Connect with us

Malappuram

പഴമയുടെ തനിമയും പെരുമയും ചോരാതെ വണ്ടൂര്‍ പള്ളിക്കുന്ന് ജുമുഅത്ത് പള്ളി

Published

|

Last Updated

പള്ളിക്കുന്ന് ജുമുഅത്ത് പള്ളി

വണ്ടൂര്‍: കാലങ്ങള്‍ക്കനുസരിച്ച് ആചാരങ്ങളും അനുഷ്ടാനങ്ങളും മാറുമെന്ന പതിവ് മൊഴി ഒന്ന് മാറ്റിപ്പറയേണ്ടി വരും വണ്ടൂര്‍ പള്ളിക്കുന്നിലെ വലിയ പള്ളിയിലെത്തുമ്പോള്‍. കാലങ്ങള്‍ക്കിപ്പുറത്തും പഴമയുടെ തനിമയും പെരുമയും ചോരാതെയാണ് റമസാനിലെ ഇവിടുത്തെ ചടങ്ങുകള്‍.
റമസാനിലെ 30 ദിവസങ്ങളിലും നോമ്പ് തുറ സമയം അറിയിക്കുന്നതും, പെരുന്നാള്‍ ദിവസം ഉറപ്പിച്ചത് അറിയിക്കുന്നതുമെല്ലാം ഇവിടെ കഥീന വെടി മുഴക്കിയാണ്. വണ്ടൂരിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഈ പള്ളി. നോമ്പുതുറ അറിയിക്കാനുള്ള ബാങ്ക് വിളി എത്താത്തിടത്തെല്ലാം ഈ കഥീനയുടെ മുഴക്കമെത്തും. കാലത്തിന് മാറ്റാന്‍ പറ്റാത്ത ചില ആചാരങ്ങള്‍ കൂടിയുണ്ടിവിടെ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിയിലിതുവരെ ഉച്ചഭാഷിണി ഉപയോഗിച്ചിട്ടില്ല.

 

പള്ളിക്കുന്ന് പളളിയിലെ നഗാരം

നമസ്‌കാര സമയം പണ്ട് നാട്ടുകാരെ അറിയിച്ചിരുന്നത് പെരുമ്പറ കൊട്ടിയാണ്. ആ വാദ്യമാണ് “നഗാരം”. ഈ നഗാരം ഇപ്പോഴുമിവിടെ അഞ്ച് നേരം മുഴങ്ങും.
സുബ്ഹി മുതല്‍ ഇശാ വരെ നിസ്‌കാരം സമയം അറിയിക്കുന്നതോടൊപ്പം റമസാനില്‍ അത്താഴ സമയമറിയിക്കുന്നതും നഗാര മുഴക്കിയാണ്. ഒറ്റത്തടി മരത്തില്‍ മൃഗത്തോല്‍ വലിച്ച് കെട്ടിയാണ് നഗാരയുടെ നിര്‍മ്മാണം. ഓരോ സമയത്തും താളത്തില്‍ നിര്‍ത്താതെ അഞ്ചു മിനുട്ടിലധികം നഗാര മുഴക്കും. പതിറ്റാണ്ടുകള്‍ക്ക് മുന്പ് ഉച്ചഭാഷിണി സജീവമാകാതിരുന്ന കാലത്ത് കേരളത്തിലെ പ്രധാന പള്ളികളിലെല്ലാം നിസ്‌കാര സമയം അറിയിച്ചിരുന്നത് നഗാര മുഴക്കിയായിരുന്നു. എന്നാല്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പള്ളികളില്‍ നിന്ന് നഗാരയടിയും കഥീന വെടിയുമെല്ലാം ചരിത്രത്തില്‍ നിന്ന് വഴിമാറി. തലമുറക്ക് ഇതെല്ലാം ഇന്ന് കഥകളില്‍ മാത്രമായി അവശേഷിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കുകയാണ് ഈ പള്ളി. ഇതിനാല്‍ തന്നെ ഉച്ചഭാഷിണി ഉപയോഗിക്കാത്ത അപൂര്‍വം ചില പള്ളികളിലൊന്നാണിത്. പള്ളികളില്‍ കാലം ഏറെ പരിഷ്‌കാരങ്ങള്‍ വരുത്തിയപ്പോള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ പള്ളി ഒന്ന് പുതുക്കി പണിയുക കൂടി ചെയ്തിട്ടില്ല. അവിഭക്ത സമസ്തയുടെ പ്രസിഡന്റായിരുന്ന സദഖത്തുല്ല മൗലവി ഉള്‍പ്പെടെ മൺമറഞ്ഞ നിരവധി പണ്ഡിതരാണ് ഇവിടെ ഖാസിമാരായി സേവനമനുഷ്ടിച്ചിട്ടുള്ളത്.