Connect with us

Editorial

അഗ്നിശമന ചട്ടങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു

Published

|

Last Updated

ബഹുനില കെട്ടിടങ്ങളില്‍ അഗ്നിശമന സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടിരിക്കയാണ്. ഇതു സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവി, അഗ്നിരക്ഷാ സേനാവിഭാഗം മേധാവി, തദ്ദേശവകുപ്പ് സെക്രട്ടറി എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലുണ്ടായ വന്‍ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍, അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ പല ബഹുനില സ്ഥാപനങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും തദ്ദേശസ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടനമ്പര്‍ കരസ്ഥമാക്കാറുള്ളതെന്നും കാണിച്ചു ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.

ബഹുനില കെട്ടിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപത്ത മൂലം അഗ്നിബാധ സാധാരമാണ്. എവിടെയെങ്കിലും അഗ്നിബാധയെ തുടര്‍ന്നു ദുരന്തങ്ങളും വന്‍ നാശനഷ്ടങ്ങളുമുണ്ടാകുമ്പോഴാണ് അധികൃതര്‍ ഉണരുന്നതും മുന്നറിയിപ്പുകളും പരിശോധനകളുമായി രംഗത്തു വരുന്നതും. ദിവസത്തിനകം വിഷയം ജനങ്ങളും അധികൃതരും മറക്കും. പിന്നീട് അടുത്ത തീപിടിത്തം വരുമ്പോഴാണ് നാടകം ആവര്‍ത്തിക്കുന്നത്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കുകയും ചെയ്യും. അഗ്നിശമന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ പാലിക്കാതെ പടുത്തുയര്‍ത്തിയ ബഹുനില കെട്ടിടങ്ങള്‍ക്ക് എന്‍ ഒ സി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നല്ലോ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നുമാറ്റിയത്.
ഒരു കെട്ടിടത്തന് ഫയര്‍ഫോഴ്‌സിന്റെ എന്‍ ഒ സി നല്‍കണമെങ്കില്‍ ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, സ്‌മോക് എക്‌സാട്രാക്ഷന്‍, സ്‌മോക് ഡിറ്റക്ഷന്‍, ഫയര്‍ സപ്രസന്‍ സിസ്റ്റം എന്നിവ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇതിന് നല്ലൊരു സംഖ്യ ചെലവ് വരുമെന്നതിനാല്‍ ചില കെട്ടിടങ്ങളില്‍ പ്രാഥമിക പരിശോധനാ വേളയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ താത്കാലികമായി ചില ഉപകരണങ്ങള്‍ സ്ഥാപിച്ച ശേഷം പിന്നീട് അത് എടുത്തു മാറ്റുകയാണ് ചെയ്യുന്നത്. പരിശോധനയില്‍ മതിയായ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി എന്‍ ഒ സി നല്‍കാറുമുണ്ട്. ഒരിക്കല്‍ പരിശോധന നടത്തി അനുമതി നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് പരിശോധനകള്‍ ഉണ്ടാകില്ലെന്നത് ഇത്തരക്കാര്‍ക്ക് സഹായകമാണ്.

ഈ വര്‍ഷം ജനുവരിയില്‍ ഫയര്‍ഫോഴ്‌സ് സംസ്ഥാന വ്യാപകമായി ബഹുനിലകെട്ടിടങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ നിര്‍മാണ ചട്ടങ്ങളില്‍ അനുശാസിക്കുന്ന ഉയരപരിധി പല കെട്ടിടങ്ങളും ലംഘിച്ചതായും ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തിയ കെട്ടിടങ്ങളില്‍ തന്നെ അവ ഫലപ്രദമായി പ്രവര്‍ത്തിക്കിന്നുമില്ല. അടിയന്തര സാഹചര്യത്തില്‍ പുറത്തേക്ക് രക്ഷപ്പെടുന്നതിനുള്ള വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു. ആളുകള്‍ ധാരളമായി വരുന്ന ആശുപത്രികള്‍, മാളുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷാ പാളിച്ചയുണ്ട്. സംസ്ഥാനത്ത് 10,000 ചതുരശ്ര അടി തറവിസ്തീര്‍ണമുള്ള പതിനായിരത്തിലധികം ബഹുനിലകെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും നടപടി എടുക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്‌തെങ്കിലും അവസ്ഥയില്‍ മാറ്റമുണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥ മേധാവികള്‍ പറയുന്നത്. ബഹുനില കെട്ടിടത്തിനു നാല് വശവും ഫയര്‍എന്‍ജിന്‍ ഓടിക്കാനാവുന്ന വഴികളുണ്ടാവണമെന്ന ചട്ടം പാലിക്കാത്തവയും ധാരാളം. അടുത്ത ദിവസം അഗ്നിബാധയുണ്ടായ മണ്‍വിളയിലെ കെട്ടിടത്തിലും ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഈ കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ ഒ സി നേടിയിരുന്നില്ലെന്നാണ് ടെക്‌നിക്കല്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അഗ്‌നിരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ബോധ്യമായാലും കെട്ടിടങ്ങള്‍ പൂട്ടിക്കാനോ സ്‌റ്റോപ്പ് മെമ്മോ നല്‍കാനോ കേസെടുക്കാനോ ഫയര്‍ഫോഴ്‌സിന് അധികാരമില്ലാത്തതാണ് നിയമലംഘനം വര്‍ധിക്കാന്‍ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവരം തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുന്നതില്‍ അവസാനിക്കുന്നു ഇക്കാര്യത്തില്‍ ഫയര്‍ഫോഴ്‌സിന്റെ ബാധ്യതയും അധികാരവും. കെട്ടിടനിര്‍മാണചട്ടങ്ങള്‍ പ്രകാരം തീ കെടുത്താനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള ഫയര്‍സിസ്റ്റം സ്ഥാപിച്ച കെട്ടിടങ്ങള്‍ക്കു മാത്രമേ തദ്ദേശസ്ഥാപനങ്ങള്‍ അനുമതിനല്‍കാവൂ. എന്നാല്‍, പല വിധ സമ്മര്‍ദങ്ങളാലും തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചകളും നിയമലംഘനവും കണ്ടില്ലെന്നു നടിക്കുന്നു. ലോക്‌നാഥ് ബഹ്‌റ അഗ്നിശമന സേനാ മേധാവിയായിരിക്കെ, അഗ്നിശമന സേനയും പോലീസും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും വരുന്ന ബഹുനിലക്കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ തടയാന്‍ സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങള്‍ പ്രത്യേകം തിരിച്ചറിഞ്ഞു- സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. ബഹ്‌റ ഒഴിഞ്ഞതോടെ ഇതെക്കുറിച്ചൊന്നും കേള്‍ക്കാതായി. ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആയുസ്സ് കുറവാണെന്നാണ് ഈ രംഗത്തെ പ്രധാന പ്രശ്‌നം.

Latest