Connect with us

National

കശ്മീരില്‍ സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ രാജിവെച്ചു; രാഷട്രീയത്തിലേക്കെന്ന് സൂചന

Published

|

Last Updated

ശ്രീനഗര്‍: കശ്മീരികളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐഎഎസില്‍നിന്നും രാജിവെച്ചു. ഷാ ഫൈസല്‍ രാഷ്്ട്രീയത്തിലിറങ്ങുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നുവെന്നും കശ്മീരികളോട് ആത്മാര്‍ഥമായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നുവെന്നും ഷാ ഫൈസല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു. മുസ്്‌ലിം സമുദായത്തെ ഹിന്ദുത്വ ശക്തികള്‍ രണ്ടാംകിട പൗരന്‍മാരായി കാണുന്നുവെന്നും ഷാ ഫൈസല്‍ ആരോപിച്ചു. കശ്മീരിന്റെ പ്രത്യേക പദവിയോടുള്ള ആക്രമണം, രാജ്യത്ത് വളര്‍ന്ന വരുന്ന അസഹിഷ്ണുത, വിദ്വേഷം, തീവ്രദേശീയത തുടങ്ങിയവയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിക്കൂടിയാണ് തന്റെ രാജിയെന്നും ഷാ ഫൈസല്‍ പറഞ്ഞു. വെള്ളിയാഴ്ച തന്റെ ഭാവി പദ്ധതികള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. അതേ സമയം ഷാ ഫൈസല്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനകളുണ്ട്. ഫൈസല്‍ ഷായെ സ്വാഗതം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു.2010ല്‍ നടന്ന ഐഎഎസ് പരീക്ഷയിലാണ് ഷാ ഫൈസല്‍ ഒന്നാം റാങ്ക് നേടിയത്.