട്ടയും അകത്തെ മസ്ജിദും മാറിയപ്പോള്‍, അബുദാബി വിനോദസഞ്ചാര വകുപ്പ് ചില മിനുക്കുപണികളും മറ്റും മസ്ജിദില്‍ നടത്തുകയുണ്ടായി.
ഒറ്റമുറി പള്ളിയില്‍ ശീതീകരണ സംവിധാനവും പരിസരച്ച് സ്ഥാപിച്ച വുദൂ എടുക്കാനുള്ള സൗകര്യവും ഇതിന്റെ ഭാഗമായിരുന്നു. അവസാനമായി വിനോദസഞ്ചാര വകുപ്പും യു എ ഇ മതകാര്യ വകുപ്പും കൈകോര്‍ത്തതിന്റെ ഫലമായിരുന്നു കോട്ടക്കത്തെ മസ്ജിദ് പുനരുജ്ജീവിക്കാന്‍ ധാരണയായത്. ഇതിന്റെ ഭാഗമായി മതകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഇവിടെ പ്രത്യേകം ഇമാമിനെ നിശ്ചയിച്ചു. ഈ ഇമാമിന്റെ നേതൃത്വത്തിലാണ്, നേരത്തെ നിര്‍മിച്ച തറയില്‍ നിന്നും ലൗഡ് സ്പീക്കറിന്റെ സഹായമില്ലാതെ പഴമയെ ഓര്‍മിപ്പിക്കുന്ന വാങ്കൊലി കാലങ്ങള്‍ക്ക് ശേഷം വണ്ടും മുഴങ്ങിയത്. രാജ്യഭരണം കയ്യാളിയിരുന്ന പൂര്‍വനേതാക്കളുടെ മതപരമായ ചിട്ടയുടെയും കരുതലിന്റെയും ഭാഗം കൂടിയാണ് അല്‍ ജാഹിലി കോട്ടയിലെ ഒറ്റമുറി മസ്ജിദ് എന്ന് വിലയിരുത്തപ്പെടുന്നു.
മതപരമായ പൈതൃകങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യാനുള്ള മതകാര്യ വകുപ്പിന്റെ ശ്രദ്ധയുടെ ഭാഗമാണ്, അല്‍ ജാഹിലി കോട്ടയിലെ മസ്ജിദ് വാങ്കും നിസ്‌കാരവും പുനസ്ഥാപിച്ചുകൊണ്ട് മുന്നോട്ടുവന്നതെന്ന് മതകാര്യ വകുപ്പിന്റെ അല്‍ ഐന്‍ ബ്രാഞ്ച് ഡയറക്ടര്‍ നാസ്വിര്‍ മുഹമ്മദ് അല്‍ മഅ്മരി പറഞ്ഞു. അബുദാബി വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് മസ്ജിദ് പുനരുജ്ജീവിപ്പിച്ചതെന്നും അല്‍ മഅ്മരി പറഞ്ഞു. ഏതായാലും ചരിത്രവും പൈതൃകവും തേടി അല്‍ ജാഹിലി കോട്ടയിലെത്തുന്നവര്‍ക്ക്, ഇനിമുതല്‍ ആരാധനയിലൂടെയും തനിമയും പഴമയും ആസ്വദിക്കാം.

അബ്ദുല്‍ അസീസ് പുളിക്കല്‍