Connect with us

Kottayam

രൂക്ഷ വിമർശവുമായി 'പ്രതിച്ഛായ'; ജോസഫിന് ഒന്നും എളുപ്പമാകില്ല

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ നേതൃപദവികളിൽ കണ്ണുനട്ട് ജോസഫ് ഗ്രൂപ്പ് കരുനീക്കം തുടങ്ങിയതിന് പിന്നാലെ പി ജെ ജോസഫിനെ രൂക്ഷമായി വിമർശിച്ച് മാണി ഗ്രൂപ്പ്. കേരളാകോൺഗ്രസ് മുഖമാസികയിലെഴുതിയ ലേഖനത്തിലാണ് ജോസഫിനെയും കോൺഗ്രസിനെയും അതിനിശിതമായി വിമർശിക്കുന്നത്.
മുതിർന്ന നേതാവ് എന്ന പരിഗണനയിൽ പാർട്ടി ചെയർമാനാകാൻ ഒരുങ്ങുന്ന പി ജെ ജോസഫിനോട് അത് നടക്കില്ലെന്ന് പറയാതെ പറയുകയാണ് മാണി ഗ്രൂപ്പ്. മുറിവുണങ്ങാത്ത മനസുമായാണ് കെ എം മാണി മടങ്ങിയതെന്ന തലക്കെട്ടിൽ പത്രാധിപർ കുര്യാക്കോസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് വിമർശം. ബാർകോഴ അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസ് ശ്രമിച്ചെന്ന ആക്ഷേപവും ഉന്നയിക്കുന്നു. കേരളാ കോൺഗ്രസ് മുന്നണി വിടാൻ കാരണമായ ബാർകോഴ വിവാദം ഒരിക്കൽ കൂടി ചർച്ചയാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് വ്യക്തം.

ബാർകോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെ എം മാണിയുടെ രാജിക്ക് വേണ്ടി മുറവിളി ഉയർന്നപ്പോൾ പ്രതിഷേധ സൂചകമായി രണ്ട് മന്ത്രിമാരും രാജിവെക്കുകയെന്ന നിർദേശമാണ് പാർട്ടി മുന്നോട്ടുവെച്ചത്. പി ജെ ജോസഫ് ഇതിന് തയ്യാറായില്ല. മാണിയെ ഒറ്റപ്പെടുത്തിയതിനാൽ അദ്ദേഹത്തിന് മാത്രം പിന്നീട് രാജിവെക്കേണ്ടി വന്നു. മന്ത്രിമാർ മാറി നിന്ന് സർക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കാമെന്ന നിർദേശത്തെ എന്തുകൊണ്ടാണ് ജോസഫ് എതിർത്തത്. ഇത് ദുരൂഹമാണ്.
സഖ്യങ്ങളിൽ ഏർപ്പെടുമ്പോഴും സഹകരിച്ച് നിൽക്കുമ്പോഴും നേതാക്കൾ മാണിയെ അസൂയയോടെയും ഭയത്തോടെയുമാണ് കണ്ടിരുന്നത്. തരംകിട്ടിയാൽ അദ്ദേഹത്തെ തകർക്കണമെന്നായിരുന്നു അവരിൽ പലരുടേയും ഉള്ളിലിരുപ്പ്. ബാർ കോഴയിൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തുടരന്വേഷണം പ്രഖ്യാപിച്ചപ്പോൾ അതിലൊരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞില്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

മാണിയുടെ തന്നെ ശൈലി കടമെടുത്തൽ, കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർക്ക് 50 വർഷം കഴിഞ്ഞാണ് ഒരു കനകാവസരം വന്നത്. ബാർ കോഴ പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബർ 31ന് അർധരാത്രി കെ എം മാണിയെന്ന വൻനേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു.
മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന കേരളാ കോൺഗ്രസിലെ നേതൃപദവികൾ ആർക്കെന്ന ചർച്ചകൾ തുടങ്ങിയ ഘട്ടത്തിൽ വന്ന ലേഖനത്തിന് രാഷ്ട്രീയ മാനങ്ങളേറെയുണ്ട്. പി ജെ ജോസഫിനെ ചെയർമാനാക്കണമെന്ന് അദ്ദേഹത്തോടൊപ്പമുള്ള മോൻസ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടത് ഇതോട് ചേർത്ത് വായിക്കണം.

എന്നാൽ, ജോസഫിനെ പാർട്ടി തലപ്പത്ത് നിയോഗിക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് മാണി ഗ്രൂപ്പ് പോകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ലേഖനം. ചെയർമാനൊപ്പം പാർലിമെന്ററി പാർട്ടി ലീഡറെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. നിലവിൽ ഡെപ്യൂട്ടി ലീഡറായ ജോസഫിനെ പാർലിമെന്ററി പാർട്ടി നേതാവാക്കണമെന്ന നിർദേശവും ഉയർന്നുവരുമെന്നുറപ്പാണ്.

സി എഫ് തോമസിന് ഈ പദവി നൽകി ജോസഫിനെ വെട്ടാനും മാണി ഗ്രൂപ്പിൽ ആലോചനയുണ്ട്. പാലായിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ കടുത്ത നടപടികളിലേക്ക് ജോസ് കെ മാണി പോയേക്കില്ല. എന്നാലും ചെയർമാൻ പദവി വിട്ടുകൊടുക്കാൻ തയ്യാറാകുകയുമില്ല. ജോസ് കെ മാണിയെ ചെയർമാനാക്കുകയെന്ന നിർദേശമാണ് മാണി ഗ്രൂപ്പിനുള്ളത്. ഇത് ജോസഫ് അംഗീകരിക്കുമോയെന്നും കണ്ടറിയണം.

പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം കൂടി ആശ്രയിച്ചാകും ഇക്കാര്യത്തിലെല്ലാം തീരുമാനം. പാലാ സീറ്റിൽ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ആലോചന. ഇതെല്ലാം പരിഗണിച്ചാകും ഒത്തുതീർപ്പ്.

Latest