Connect with us

National

33 നിത്യോപയോഗ വസ്തുക്കളുടെ ജിഎസ്ടി നിരക്ക് കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: 33 നിത്യോപയോജ വസ്തുക്കളുടെ ജിഎസ്ടി നിരക്ക് കുറച്ചു. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും 12 ശതമാനമായും അഞ്ച് ശതമാനമായുമാണ് കുറച്ചത്. ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയാണ് ജിഎസ്ടി കുറച്ച കാര്യം ആദ്യം മാധ്യമങ്ങളെ അറിയിച്ചത്. യോഗം പൂർത്തിയായ ശേഷം അരുൺ ജയ്റ്റ്ലി മാധ്യമങ്ങളെ കണ്ട് ഒൗദ്യോഗിക പ്രഖ്യാപനവും നടത്തി.

നൂറ് രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനമായും നൂറ് രൂപയില്‍ കൂടുതലുള്ളതിന്റെ നിരക്ക് 18 ശതമാനമായും കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 28 ശതമാനമായിരുന്നു. മോണിറ്ററുകള്‍, 32 ഇഞ്ച് വരെയുള്ള ടെലിവിഷനുകള്‍, ഉപയോഗിച്ച ടയര്‍, പവര്‍ ബാങ്ക്, ലിഥിയം അയണ്‍ ബാറ്ററികള്‍ എന്നിവയുടെ നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനായി കുറച്ചു. ഭിന്ന ശേഷിക്കാരുടെ വാഹനത്തിന്റെ ആക്‌സസസിറകള്‍ക്ക് ജിഎസ്ടി നിരക്ക് അഞ്ച് ശതമാനായു‌ം കുറച്ചതായി അരുൺ ജയ്റ്റ്ലി അറിയിച്ചു. 34 ആഡംബര ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഇനി 28 ശതമാന‌ം ജിഎസ്ടി ഉണ്ടാകുകയുള്ളൂവെന്ന്  മന്ത്രി അറിയിച്ചു.

അതേസമയം, പ്രളയത്തെ തുടർന്നു കേരളത്തിനായി സെസ് ഏർപ്പെടുത്തുന്നതിൽ കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. അടുത്ത യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നു യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടർന്നാണിതെന്നും മന്ത്രി വ്യക്തമാക്കി.

ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് വെട്ടിക്കുറക്കുന്നതിനെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍ത്തതായി റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെ് ഇതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

99 ശതമാനം ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിലേക്ക് കുറയ്ക്കാനാകുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നികുതി നിരക്ക് പരിഷ്‌കരിച്ചത്.

Latest