Connect with us

Ongoing News

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Published

|

Last Updated

മാവോയിസ്റ്റുകൾ പതിച്ച പോസ്റ്റർ

മാനന്തവാടി: തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായി വിവരം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ മക്കിമല അങ്ങാടിയിൽ എത്തിയ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തത്. റോഡിലുണ്ടായിരുന്ന പലർക്കും മാവോയിസ്റ്റുകൾ ഹസ്തതദാനം നൽകിയാണ് സംസാരിച്ചത്. ചിലർ മൊബൈലിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ടെന്ന് കൽപ്പിച്ചതായും നാട്ടുകാർ പറഞ്ഞു.
ഒരാൾ മലയാളത്തിലും മറ്റൊരാൾ മലയാളം കലർന്ന കന്നടയിലുമാണ് സംസാരിച്ചത്. അര മണിക്കൂർ നേരം സംഘം മക്കി മലയിൽ ചെലവഴിച്ചു. ഞങ്ങൾ ഝാർഖണ്ഡിൽ നിന്നും വന്നവരല്ല മലയാളികളായ മാവോയിസ്റ്റുകളാണെന്നും ജലീലിന്റെ കൊലപാതകത്തിൽ പ്രതികരിക്കണമെന്നും സംഘം നാട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു.

ജലീലിന്റെ രക്തസാക്ഷിത്വം സി പി എം സർക്കാരും തണ്ടർബോൾട്ടും റിസോർട്ടിലെ ഒറ്റുകാരും ചേർന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്നും കൊലയാളിക്ക് മാപ്പില്ലെന്നും അനശ്വര വിപ്ലവകാരി സഖാവ് ജലീലിന് ലാൽ സലാം എന്ന് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്.

ഇതിന് പുറമെ 2019 മാർച്ച് മാസം പ്രിന്റ് ചെയ്ത കാട്ടുതീ ലഘുലേഖയും നാട്ടുകാർക്ക് വിതരണം ചെയ്തു. കൊല ചെയ്യപ്പെട്ട ജലീലിന്റെ ഫോട്ടോ വെച്ച് പ്രിന്റ് ചെയ്ത ലഘുലേഖയിൽ പുത്തൻ ജനാധിപത്യ ഇന്ത്യക്കായി പൊരുതി മരിച്ച ധീര രക്തസാക്ഷി സി പി ജലീലിന് ചുകപ്പൻ അഭിവാദ്യങ്ങൾ എന്ന തലക്കെട്ടോടെ സി പി എമ്മിനെയും സർക്കാറിനെയും നിശിത ഭാഷയിൽ വിമർശിച്ച് കൊണ്ടുള്ള വരികളും ജലീലിന്റെ ജീവിതവഴികളും പരാമർശിച്ചിട്ടുണ്ട്. സി പി ഐ മാവോയിസ്റ്റ് കബനീ ദളം വക്താവ് മന്ദാകിനിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചത്.
സ്ഥലത്തെ കരിയങ്ങാടൻ സിദ്ദീഖിന്റെ പലചരക്ക് കടയിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങിയാണ് സംഘം തിരിച്ചു പോയത്. സംഭവമറിഞ്ഞ ഉടൻ തലപ്പുഴ പോലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധന നടത്തി. മക്കിമലയിലെത്തിയ നാലംഗ സംഘത്തിന്റെ പേരിൽ യു എ പി എ പ്രകാരം തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Latest