Connect with us

Prathivaram

പച്ചമരച്ചിത്രങ്ങള്‍

Published

|

Last Updated

ഓലമേഞ്ഞ പള്ളിക്കൂടത്തിന്റെ മുറ്റമാകെ പച്ചമരങ്ങള്‍ നിറഞ്ഞതായിരുന്നു. പച്ചമരങ്ങളുടെ ചില്ലകളിലെ പക്ഷിക്കൂടുകള്‍ കാണുവാനായിരുന്നു അവന്‍ ഇടവേളകളില്‍ പുറത്തേക്കെത്തിയിരുന്നത്.
ഒരു ദിനം പച്ചമരങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ മുരളുന്ന യന്ത്രവാളുകള്‍ മരങ്ങളുടെ തായ്ത്തടിയിലേക്ക് ആഴ്ന്നിറങ്ങുന്ന കാഴ്ചയില്‍ അവന്‍ വിറങ്ങലിച്ചു പോയി. നിലംപൊത്തിയ മരച്ചില്ലകളിലെ കൂടുകളില്‍ നിന്നും മുട്ടകള്‍ അവനു മുന്നില്‍ ഉടഞ്ഞു ചിതറുമ്പോള്‍ പക്ഷികള്‍ ദീനദീനം കരഞ്ഞ് മുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
ആ നോവുകള്‍ മാഞ്ഞു പോകും മുമ്പ്, മരങ്ങള്‍ വെട്ടിമാറ്റിയ മുറ്റത്ത് കൂറ്റന്‍ കെട്ടിടമുയര്‍ന്നു.
പുതിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ക്ലാസ് മുറി എന്നറിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുമ്പോള്‍, ക്ലാസ് മുറിയോളം ഉയരമുണ്ടായിരുന്ന മരങ്ങളെയും അവയിലെ പക്ഷികളെയും കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവന്‍.
പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ കുട്ടികള്‍ തിരക്കുകൂടുമ്പോള്‍ കെട്ടിടത്തിന്റെ ചുമരുകളിലെ പച്ചപ്പില്‍ അവന്റെ കാഴ്ചയുടക്കി.
കെട്ടിടത്തിന്റെ ചുമരുകളിലാകെ പച്ചമരച്ചിത്രങ്ങള്‍ വരച്ചുവെച്ചിരുന്നു. അതിനു താഴെ ഇങ്ങനെയൊരു സന്ദേശവും.
“മരങ്ങള്‍ ഭൂമിക്ക് കിട്ടിയ വരങ്ങള്‍,
നമ്മള്‍ മരങ്ങളെ സംരക്ഷിക്കുക”.
.

Latest