Connect with us

Cover Story

അങ്ങനെ ആ യാത്രക്കൊടുവില്‍

Published

|

Last Updated

ഉസ്മാന്‍

ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. ആസൂത്രണവും പദ്ധതികളും മുന്നൊരുക്കങ്ങളുമെല്ലാം തകൃതിയായി നടത്തിയാലും കാലം കാത്തുവെച്ചത് മറ്റൊന്നായിരിക്കും. പല സമയങ്ങളില്‍ ഓരോരോ നിമിത്തങ്ങള്‍ വിരുന്നുവരും. അത് ചിലപ്പോള്‍ നല്ല വാര്‍ത്തയുടെ രൂപത്തിലായിരിക്കും അല്ലെങ്കില്‍ ആഘാതങ്ങളുടെ, സങ്കടങ്ങളുടെ ഇരട്ട തായമ്പക വാദ്യവുമായിട്ടായിരിക്കും. മലപ്പുറം ജില്ലയിലെ തവനൂര്‍ സ്വദേശി ഉസ്മാന്റെ ജീവിതവും പലപ്പോഴും നിയോഗങ്ങളായിരുന്നു. അല്ലെങ്കില്‍, ഏറെക്കാലം ജീപ്പും ലോറിയും ഓടിച്ചു നടന്നയാള്‍ മധ്യവയസ്സ് പിന്നിട്ട് ബെസ്റ്റ് പ്രൊസസ് കമ്പനിയുടെ ഉടമയാകില്ലല്ലൊ; അതുവഴി പ്രകൃതിയുടെ സംരക്ഷകനാകാനും സമൂഹത്തിന് സേവനം ചെയ്യാനും.

വഴിത്തിരിവായത് ആ കാഴ്ച
ലോറി ഡ്രൈവറായിരുന്ന കാലം. മഹാരാഷ്ട്രയില്‍ റോഡ് വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോള്‍ അവ ലേലത്തില്‍ പിടിച്ച് കേരളത്തിലെത്തിക്കുന്നതായിരുന്നു ഏര്‍പ്പാട്. മരങ്ങള്‍ മലേഗാവിലെ മരമില്ലില്‍ നിന്നും കട്ടില, ജനാല എന്നിവയുടെ ആവശ്യത്തിനുള്ള കഷണങ്ങളാക്കി കേരളത്തിലേക്ക് ലോറിമാര്‍ഗം എത്തിക്കും. ഈ സമയത്താണ് മരമില്ലിന്റെ സമീപത്ത് ദിവസവും ലോഡുകണക്കിന് പ്ലാസ്റ്റിക്കുമായി ലോറികള്‍ എത്തുന്നത് ശ്രദ്ധിച്ചത്. പ്ലാസ്റ്റിക് ഇറക്കുന്ന ലോറി ഡ്രൈവറോട് അന്വേഷിച്ചപ്പോള്‍ ബെംഗളൂരുവില്‍ നിന്നാണ് ഇവ എത്തിക്കുന്നതെന്നും കിലോഗ്രാമിന് 16 രൂപയാണ് വിലയെന്നും അറിയാനായി. ആ അറിവ് ഒരു വഴിത്തിരിവാകുകയായിരുന്നു. ഉസ്മാന്റെ തലയില്‍ ഉടന്‍ ആശയവും ഉദിച്ചു. വ്യവസായവും സമൂഹത്തിനും പ്രകൃതിക്കും നന്മ ചെയ്യലുമാകാം. പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ മഹാരാഷ്ട്രയിലെ പ്ലാസ്റ്റിക് പുനഃചംക്രമണ കമ്പനിയില്‍ രണ്ട് വര്‍ഷം ജോലി. കമ്പനിയില്‍ പതിനാറ് ഇനം പ്ലാസ്റ്റിക്കുകള്‍ തരംതിരിക്കണം. പ്ലാസ്റ്റിക് മാലിന്യം കാരണം വളരെയധികം പ്രയാസമനുഭവിക്കുന്ന കാലം കൂടിയായിരുന്നു അന്ന് കേരളത്തില്‍. മഹാരാഷ്ട്ര പ്ലാസ്റ്റിക് റീസൈക്കിളിംഗ് കമ്പനിയില്‍ നിന്ന് ആര്‍ജിച്ച വിവരങ്ങള്‍ നാട്ടില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നായി ഉസ്മാന്റെ ചിന്ത. കൂമണ്ണ സ്വദേശി സുബൈര്‍ ഹാജിയുമായി ആശയം പങ്കുവെച്ചപ്പോള്‍ സാമ്പത്തിക സഹായവും ഗോഡൗണും ലഭിച്ചു. അങ്ങനെ വാഹനം തയ്യാറാക്കി പ്ലാസ്റ്റിക് ശേഖരണരംഗത്തേക്ക് പ്രവേശിച്ചു. പിന്നീട് പ്ലാസ്റ്റിക്, അജൈവ മാലിന്യ സംസ്‌കരണത്തിലൂടെ നല്ല മാതൃക തീര്‍ക്കാനുമായി.

പത്താം ക്ലാസ് പഠനത്തിന് ശേഷം മുംബൈയിലേക്ക് “നല്ലവണ്ടി” കയറിയയിടത്ത് തുടങ്ങുന്നു ഉസ്മാന്റെ ഭൂതകാലം. മുംബൈയില്‍ ഓരോരോ ജോലിയുമായി കഴിഞ്ഞുകൂടി. ആയിടക്ക് ഡ്രൈവിംഗ് പരിശീലിച്ചു. പിന്നീട് നാട്ടില്‍ വന്ന് ജീപ്പെടുത്ത് കുറ്റിപ്പുറത്ത് പാര്‍സല്‍ സര്‍വീസ് തുടങ്ങി. കുറ്റിപ്പുറം ആര്‍ എം എസ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മേലാറ്റൂര്‍ മെയില്‍ സര്‍വീസ് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് മൂന്ന് കൊല്ലം നടത്തി. പിന്നീട് പത്ര വിതരണമായി മേഖല. 1984 മുതല്‍ കോഴിക്കോട് നിന്നും ദേശാഭിമാനി പത്രത്തിന്റെ മലപ്പുറം ജില്ലയിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ട് ഏറ്റെടുത്തു. ഒപ്പം സിറാജ്, മംഗളം, മാധ്യമം എന്നീ പത്രങ്ങളുടെയും കരാറുണ്ടായിരുന്നു. നീണ്ട മുപ്പത് വര്‍ഷം ഈ മേഖലയിലായിരുന്നു. ശേഷം ഗുജറാത്ത്, ഓഖ, വെരാവല്‍, പോര്‍ബന്തര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മത്സ്യ ഇറക്കുമതിയായി. ആ സമയത്താണ് മഹാരാഷ്ട്രയില്‍ നിന്ന് മരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനും പ്ലാസ്റ്റിക് പുനഃചംക്രമണത്തെ സംബന്ധിച്ച് അറിയാനും സാധിച്ചത്.

ദേശീയ ഗെയിംസിലേക്ക് “ക്ഷണം”
വര്‍ഷം 2010. വളാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചു. വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്, ഉസ്മാന്റെ ബെസ്റ്റ് പ്രൊസസ് കമ്പനിയിലൂടെ 50 രൂപ നിരക്കില്‍ ഒരു ബേഗ് വിതരണം ചെയ്യാന്‍ തീരുമാനമായി. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വാഹനം കൊണ്ടുവന്ന് 20 രൂപ ഈടാക്കി പ്ലാസ്റ്റിക് ഏറ്റെടുത്ത് കമ്പനിയില്‍ എത്തിച്ച് തരംതിരിച്ച് കയറ്റി അയക്കുകയാണ് രീതി. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി. തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം വിപുലമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും നിന്ന് 50 ടണ്‍ പ്ലാസ്റ്റിക് മാത്രം കയറ്റിയയച്ചിരുന്നു. മലപ്പുറത്ത് മങ്കട, പുലാമത്തോള്‍, അങ്ങാടിപ്പുറം, എടപ്പാള്‍, കുറ്റിപ്പുറം, വളാഞ്ചേരി, വെട്ടം, താനാളൂര്‍ പഞ്ചായത്തുകളിലും നിലമ്പൂര്‍, തിരൂര്‍ നഗരസഭകളിലും കോഴിക്കോട്ട് അഴിയൂര്‍ ചുങ്കം, വാണിമേല്‍, നാദാപുരം, വളയം എന്നീ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് ശേഖരണം നടത്തി. സന്നദ്ധ സംഘടനകളും കുടുംബശ്രീയും പാര്‍ട്ടികളുമൊക്കെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റെടുത്തു. ഇപ്പോള്‍ എല്ലാവിധ അജീര്‍ണ മാലിന്യങ്ങളും നിശ്ചിത സംഖ്യ ഈടാക്കി കമ്പനി ഏറ്റെടുക്കുന്നുണ്ട്.

ഈ സമയത്താണ് 2015 ല്‍ ദേശീയ ഗെയിംസ് സംസ്ഥാനത്ത് നടക്കുന്നത്. ഗെയിംസിന് കോഴിക്കോടും വേദിയായിരുന്നു. ഗെയിംസിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോകോളിലേക്ക് കമ്പനിക്ക് ക്ഷണം ലഭിച്ചു. ഗെയിംസ് വേദികളായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് 50 ടണ്‍ ജൈവ, അജൈവ മാലിന്യങ്ങളാണ് ഉസ്മാനും സംഘവും ശേഖരിച്ചത്. ദേശീയ ഗെയിംസിലെ മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍, സീറോ വെയിസ്റ്റ് നാഷനല്‍ അവാര്‍ഡുകളും ലഭിച്ചു ഉസ്മാന്റെ കമ്പനിക്ക്. എടപ്പാളിലെ അതിരാത്രയാഗ സ്ഥലവും വൈരങ്കോട് ഉത്സവ പറമ്പും ഉസ്മാന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന വാസുകി ഐ എ എസിന്റെ പ്രത്യേക പ്രശംസ ലഭിച്ചു. 2015ല്‍ ഫ്രീഡം ഫ്രം വെയിസ്റ്റ് സംസ്ഥാനതല ക്യാമ്പയിന്‍ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിയുടെ ആദരവും ലഭിച്ചു. ഇപ്പോള്‍ കേരള സംസ്ഥാന ശുചിത്വ മിഷന്‍ സര്‍വീസ് പ്രൊവൈഡറാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ മാലിന്യ നിര്‍മാര്‍ജന ബോധവത്കരണ ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. അതേസമയം ഭാരിച്ച ചെലവുകളുള്ള പദ്ധതിക്ക് പക്ഷേ മാറിമാറിവന്ന സര്‍ക്കാറുകളില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് പരിതപിക്കുന്നു ഉസ്മാന്‍. പ്ലാസ്റ്റിക് 16 വിധത്തിലുണ്ട്. ഇവ തരംതിരിച്ച് വേണം വിവിധ കമ്പനികള്‍ക്ക് നല്‍കാന്‍. ഇങ്ങനെ തരംതിരിക്കുന്നതിന് ഒരു തൊഴിലാളിക്ക് 300 രൂപ നല്‍കണം. ഒരു തൊഴിലാളി ദിവസം 30 കിലോ തരം തിരിക്കും. താങ്ങാന്‍ പറ്റാത്ത ചെലവു കൊണ്ട് ഈ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കേണ്ടിയും വന്നു.

എളുപ്പമാണ്, നാട് മാലിന്യമുക്തമാക്കാന്‍
നമ്മുടെ മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജാതി- രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നാടിനും ഭാവി തലമുറക്കും വേണ്ടി കൈകോര്‍ക്കണമെന്ന് പറയുന്നു ഉസ്മാന്‍. നമ്മള്‍ വീടുകളിലേക്ക് കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നത് അയല്‍വാസിയുടെ പറമ്പിലേക്കോ പാതയോരത്തോ തോട്ടിലോ പുഴയിലോ ആയിരിക്കും. ഇങ്ങനെയാണ് പ്ലാസ്റ്റിക് മലിനമായി മാറുന്നത്. മണ്ണില്‍ ലയിച്ചു ചേരാത്ത പ്ലാസ്റ്റിക് കെട്ടിക്കിടന്ന് ജലസ്രോതസ്സുകളും മണ്ണും ആവശ്യമായ സൂക്ഷ്മ ജീവനുകളും ചെടികളും മറ്റും നശിക്കുന്നു. പല വീടുകളിലും പ്ലാസ്റ്റിക് ശേഖരിക്കാന്‍ ചെന്നാല്‍ അവ കത്തിക്കുകയാണെന്ന അഹങ്കാരത്തോടെയുള്ള മറുപടിയാണ് വീട്ടമ്മമാരില്‍ നിന്ന് ലഭിക്കുന്നത്. 20 രൂപ മാസത്തില്‍ തരാനുള്ള മടി കൊണ്ട് ലക്ഷങ്ങള്‍ ചെലവാകുന്ന മാറാ രോഗങ്ങളാണ് ഏറ്റുവാങ്ങുന്നതെന്ന് അവര്‍ അറിയുന്നില്ല. മലയാളിയുടെ ഈ മനോഭവത്തിനാണ് മാറ്റം വരേണ്ടത്. കേരളം ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ വിപത്താണ് ഇലക്‌ട്രോണിക് മാലിന്യം. ഇലക്‌ട്രോണിക് മാലിന്യത്തിന്റെ കാര്യത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്തെ ഇ മാലിന്യം പ്രതിവര്‍ഷം 30 ശതമാനം വീതം വര്‍ധിക്കുകയാണ്. കമ്പ്യൂട്ടര്‍, ടി വി, മൊബൈല്‍ ഫോണ്‍ എന്നിവയിലെ കറുത്തീയം, ലെഡ്, മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ അപകടകരമായ ലോഹങ്ങള്‍ മണ്ണിലേക്കും വെള്ളത്തിലേക്കും എത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാകും. അസംഘടിത മേഖലയിലെ ആക്രി വില്‍പ്പനക്കാരാണ് 95 ശതമാനം ഇ മാലിന്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഇവരാകട്ടെ യാതൊരുവിധ സുരക്ഷയുമില്ലാതെയാണ് ഇവ കൈകാര്യം ചെയ്യുന്നത്.

പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കുമെന്നത് കേരളത്തിലെ ഓരോ തദ്ദേശഭരണ സ്ഥാപനവും നേരിടുന്ന വെല്ലുവിളിയാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം ആര്‍ എഫ്) നടപ്പില്‍ വരുത്തുകയും ഹരിത സേനാംഗങ്ങള്‍ വീടുവീടാന്തരം കയറി മാലിന്യങ്ങള്‍ ശേഖരിച്ച് എം ആര്‍ എഫില്‍ എത്തിക്കുകയും പിന്നീട് അംഗീകൃത ഏജന്‍സികള്‍ക്ക് ഇവ കൈമാറുകയും ചെയ്താല്‍ നാട് മാലിന്യമുക്തമാകും എന്ന് ഉസ്മാന്‍ അഭിപ്രായപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എം ആര്‍ എഫ് നടപ്പായെങ്കിലും മാലിന്യം നീക്കം ചെയ്യാനുളള അംഗീകൃത ഏജന്‍സികളെ കണ്ടെത്താന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. അതിനാല്‍ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഓര്‍ഗാനിക് ക്യാരിബാഗുകള്‍ക്ക് വിപണി നല്‍കണമെന്ന ആശയം ഉസ്മാന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഉപയോഗത്തിനുശേഷം മണ്ണിലും വെള്ളത്തിലും ലയിച്ചുചേരും എന്നതാണ് ഈ ബാഗുകളുടെ പ്രത്യേകത. വെള്ളത്തില്‍ ലയിപ്പിച്ച് കന്നുകാലികള്‍ക്ക് ആഹാരമായും കൊടുക്കാം. 50 പൈസ മുതല്‍ 15 രൂപ വരെ വില വരുന്ന 100 ഗ്രാം മുതല്‍ 25 കിലോ വരെ സാധനങ്ങള്‍ കൊണ്ടുപോകാവുന്ന ക്യാരിബാഗുകളാണിവ. വരും നാളുകളില്‍ ഈ ആശയം പ്രാവര്‍ത്തികമാകുമെന്ന വിശ്വാസവും ഭാവി തലമുറയെ പ്ലാസ്റ്റിക് എന്ന വന്‍ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന പ്രത്യാശയും ഉസ്മാന്റെ വാക്കുകളിലും ശരീരഭാഷയിലുമുണ്ട്.
.

Latest