Connect with us

Prathivaram

പറയേണ്ടതില്ലാലോ...

Published

|

Last Updated

നിനക്ക് ഞാന്‍
സ്വാഗതം പറയുന്നു
അധ്യക്ഷ പദവിയിലിരുന്ന്
നിന്നെ നിയന്ത്രിച്ചുകൊണ്ട്
എല്ലാ ഭൂതകാലത്തെയും
വര്‍ത്തമാനത്തിലേക്ക്
വരിയൊപ്പിച്ച് നിര്‍ത്തിയിട്ട്
തുടങ്ങുകയാണ്
ഉദ്ഘാടന
പ്രഭാഷണത്തിന്
നാല് വാക്കുകള്‍
കടമായെടുത്തുകൊണ്ടുവന്നിട്ടുണ്ട്
ഫാസിസം, ആചാരം
മനുഷ്യന്‍, സംസ്‌കാരം
എന്നീ പദങ്ങളായിരിക്കും
എരിഞ്ഞുപോയ ആത്മാവിനെ
എറിഞ്ഞുടക്കാന്‍ പാകത്തിലുള്ള
മൂശയിലിട്ടു
പഴുപ്പിച്ചെടുത്ത വാക്കുകള്‍
കൈയോടെ പിടികൂടി
വിസ്തരിക്കും
ആഗോള ഭീകരതയുടെ
അടിവേരുകള്‍ക്കപ്പുറത്തേക്ക്
ആഴ്ന്നിറങ്ങിയിട്ടും
കാണാതെ പോകുന്ന എത്രയോ
നൂറ്റാണ്ടുകളാണ്
എത്ര പാകം ചെയ്താലും
വെന്തുതീരാത്ത ചരിത്രത്തിലെ
ചില കാപട്യങ്ങള്‍
പോലെ ഉന്തിയും തള്ളിയും
വാക്കുകള്‍ കൊണ്ട് നീക്കിയെടുക്കേണ്ടത്
വാവിട്ടുകരയുന്ന പശുവിനോട്
വേദമോതാന്‍ പറയരുതെന്ന്
പലവുരു പറഞ്ഞിട്ടും
കടത്തിക്കൊണ്ടുവരുന്ന
അരുതായ്മകളുടെ മേല്‍
ആണിയടിച്ചിരുത്താന്‍
ഈ പറച്ചിലൊന്നും മതിയാവില്ല
ഇന്ത്യ അതൊരു
വെറും രണ്ടുവാക്കല്ലെന്ന്
സംസ്‌കാരങ്ങളുടെ
വീണുപോയ വെളിപാടുകളാല്‍
ഉള്ളില്‍ തറച്ചുപോയ അഴുക്കുകളെ
ഒഴുക്കിക്കളയാന്‍
എത്രകാലം അഹിംസയുടെ
ദണ്ഡുകള്‍ ഈ കാലത്തിന്‍മേല്‍
പതിയുന്നുവോ
അത്രക്കൂറ്റത്തോടെ
വിളിച്ചുപറഞ്ഞിട്ട്
നന്ദിവാക്കു പറയാതെ
അങ്ങവസാനിപ്പിക്കും
നന്ദിയെല്ലാം
വെറും നേരം കെട്ട
നേരത്തുപിറവികൊണ്ട
വാക്കുകളാണല്ലോ
.