National
തനിക്കു വേണ്ടി ദൈവത്തോട് ഒന്നും ചോദിച്ചില്ല; രാജ്യത്തിന്റെ സമ്പത് സമൃദ്ധിക്കായാണ് പ്രാര്‍ഥിച്ചത്: മോദി
കേദാര്‍നാഥ്: കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനവും സമീപത്തെ രുദ്ര ഗുഹയിലെ ധ്യാനവും പൂര്‍ത്തിയാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി ബദരീനാഥിലെത്തി. ക്ഷേത്ര ദര്‍ശനം മഹാ സൗഭാഗ്യമായി കാണുന്നുവെന്നും ആത്മീയ ഉണര്വിന് അത് സഹായകമായെന്നും മാധ്യമങ്ങളോടു പ്രതികരിക്കവെ മോദി പറഞ്ഞു. വര്‍ഷം തോറും ഇവിടം സന്ദര്‍ശിക്കാന്‍ കഴിയുന്നതും ഭാഗ്യമാണ്.
തനിക്കു വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തിനു സമ്പത്സമൃദ്ധിയും ജനങ്ങള്‍ക്ക് നന്മയുമുണ്ടാകട്ടെ എന്നാണ് പ്രാര്‍ഥിച്ചത്. കേദാര്‍നാഥിലെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പൂര്‍ത്തിയാക്കും. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം പൂര്‍ത്തിയാക്കി കേദാര്‍നാഥിലെത്തിയ പ്രധാന മന്ത്രി പക്ഷെ, തിരഞ്ഞെടുപ്പു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.