Connect with us

Gulf

എക്‌സ്‌പോ വേദിയിലേക്കുള്ള റോഡ്, പാലം അവസാന ഘട്ടത്തില്‍ 63 കോടി ദിര്‍ഹം ചെലവിടും

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 വേദിയിലേക്കുള്ള ഗതാഗതം സുഗമമാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായുള്ള റോഡ്, പാലം വികസനത്തിന്റെ അവസാന രണ്ട് ഘട്ടങ്ങളായ അഞ്ചും ആറും ഘട്ടങ്ങള്‍ക്കായി 63 കോടി ദിര്‍ഹം ചെലവിടും. എത്രയും വേഗം അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണിത്. സന്ദര്‍ശകര്‍ക്ക് സുഗമമായ ഗതാഗത സൗകര്യമൊരുക്കുകയും എക്‌സ്‌പോ മേഖലയിലെ ഭാവി പദ്ധതികള്‍ക്ക് മുതല്‍കൂട്ടാവുകയും ചെയ്യുന്ന തരത്തിലുള്ള റോഡ്, പാലം വികസനങ്ങളാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) വിഭാവനം ചെയ്തിരിക്കുന്നത്. ജബല്‍ അലി-ലഹ്ബാബ് റോഡാണ് അഭിവൃദ്ധിപ്പെടുത്തുക.

എക്‌സ്‌പോ വേദിയിലേക്ക് നടപ്പാക്കുന്ന അതി ഭീമമായ പദ്ധതിയാണിതെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. ഇതിനാലാണ് ആറ് ഘട്ടങ്ങളായി തരംതിരിച്ച് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചാംഘട്ടത്തില്‍ 2.6 കിലോമീറ്റര്‍ നീളത്തില്‍ പാലം വികസിപ്പിക്കുകയും മൂന്ന് കിലോമീറ്റര്‍ റോഡ് നിര്‍മിക്കുകയും ചെയ്യും. മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ ജബല്‍ അലി-ലഹ്ബാബ് റോഡ് മൂന്ന് മുതല്‍ ആറ് വരി പാതകളാക്കും. നിലവിലുള്ള ഗതാഗതം സുഗമമാക്കാന്‍ സര്‍വീസ് റോഡുകളും നിര്‍മിക്കും. 800 മീറ്റര്‍ നീളത്തില്‍ ആറു വരി പാലവും നിര്‍മിക്കും. ജബല്‍ അലി-ലഹ്ബാബ് റോഡിനെ സര്‍വീസ് റോഡുകളുമായി ബന്ധിപ്പിക്കാന്‍ രണ്ട് പാലങ്ങള്‍കൂടി നിര്‍മിക്കും.

എക്‌സ്‌പോ വേദിയിലേക്ക് വരാനും പോകാനും എളുപ്പത്തിനാണിത്.
ആറാം ഘട്ടത്തില്‍ പാലം 1.4 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുകയും എട്ട് കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിക്കുകയും ചെയ്യും. മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ ജബല്‍ അലി-ലെഹ്ബാബ് റോഡ് നാല് മുതല്‍ ആറ് വരി പാതകളാക്കും. എമിറേറ്റ്‌സ് റോഡിനെ അഞ്ച് കിലോമീറ്റര്‍ കൂടി വികസിപ്പിക്കും.

എമിറേറ്റ്‌സ് റോഡ് ജംഗ്ഷനില്‍ നിലവിലുള്ള റൗണ്ട് എബൗട്ടും ജബല്‍ അലി-ലഹ്ബാബ് റോഡും ഫ്‌ളൈ ഓവര്‍ നിര്‍മിച്ച് നവീകരിക്കും. ജബല്‍ അലി-ലഹ്ബാബ് റോഡില്‍ ഇരു ദിശകളിലേക്കും നാല് നിരകളോടെയുള്ള പാലവും രണ്ട് നിരകളോടെയുള്ള സര്‍വീസ് റോഡും നിര്‍മിക്കും.
എമിറേറ്റ്‌സ് റോഡില്‍ നിന്ന് അബുദാബി ദിശയിലേക്ക് ഗതാഗതം സുഗമമാക്കാന്‍ റാമ്പും നിര്‍മിക്കും.

---- facebook comment plugin here -----

Latest