Connect with us

Editorial

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിജയക്കുതിപ്പ്

Published

|

Last Updated

സര്‍ക്കാര്‍ സ്‌കൂളുകളുടെ മുന്നേറ്റമാണ് ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലത്തിലെ ശ്രദ്ധേയമായ വശം. വിജയിച്ച കുട്ടികളുടെയും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെയും എണ്ണത്തിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂര്‍വോപരി മികച്ച നിലയിലാണ് ഇത്തവണ. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ കാര്യത്തില്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളേക്കാള്‍ മികച്ച പ്രകടനമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൈവരിച്ചത്. സംസ്ഥാനത്തെ 1,167 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 599 എണ്ണം (51.3 ശതമാനം) നൂറ് ശതമാനം വിജയം നേടിയപ്പോള്‍ എയ്ഡഡ് സ്‌കൂളുകളുടെ വിജയ ശതമാനം 49.9 ആണ്. 1,427 സ്‌കൂളുകളില്‍ 713 എണ്ണമാണ് ഈ മേഖലയില്‍ പൂര്‍ണ വിജയം നേടിയത്. നൂറ് മേനി പട്ടികയില്‍ എയ്ഡഡ് മേഖലയില്‍ 54 സ്‌കൂളുകളും അണ്‍ എയ്ഡഡ് മേഖലയില്‍ രണ്ട് സ്‌കൂളുകളുമാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായി ഇത്തവണ ഇടം പിടിച്ചതെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 84 ആണ്.

ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്‌കൂളുകള്‍ വിജയശതമാനത്തിലും പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും മികച്ച നേട്ടമാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്. 2016ല്‍ 377 സര്‍ക്കാര്‍ സ്‌കൂളുകളായിരുന്നു നൂറ് മേനി വിജയം നേടിയിരുന്നതെങ്കില്‍ 2017ല്‍ ഇവയുടെ എണ്ണം 405 ആയും 2018ല്‍ 517 ആയും ഉയര്‍ന്നു. പൊതുവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ മുന്നേറ്റം. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര നിലവാരമുള്ളതും വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതവുമായ പഠന സൗകര്യങ്ങള്‍ ഒരുക്കുക, പാഠ്യപദ്ധതി പരിഷ്‌കരിച്ച് കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കുക, ക്യാമ്പസ് ഹരിതാഭമാക്കുക, അക്കാദമിക് മേഖലയിലെ മാറ്റത്തിനനുസൃതമായി അധ്യാപന പരിശീലനം പരിഷ്‌കരിക്കുക, ഇംഗ്ലീഷ് മീഡിയത്തിനു കൂടി പ്രാമുഖ്യം നല്‍കുക തുടങ്ങിയ പദ്ധതികള്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. പദ്ധതിക്ക് കീഴില്‍ വിവിധ വിദ്യാലയങ്ങളിലായി 50,000ത്തോളം ഹൈടെക് ക്ലാസ് റൂമുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. സ്‌കൂള്‍ ലൈബ്രറി സൗകര്യങ്ങളിലും വിപുലമായ മാറ്റങ്ങളാണ് വരുത്തുന്നത്. 9,600 സ്‌കൂളുകളില്‍ പുതിയതായി ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും 1,225 ഹൈസ്‌കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കയാണെന്നാണ് ഇതിനിടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചത്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ നേട്ടത്തില്‍ അധ്യാപകര്‍ക്കുമുണ്ട് വലിയ പങ്ക് നേരത്തെ ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു വരികയും ഇതേതുടര്‍ന്നു ഡിവിഷനുകള്‍ വെട്ടിക്കുറക്കുക മൂലം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതി വരികയും ചെയ്തപ്പോള്‍, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പഠന നിലവാരം മെച്ചപ്പെടുത്താന്‍ പല സ്‌കൂളുകളിലും അധ്യാപകര്‍ തന്നെ മുന്നോട്ടു വരികയുണ്ടായി. എസ് എസ് എല്‍ സി വിജയശതമാനത്തില്‍ വളരെ പിന്നാക്കമായിരുന്ന പല സ്‌കൂളുകളും രക്ഷിതാക്കളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹകരണത്തോടെ അധ്യാപകര്‍ നടത്തിയ തീവ്രയത്‌നം കൊണ്ട് വന്‍ മുന്നേറ്റം കൈവരിക്കുകയും നൂറ്‌മേനി സ്‌കൂളുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം നടപടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വന്‍മാറ്റങ്ങളുണ്ടാക്കി. ഇതിന്റെ സാക്ഷ്യപത്രമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു ദേശീയ എജ്യൂക്കേഷന്‍ വകുപ്പ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ 596 ജില്ലകളിലെ 17,730 ഗ്രാമങ്ങളെയും 3,54,994 വീടുകളെയും സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ 5,46,527 വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചു നടത്തിയ ഈ പഠന റിപ്പോര്‍ട്ട് പ്രകാരം വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം. മറ്റു വിഷയങ്ങളെ അപേക്ഷിച്ചു കണക്കിലുള്ള കേരളീയ വിദ്യാര്‍ഥികളുടെ മിടുക്ക് ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രത്യേകം എടുത്തു പറയുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വര്‍ധനവും ഈ മേഖലയുടെ മികവിലേക്ക് വിരല്‍ ചൂണ്ടുന്നു. 2016-17ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളുടെ എണ്ണം 11,26,243 ആയിരുന്നുവെങ്കില്‍ 2017-18ല്‍ 11,26,712 ആയും 2018-19ല്‍ 11,45,973 ആയും വര്‍ധിക്കുകയുണ്ടായി.
നേരത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യത്തിലും പഠന നിലവാരത്തിലും മോശമായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഈ മേഖലയെ കൈയൊഴിഞ്ഞു അണ്‍ എയ്ഡഡ് സ്‌കൂളുകളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇന്ന് അത് മാറി. മുമ്പ് വര്‍ഷാന്തം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന കാണിച്ചിരുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞു വരികയണിപ്പോള്‍. 2016-17 വര്‍ഷം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 4,18,369 വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം അത് 4,03,963 ആയി കുറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും കൈവരിച്ച ഈ മുന്നേറ്റം ഇനിയും തുടരേണ്ടതുണ്ട്. ജനപ്രതിനിധികളുടെ സഹകരണം ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. അവര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ആഹ്വാനം ചെയ്താല്‍ പോരാ, തങ്ങളുടെ മക്കളെ പൊതുവിദ്യാലയങ്ങളിലയച്ച് മാതൃക കാണിക്കുകയും വേണം. പല ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇപ്പോഴും മക്കളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അയക്കുന്നത്. ഇതിനു മാറ്റം വരണം. നേതാക്കള്‍ കുട്ടികളെ വീടിനടുത്ത സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്താല്‍ ആ സ്‌കൂളിന്റെ നടത്തിപ്പിലും അധ്യാപന നിലവാരത്തിലുമെല്ലാം അവര്‍ കൂടുതല്‍ ശ്രദ്ധിക്കുകയും സ്ഥാപനം എല്ലാ നിലയിലും മുന്നേറുകയും ചെയ്യും. മൊത്തം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.

Latest