Connect with us

Thiruvananthapuram

ലാൻഡ് ചെയ്യുമോ അദാനി?

Published

|

Last Updated

കേരളത്തിലെ ആദ്യ എയർപോർട്ട് അദാനി വിഴുങ്ങുമോ? ഏറ്റെടുക്കാൻ വരുന്നവർ ആരായാലും അൽപ്പം വിയർക്കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി ഫലിക്കുമോ? വീണ്ടും ഒരു തിരഞ്ഞെടുപ്പ് തീച്ചൂളയിലേക്ക് രാജ്യം നീങ്ങുമ്പോൾ തിരുവനന്തപുരം ഗോദയിലേക്ക് തീ പകരുകയാണ് അന്തരാഷ്ട്ര വിമാനത്താവളം. സംസ്ഥാനത്തെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് മൂന്ന് മാസം മുമ്പാണ്. ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യ മേഖലക്ക് നൽകുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. വ്യോമയാന മന്ത്രിയോടും പ്രധാനമന്ത്രിയോടും നേരിട്ടും കത്തിലൂടെയും പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചു.

നടക്കില്ലെന്ന് കണ്ടതോടെ സർക്കാർ നിയന്ത്രണത്തിൽ ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ പ്രത്യേക കമ്പനി രൂപവത്കരിച്ചു. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകാത്തതിനാൽ കെ എസ് ഐ ഡി സിയാണ് ഈ കമ്പനിക്ക് വേണ്ടി ബിഡിൽ പങ്കെടുത്തത്. കെ എസ് ഐ ഡി സിക്ക് പുറമെ അദാനിയും ഡൽഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജി എം ആറും താത്പര്യപത്രം നൽകി. ഫിനാൻഷ്യൽ ബിഡിൽ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയത് അദാനി ആയതിനാൽ വിമാനത്താവളം അവർ കൊണ്ടുപോകുമെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനിക്ക് എയർപോർട്ട് കൂടി സ്വന്തമാക്കാനാകുന്നത് വലിയ നേട്ടം തന്നെയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ സമ്പൂർണ സ്വകാര്യവിമാനത്താവളമായി തിരുവനന്തപുരം മാറുമെന്നതാണ് മറുവശം.

തീ പാറും പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് വിമാനത്താവള സ്വകാര്യവത്കരണം ചൂടേറിയ രാഷ്ട്രീയ പ്രശ്‌നമായി മാറും. സ്വകാര്യവത്കരണ നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെ അവിടുത്തെ ജീവനക്കാർ സമരം ആരംഭിച്ചിട്ടുണ്ട്. എൽ ഡി എഫും യു ഡി എഫും ബി ജെ പിയും ഈ സമരത്തെ പിന്തുണക്കുന്നു. ബഹുജന പ്രക്ഷോഭം ആരംഭിച്ച് എൽ ഡി എഫും രംഗം കൊഴുപ്പിക്കുകയാണ്. വഞ്ചനാദിനം ആചരിച്ചതിനൊപ്പം വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തുകയാണ് എൽ ഡി എഫ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വായിക്കാവുന്നത്. എൽ ഡി എഫ് സംഘടിപ്പിച്ച കൺവെൻഷനിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനത്താവളം സ്വകാര്യവത്കരിക്കാൻ അനുവദിക്കില്ലെന്നും ഏറ്റെടുക്കാൻ ബഹുരാഷ്ട്ര കമ്പനികൾ വന്നാൽ വിഷമിക്കേണ്ടി വരുമെന്നുമായിരുന്നു നിലപാട്.
സ്വകാര്യവത്കരണ തീരുമാനം എടുത്ത കേന്ദ്ര സർക്കാർ പ്രതികൂട്ടിലാകുമ്പോൾ വിയർക്കുന്നത് ബി ജെ പിയാണ്. ജയസാധ്യത കാണുന്ന മണ്ഡലത്തിൽ വിമാനത്താവളം മുഖ്യവിഷയമായി ഉയരുമെന്ന ആശങ്ക അവർക്കുണ്ട്. വിമാനത്താവള ജീവനക്കാർ നടത്തുന്ന പ്രക്ഷോഭത്തിനൊപ്പം നിന്നാണ് ബി ജെ പിയുടെ പ്രതിരോധം. അപ്പോഴും ഡൽഹിയിൽ എല്ലാതീരുമാനവും എടുത്ത് ഇവിടെ സമരം ചെയ്യുന്നതിന്റെ യുക്തി ബി ജെ പിയെ തിരിഞ്ഞു കുത്തുന്നു. ശശി തരൂരിനെ കൂടി ലക്ഷ്യമിട്ടാണ് എൽ ഡി എഫ് നീക്കമെങ്കിലും കോൺഗ്രസും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിട്ടുണ്ട്. രാജ്ഭവൻ മാർച്ച് ഉൾപ്പെടെയുള്ള സമരം ഇതിനകം നടത്തിക്കഴിഞ്ഞു.

കേരളം സൗജന്യമായി നൽകിയ ഭൂമിയിൽ നിർമിച്ച വിമാനത്താവളം എങ്ങനെ സ്വകാര്യവത്കരിക്കുമെന്നാണ് സംസ്ഥാന സർക്കാറിന്റെ ചോദ്യം. തിരുവിതാംകൂർ മഹാരാജാവും സംസ്ഥാന സർക്കാറും വിവിധ ഘട്ടങ്ങളിൽ ഭൂമി ഏറ്റെടുത്ത് സൗജന്യമായി വിമാനത്താവള വികസനത്തിന് നൽകിയതാണ്. ലേല നടപടികളുമായി മുന്നോട്ടുപോകുമെങ്കിൽ പരിധിയില്ലാതെ സംസ്ഥാനത്തിന് പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചതുമില്ല.

മുൻ വാഗ്ദാനങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറിയെന്നാണ് സംസ്ഥാന സർക്കാർ ഉയർത്തുന്ന മറ്റൊരാക്ഷേപം. ഏതെങ്കിലും സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കുമെന്ന് 2003ൽ കേന്ദ്രം നൽകിയ ഉറപ്പ് പാലിക്കുന്നില്ല. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ അധിക ഭൂമിയുടെ വില കണക്കിലെടുത്ത് സംസ്ഥാന സർക്കാറിന്റെ പങ്കാളിത്തത്തോടെ ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കാമെന്നും അന്ന് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമിയുടെ വില ഓഹരി പങ്കാളിത്തമായി നൽകുന്ന കാര്യവും പരിഗണിക്കാമെന്ന് അറിയിച്ചു. ഇതൊന്നും ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും സർക്കാർ വാദിക്കുന്നു.

Latest