Connect with us

Articles

മാരമ്മ ക്ഷേത്രത്തിലെ ദുരന്തത്തിന്റെ പാഠം

Published

|

Last Updated

സമാനതകളില്ലാത്ത വലിയൊരു ദുരന്തത്തിനാണ് പോയവാരം കര്‍ണാടക സാക്ഷ്യം വഹിച്ചത്. രണ്ട് ക്ഷേത്രങ്ങള്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദത്തില്‍ വിഷം കലര്‍ത്തുകയും ഇത് കഴിച്ച 15 പേര്‍ക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്ത നടുക്കമുളവാക്കിയ സംഭവം കര്‍ണാടകയുടെ മനസ്സില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. മനുഷ്യമനസ്സില്‍ മുളച്ചുപൊന്തുന്ന തീര്‍ത്താല്‍ തീരാത്ത പകയും വിദ്വേഷവും സൃഷ്ടിക്കുന്ന ബീഭത്സ രൂപത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവായി വേണം ഇതിനെ കാണാന്‍. ജീവന്‍ കവര്‍ന്നെടുത്ത് വൈരാഗ്യത്തിന്റെ കണക്കുകള്‍ തീര്‍ക്കുന്ന ഇത്തരം രീതികള്‍ ഏത് കോണുകളില്‍ നിന്നുണ്ടായാലും അനുവദിക്കില്ലെന്ന് സമൂഹത്തോട് വിളിച്ചുപറയാന്‍ സാധിക്കുന്ന തലമുറ വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയാണ് മൈസൂരു ചാമരാജ്‌നഗറിലെ മാരമ്മ ക്ഷേത്രദുരന്തം വിളിച്ചു പറയുന്നത്.
ചാമരാജ നഗര്‍ സുല്‍വഡി കുച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഓരോരുത്തരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരി തന്നെയാണ് കുടിപ്പക തീര്‍ക്കാന്‍ പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രം ട്രസ്റ്റ് മേധാവിയായ ഇമ്മാടി മഹാദേവ സ്വാമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് പൂജാരിയായ ദൊഡ്ഡയ്യ വെളിപ്പെടുത്തിയത്. ഇമ്മാടി മഹാദേവ, പൂജാരി ദൊഡ്ഡയ്യ തമ്പാടി, ക്ഷേത്രം ട്രസ്റ്റ് അംഗമായ മദേഷ, ഭാര്യ അംബിക എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ ഇമ്മാടി മഹാദേവ സ്വാമിയുടെ നിയന്ത്രണത്തിലായിരുന്നു മാരമ്മ ക്ഷേത്രം. ക്ഷേത്രത്തിലേക്കെത്തുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഇയാളാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ നാട്ടുകാരുടെ ആവശ്യപ്രകാരം ക്ഷേത്ര വികസനത്തിനായി പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതാണ് മഹാദേവയെ പ്രകോപിതനാക്കിയത്. ക്ഷേത്ര ഭരണം തിരിച്ചു പിടിക്കാനും നിലവിലുള്ള ട്രസ്റ്റ് മാനേജ്‌മെന്റിനെ അപകീര്‍ത്തിപ്പെടുത്താനും വേണ്ടിയാണ് മഹാദേവ പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ തീരുമാനിച്ചത്. ട്രസ്റ്റ് രക്ഷാധികാരിയായ ചിനാപ്പിയെ പുറത്താക്കുകയായിരുന്നു മഹാദേവയുടെ പ്രധാന ലക്ഷ്യമെന്നും വ്യക്തമായിട്ടുണ്ട്. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റതിന് പിന്നാലെ മഹാദേവക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്യാന്‍ തുടങ്ങിയതും പണത്തിന്റെ കണക്കുകള്‍ ആവശ്യപ്പെട്ടതും വൈരാഗ്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയായിരുന്നു. പണം കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മഹാദേവയെ മാറ്റി നിര്‍ത്തുകയും ചെയ്തു. ക്ഷേത്ര ഗോപുരം പുതുക്കി പണിയാന്‍ ഒക്ടോബറില്‍ ട്രസ്റ്റ് തീരുമാനിച്ചിരുന്നു. ഇതോടെ മഹാദേവ 1.5 കോടി രൂപ മുടക്കി ഗോപുരം നിര്‍മിക്കാനുളള പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.

എന്നാല്‍ ഇത്രയും പണം ഗോപുര നിര്‍മാണത്തിന് ചെലവഴിക്കുന്നത് അനാവശ്യമാണെന്നായിരുന്നു ട്രസ്റ്റ് അംഗങ്ങളുടെ പക്ഷം. 75 ലക്ഷത്തിന് കരാര്‍ നല്‍കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ശിലാസ്ഥാപനം നടന്ന ഡിസംബര്‍ 14 ന് തന്നെ പ്രസാദത്തില്‍ വിഷം കലര്‍ത്താനായി മഹാദേവ തിരഞ്ഞെടുത്തുവെന്നതും ശ്രദ്ധേയമാണ്. കൃഷി ഭവനില്‍ നിന്നും വാങ്ങിയ 15 കുപ്പി കീടനാശിനിയാണ് കൃത്യം നടത്താന്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. 500 മില്ലിയുള്ള കീടനാശിനിയുടെ രണ്ട് കുപ്പികള്‍ അംബികക്ക് നല്‍കിയിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. ചെടികള്‍ക്ക് ഒഴിക്കാനാണ് കീടനാശിനിയെന്നാണ് ഇവര്‍ പറഞ്ഞതെന്നാണ് കൃഷി ഓഫീസര്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രസാദമുണ്ടാക്കുമ്പോള്‍ പാചകക്കാരെ തന്ത്രപൂര്‍വം ഒഴിവാക്കി മാദേഷും, ദൊഡ്ഡയ്യയും ചേര്‍ന്ന് പുലാവില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. പ്രസാദത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാചകക്കാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ കര്‍പ്പൂരത്തിന്റെ മണമാണെന്നാണ് ഇവര്‍ നല്‍കിയ മറുപടി.

പ്രസാദം കഴിച്ച നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രസ്റ്റ് തലവന്‍ ഇമ്മാഡി മഹാദേവ സ്വാമിയാണ് ഒന്നാം പ്രതി. പ്രസാദത്തില്‍ കലര്‍ത്തിയത് ഒരു തരം ഓര്‍ഗാനോ ഫോസ്‌ഫേറ്റായ മോണോക്രോടോഫോസ് ആണെന്ന് കണ്ടെത്തിയിരുന്നു. പ്രസാദത്തിന്റെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മാരകമായ കീടനാശിനിയാണ് കലര്‍ത്തിയതെന്ന് ബോധ്യപ്പെട്ടത്. വളരെ അപകടകരമായ കീടനാശിനിയാണിത്. ഇത് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ആരോഗ്യനില വഷളാവുകയും ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്യുന്നു. ഫോറന്‍സിക് സയന്‍സ് ലാബിലും സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് (സി എഫ് ടി ആര്‍ ഐ) പ്രസാദത്തിന്റെ സാമ്പിള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കിയത്. നാഡീകോശങ്ങളെ കീടനാശിനി ഗുരുതരമായി ബാധിച്ചതാണ് ഇത്രയും പേരുടെ മരണത്തിനിടയാക്കിയതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം തലവന്‍ ഡോ. അലോക് ശ്രീവാസ്തവ ചൂണ്ടിക്കാണിക്കുന്നു.

പ്രസാദം കഴിച്ച് 16 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായതോടെ ക്ഷേത്രത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിച്ചുവരികയാണ്. ഹനൂര്‍ എം എല്‍ എ. ആര്‍ നരേന്ദ്രയാണ് ഈ ആവശ്യം സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ചമരാജനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി ബി കാവേരിയും സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളുടെയും നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ പ്രസാദ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്ഷേത്രങ്ങള്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടമായിരിക്കും നല്‍കുക.
ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സുല്‍വാഡി കിച്ചുമാരമ്മ ക്ഷേത്രത്തിലെ പ്രസാദ നിര്‍മാണ ശാലയില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിക്കാന്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇനി മുതല്‍ ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യുന്നതിന് മുമ്പ് പ്രാദേശിക ഹെല്‍ത്ത് ഓഫീസര്‍മാര്‍ പ്രസാദം പരിശോധിക്കും. മുസ്‌റായ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള എല്ലാ സ്വകാര്യ ക്ഷേത്രങ്ങളിലും ഇത്തരം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങളോടെയായിരിക്കും ക്ഷേത്രങ്ങളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം. ക്ഷേത്രത്തിന്റെ അടുക്കളയില്‍ പ്രവേശിക്കുന്ന എല്ലാവരും അവരുടെ പേര് വിവരം മുന്‍കൂട്ടി അറിയിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ചാമരാജനഗര്‍ മണ്ഡലം എം പി. ആര്‍ ധ്രുവനാരായണ ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിക്കുകയുണ്ടായി.
ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മാരമ്മ ക്ഷേത്രത്തിലുണ്ടായ നിര്‍ഭാഗ്യകരമായ ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ക്ഷേത്രത്തിലും മറ്റു ആരാധനാലയങ്ങളിലും ഭക്തര്‍ക്ക് നിര്‍ഭയമായി കടന്നുവരാനും ആരാധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കാനുമുള്ള സാഹചര്യം ഇല്ല. സങ്കടഭാരം അഴിച്ച് വെച്ച് ദേവപ്രീതിക്കായി വന്നെത്തുന്ന ഭക്തരെ പകയുടെയും വിദ്വേഷത്തിന്റെയും കണക്കുകള്‍ തീര്‍ക്കാനായി വകവരുത്തുന്ന കൊലക്കളമായി ഒരിക്കലും ക്ഷേത്ര ശ്രീകോവിലുകള്‍ മാറാന്‍ പാടില്ലാത്തതാണ്. സമീപകാലത്തായി കേരളത്തിലും ശബരിമല കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടമാടിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തി താത്പര്യങ്ങളും നേടിയെടുക്കാന്‍ ആരാധനാലയങ്ങളെ പോര്‍ക്കളമാക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

Latest