Connect with us

Ongoing News

ഫെഡറൽ മുന്നണി: പിണറായിയും കെ സി ആറും ചർച്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പൊതുതിരഞ്ഞെടുപ്പിന് ശേഷം ഫെഡറൽ മുന്നണി രൂപവത്കരിക്കുന്നത് സംബന്ധിച്ച വിഷയങ്ങളാണ് ചർച്ചയായതെന്നറിയുന്നു. ബി ജെ പിയും കോൺഗ്രസും ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള ഫെഡറൽ മുന്നണി എന്ന ആശയവുമായി ശക്തമായി മുന്നോട്ടു പോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് സന്ദർശനം.

അടുത്ത ദിവസം ഡി എം കെ നേതാവ് എം കെ സ്റ്റാലിനുമായും റാവു കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് പുറമേ കർണാടക മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയും ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ റാവുവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ടി ആർ എസ് എം പിമാരായ സന്തോഷ്‌കുമാർ, വിനോദ് കുമാർ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നലെ വൈകീട്ടാണ് ചന്ദ്രശേഖർ റാവു തിരുവനന്തപുരത്തെത്തിയത്. ഭാര്യ കെ ശോഭയും രണ്ട് പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. കോവളത്ത് തങ്ങുന്ന അദ്ദേഹം നാളെ ഉച്ചക്ക് ശേഷം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി സന്ദർശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമകാലിക രാഷ്ട്രീയത്തെ കുറിച്ചാണ് ഇരുവരുമായും ചർച്ച നടത്തിയതെന്ന് ചന്ദ്രശേഖര റാവുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. “രണ്ട് നേതാക്കളുമായും രാജ്യത്തെ സമകാലിക രാഷ്ട്രീയാന്തരീക്ഷത്തെ കുറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യാമെന്ന് കരുതുന്നു” കുറിപ്പിൽ പറയുന്നുണ്ട്. ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ടി ആർ എസ് തെലങ്കാനയിൽ അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് താൻ പ്രവേശിക്കുമെന്ന് സൂചനകൾ നൽകിയ കെ സി ആർ ഇതിന്റെ ഭാഗമായി ബി ജെ പിയെയും കോൺഗ്രസിനെയും അകറ്റി നിർത്തി ഫെഡറൽ മുന്നണി രൂപവത്കരണത്തെ കുറിച്ച് കൊൽക്കത്ത മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രിയും ബി ജെ ഡി നേതാവുമായ നവീൻ പട്‌നായിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് പിണറായി വിജയൻ, എച്ച് ഡി കുമാരസ്വാമി, എം കെ സ്റ്റാലിൻ എന്നിവരുമായുള്ള കൂടിക്കാഴ്ച.

Latest