Connect with us

Ongoing News

ആകാശ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സി എം ഇബ്‌റാഹിം

Published

|

Last Updated

പേര് പോലെ തന്നെ മൂര്‍ഖന്‍പറമ്പ് ആള് കയറാത്ത സ്ഥമലമായിരുന്നു. ഇവിടെയൊരു വിമാനത്താവളം വരുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. അത്തൊരു സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയായിരുന്ന സി എം ഇബ്‌റാഹിം മട്ടന്നൂരില്‍ വിമാനത്താവളം വേണമെന്ന് പറഞ്ഞത്. അത് പതിവ് രാഷ്ട്രീയ പ്രസംഗ കസര്‍ത്തായി മാത്രമെ എല്ലാവരും കരുതിയുള്ളു. മട്ടന്നൂരില്‍ വിമാനത്താവളമോ അത് നടന്നത് തന്നെയെന്നായിരുന്നു ജനങ്ങളുടെ പ്രതികരണവും. 1996 ലെ ദേവഗൗഡയുട നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായിരുന്നു മട്ടന്നൂരുമായി അടുത്ത ബന്ധമുള്ള സി എം ഇബ്‌റാഹിം. 1996ല്‍ കണ്ണരില്‍ അന്നത്തെ കേരള ഗതാഗത മന്ത്രി പി ആര്‍ കുറുപ്പിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു സി എം ഇബ്‌റാഹിം മട്ടന്നൂരിലെ വിമാനത്താവള സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി കൊണ്ട് ഒരു പ്രഖ്യാപനം നടത്തിയത്. ഇതിന് മുമ്പ് തന്നെ കണ്ണൂരില്‍ വിമാനത്താവളം എന്ന ആശയവുമായി ബന്ധപ്പെട്ട് വ്യവസായികളുടെയും മറ്റും നേതൃത്വത്തില്‍ പരിശ്രമം തുടങ്ങിയിരുന്നു. അന്ന് മാടായിപ്പാറയില്‍ വിമാനത്താവളം എന്ന ലക്ഷ്യത്തിലായിരുന്നു അത്. കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹിം മട്ടന്നൂരിന്റെ വിമാനത്താവള ആശയത്തിന് പിന്തുണ നല്‍കിയതോടെ പി ആര്‍ കുറുപ്പിന്റെയും അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെയും വൈദ്യുത മന്ത്രി പിണറായി വിജയന്റെയും ഇടപെടലുകളുണ്ടായി.

പിന്നീട് മൂര്‍ഖന്‍ പറമ്പില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനായി ദ്രുതഗതിയിലുള്ള ഇടപെടലുകള്‍ നടന്നു. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രി എന്ന നിലയില്‍ മട്ടന്നൂരില്‍ വിമാനത്താവളം വന്നാല്‍ കൂര്‍ഗിന്റെ സാധ്യതകള്‍ കൂടി സി എം ഇബ്രാഹിം മനസിലാക്കി. വിമാനത്താവളത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് നിന്നു. ആ സമയത്ത് മൂര്‍ഖന്‍പറമ്പില്‍ 200 ലധികം ഏക്കര്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ളവ ദ്രുതഗതിയില്‍ മുന്നോട്ടുപോയെങ്കിലും വിമാനത്താവള പദ്ധതിക്ക് കാബിനറ്റ് അംഗീകാരം ലഭിച്ചിരുന്നില്ല. ദേവഗൗഡ മാറി ഐ കെ ഗുജ്‌റാള്‍ മന്ത്രി സഭ വന്നപ്പോഴും സി എം ഇബ്‌റാഹിം കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്നു. കണ്ണൂരിന്റെ വിമാനത്താവളത്തോട് ഐ കെ ഗുജ്‌റാള്‍ വലിയ താല്‍പ്പര്യം കാണിച്ചില്ലെങ്കിലും സി എം ഇബ്‌റാഹിം വിമാനത്താവളത്തിനായി ശക്തമായി സമ്മര്‍ദ്ദം ചെലുത്തി.നീണ്ട കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പില്‍ നിന്ന് വിമാനം പറന്നുയരുമ്പോള്‍ തുടക്കക്കാരന്‍ എന്ന നിലയില്‍ സി എം ഇബ്‌റാഹിമിനോട് ഈ നാട് കടപ്പെട്ടിരിക്കുന്നു.

കൂത്തുപറമ്പ് കിണവക്കലിലാണ് സി എം ഇബ്‌റാഹിം ജനിച്ചത്. വളര്‍ന്നതും വിദ്യാഭ്യാസവുമൊക്കെ കര്‍ണാടകയിലെ ഷിമോഗയിലാണ്. പിന്നിട് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കര്‍ണാടകയിലെ രാഷ്ട്രീയ നേതൃ നിരയിലെത്തുകയായിരുന്നു. ജനതാ പാര്‍ട്ടിയുടെയും ജനതാദളിലെയും പ്രമുഖ നേതാവായി വളര്‍ന്നു. പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയുടെയും ഏറ്റവും അടുത്ത വിശ്വസ്തനും സി എം ഇബ്‌റാഹിമായിരുന്നു. പിന്നീട് കര്‍ണാടകയില്‍ ജനതാദള്‍ ജന പിന്തുണയില്‍ പിറകോട്ട് പോയതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എ ഐ സി സി അംഗമായ അദ്ദേഹം കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. 2010 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ പ്രസംഗിച്ചവരില്‍ ഏറ്റവുമധികം കയ്യടി നേടിയത് സി എം ഇബ്‌റാഹിം ആയിരുന്നുവെന്നത് അദ്ദേഹത്തിന് ഈ നാട് നല്‍കുന്ന സ്‌നേഹം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഏതായാലും തറക്കല്ലിട്ട് എട്ട് വര്‍ഷത്തിന് ശേഷം മൂര്‍ഖന്‍ പറമ്പില്‍ വിമാനമിറങ്ങുമ്പോഴും താരമാകുന്നത് കണ്ണൂരിന്റെ സ്വപ്‌നത്തിന് നിറം കൊടുത്ത സി എം ഇബ്‌റാഹിം തന്നെയാണ്. .

Latest