Connect with us

Gulf

ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യന്‍ രൂപ 'എടുക്കാച്ചരക്ക്'; ഭക്ഷണം ലഭിക്കണമെങ്കില്‍ ഡോളറോ ദിര്‍ഹമോ നല്‍കണം

Published

|

Last Updated

അബൂദബി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യന്‍ രൂപക്ക് വിലക്ക്. ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോയിലാണ് ഭക്ഷണത്തിനും കുടിവെള്ളത്തിനും ഇന്ത്യന്‍ രൂപ സ്വീകരിക്കാത്തത്. ചെലവ് കുറഞ്ഞ വിമാനമായത് കൊണ്ട് ഇന്‍ഡിഗോയില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം ലഭ്യമല്ല. ആവശ്യമുള്ളവര്‍ പണം നല്‍കി ഭക്ഷണം കഴിക്കണം.

കൈയില്‍ പണമുണ്ടെങ്കിലും അമേരിക്കന്‍ ഡോളറും യു എ ഇ ദിര്‍ഹവും മാത്രമേ സ്വീകരിക്കുകയുള്ളൂ. അതും ഇലക്‌ട്രോണിക് കാര്‍ഡ് വഴി. വിമാനത്തിനകത്ത് കുടിവെള്ളം മാത്രം ലഭിക്കുന്ന സ്ഥിതിക്ക് കാര്‍ഡ് കൈയില്‍ ഇല്ലാത്തവര്‍ക്ക് ഒരു സാധനവും ലഭിക്കില്ല. ഇന്ത്യന്‍ ബേങ്ക് കാര്‍ഡ് ഉണ്ടെങ്കില്‍ രൂപയെ ഡോളറിലേക്കോ ദിര്‍ഹമിലേക്കോ വിനിമയം നടത്തി വേണം സാധനം വാങ്ങാന്‍. വാങ്ങുന്ന സാധനത്തിന് പുറമെ രൂപയില്‍ നിന്നും മറ്റു കറന്‍സിയിലേക്ക് വിനിമയം നടത്തുന്നതിനുള്ള അധിക നിരക്കും വിമാന കമ്പനി ഈടാക്കും.

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും അബൂദബിയിലേക്ക് യാത്ര ചെയ്ത യാത്രക്കാര്‍ ചായ വാങ്ങുന്നതിന് ഇന്ത്യന്‍ രൂപ നല്‍കിയെങ്കിലും വിമാനത്തിലെ ജീവനക്കാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. യാത്രക്കാര്‍ കൈയില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കരുതേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. കുടിവെള്ളം മാത്രം ലഭിക്കുന്ന വിമാനത്തില്‍ ഇന്ത്യന്‍ രൂപ സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

കോഴിക്കോട് നിന്നും അബൂദബിയിലേക്ക് മൂന്നര മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും 46 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാര്‍ക്കറ്റ് വിഹിതമുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പ്രധാന ഹബ്ബ്. ഏഷ്യയിലെ ഏറ്റവും വലിയ എട്ടാമത്തെ എയര്‍ലൈന്‍സും ഇന്‍ഡിഗോയാണ്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി