Cover Story
കാച്ചിത്തുണി ആശാന്‍

പള്ളിക്കാടിന്റെ മൂലയില്‍
കാടു പിടിച്ചൊരു ഖബറുണ്ട്.
പരമ്പരകള്‍ക്ക് വിത്തു പാകിയ
ഒരുമ്മയുടെ ആത്മാവ്
വെറ്റില ചുവപ്പിച്ച്
അവിടെ ചുറ്റിത്തിരിയാറുണ്ട്.
ആരെയൊക്കെയോ കാണാന്‍ കൊതിച്ച്,
തറവാടു വരെ വഴിക്കണ്ണ് നീളാറുണ്ട്.
അന്ന് രാവിലെ
നിറം മങ്ങിയ കാച്ചിത്തുണി,
ഖബറിലെ മണ്ണ് പുരട്ടിപ്പുത്തനാക്കി
ആ ഉമ്മ കാത്തിരുന്നു.
“പെരുന്നാളല്ലേ,
ഇന്നൊരു “സലാം” കിട്ടിയേക്കും…”
(നൊമ്പരം,
എന്‍ എസ് റഹ്മാന്‍ കാരക്കുന്ന്)
***
കോഴിക്കോട് ഒളവണ്ണ തേരളി പ്രഭാകരന്റെ വീടിന്റെ പിന്നാമ്പുറത്ത് എല്ലാ ദിവസവും അതിരാവിലെ ഒരു അടുപ്പ് പുകഞ്ഞുതുടങ്ങും. കുറ്റിയറ്റുപോകുന്ന ഒരു കൈത്തൊഴിലിന്റെ അതിജീവന ഗന്ധമാണ് ആ അടുപ്പില്‍ നിന്നുയര്‍ന്നുപൊങ്ങുന്ന പുകപടലങ്ങള്‍ക്ക്. തൊട്ടരികില്‍ വെയിലിനെയും മഴയെയും പ്രതിരോധിക്കാന്‍ ഓലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച ഒരു പണിപ്പുരയുമുണ്ട്. മാപ്പിള സ്ത്രീകളുടെ അലങ്കാരത്തിന്റെ അടയാളമായിരുന്ന കാച്ചിത്തുണിയുടെ നിര്‍മാണ ശാലയുടെ മുറിച്ചിത്രമാണ് ഈ അടുപ്പും പണിപ്പുരയും. ചരിത്രം എമ്പാടും പറയുന്ന ഒരു വസ്ത്രപ്പെരുമയെ ചിതലരിക്കാന്‍ വിടാതെ നിശ്ശബ്ദ സേവനം നടത്തുകയാണ് പ്രഭാകരന്‍.
കസവു തുന്നിയ കുപ്പായം, മുന്തിയ കാച്ചിത്തുണി, കഴുത്തില്‍ ചാവടിമാല, കാര്‍ക്കേലസ്, കാതില്‍ നിറയെ ചിറ്റ്, കുമ്മത്ത്, എളക്കത്താലി, കൊടലാരം, മാട്ടി, ചക്കരമാല, അലിക്കത്ത്, കാതില, മാറില്‍ മണിത്താലി, കഴുത്തില്‍ ചങ്കേലസ്സ്, കൈകളില്‍ കുറിയ വള, ചെത്തു വള, കാലില്‍ കൊലുസ്സ്, നെറ്റിയില്‍ ചൂട്ടി. ഓര്‍ക്കുന്നുവോ ഈയൊരു ചിത്രം? കാതില്‍ നിറയെ വലിയ ചിറ്റണിഞ്ഞ് ലങ്കിവിളങ്ങിയിരുന്ന മലബാറിലെ മാപ്പിള മങ്കമാരുടെ ഒഴിവാക്കാനാവത്ത വസ്ത്രാലങ്കാരമായിരുന്നു കാച്ചിത്തുണിയും പെങ്കുപ്പായവും തട്ടവുമൊക്കെ. കല്യാണവേളകളിലെയും പ്രത്യേക ആഘോഷ സമയങ്ങളിലെയും സ്ത്രീകളുടെ ഫാഷന്‍ ഡ്രസ്സായിരുന്നു കാച്ചിത്തുണി. സമ്പന്ന വീടുകളിലെ സ്ത്രീകള്‍ക്കത് സ്ഥിര ഉടുതുണിയായിരുന്നെങ്കില്‍ സാധാരണക്കാര്‍ വിശിഷ്ടാവസരങ്ങളിലേക്ക് കരുതിയ നിധികള്‍. പഴയകാലത്ത് മലയാളി സ്ത്രീകള്‍ ധരിച്ചിരുന്നത് തുണിയായിരുന്നു. കരയില്ലാത്ത തുണികളാണ് മറ്റ് സമുദായങ്ങള്‍ക്കെങ്കില്‍, മുസ്‌ലിം സ്ത്രീകളുടെത് നന്നേ വെളുത്തതും തെളിഞ്ഞ നിറത്തില്‍ കരയുമുള്ള കാച്ചിത്തുണിയായിരുന്നു. കാലന്തരേണ ചില മുസ്‌ലിം സ്ത്രീകള്‍ വെളുപ്പ് കുറഞ്ഞതും നേരിയ കരയുള്ളതുമായ സൂരിത്തുണിയിലേക്ക് മാറി. മുഴുവന്‍ നിറത്തിലുള്ള “ചീനൈ” മുണ്ടും പിന്നീട് ഉപയോഗിച്ചിരുന്നു. കാച്ചിത്തുണിക്കൊപ്പം മുത്തുമണികളുള്ളതും വെള്ളയോ ഇളം നിറത്തിലുള്ളതോ ആയ “പെങ്കുപ്പായം”, (പിന്നീട് പൂവോ പുള്ളിയോ പ്രിന്റ് ചെയ്ത പുള്ളിക്കുപ്പായം പ്രചാരത്തില്‍ വന്നു) തലമുഴുക്കെ മൂടുന്ന ശിരോവസ്ത്രം തുടങ്ങിയവയായിരുന്നു മാപ്പിള സ്ത്രീകളുടെ വസ്ത്രധാരണം. ഇന്ന് കാച്ചിത്തുണിയുടെ പേരും പെരുമയും വളരെ പ്രായം ചെന്ന വല്യുമ്മമാരില്‍ ഒതുങ്ങി. എന്നാല്‍, കാച്ചിത്തുണിക്ക് ഹൃദയത്തിന്റെ നിറം നല്‍കിയ ഒരാളാണ് കൊടിനാട്ട്മുക്ക് സ്വദേശി പുതിയ വീട്ടില്‍ പറമ്പില്‍ പ്രഭാകരന്‍. ഉപജീവനത്തിനപ്പുറം തൊഴിലിന് ഉപാസനയുടെ ചേരുവ ചേര്‍ത്തയാള്‍. പ്രതിസന്ധികളും വല്ലായ്മകളും വരിഞ്ഞുമുറുക്കുമ്പോഴും ഒരു സംസ്‌കാരത്തിന്റെ കൊടിക്കൂറ ചിതലരിക്കരുതെന്ന ശാഠ്യമുള്ളയാള്‍. ഒരു പക്ഷെ, കേരളത്തില്‍ കാച്ചിത്തുണിയുടെ ഏക നിര്‍മാതാവ്.
അറക്കല്‍ ബീവിയുടെ
പ്രതിനിധി ഒളവണ്ണയില്‍
മിഠായ്‌തെരുവില്‍ നിലവില്‍ കോയന്‍കോ ബസാര്‍ സ്ഥിതി ചെയ്യുന്നിടത്ത് 1965 കളില്‍ ഒരു കാച്ചിത്തുണി ഫാക്ടറി ഉണ്ടായിരുന്നു. ഇവിടേക്ക് പതിനാറാം വയസ്സില്‍ പ്രഭാകരന്‍ എത്തുന്നു. വസ്ത്ര നിര്‍മാണ രംഗത്ത് പ്രശസ്തനായിരുന്ന കാച്ചി കൃഷ്ണന്റെ ശിക്ഷണമായിരുന്നു പിന്നീടങ്ങോട്ട്. അങ്ങനെയാണ് കാച്ചി നിര്‍മാണം പഠിക്കുന്നത്. അന്നൊക്കെ ദിവസം ആയിരം കാച്ചികള്‍ വരെ നിര്‍മിച്ചിരുന്നു. കാലചക്രത്തിന്റെ അതിവേഗതയില്‍ കാച്ചി തുണിക്ക് ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ മിഠായ്‌തെരുവിലെ കൃഷ്ണന്റെ കമ്പനിയും പൂട്ടി. കൂടെ ജോലിയെടുത്ത പലരും പല മേഖലകളിലേക്ക് തിരിഞ്ഞെങ്കിലും തനിക്ക് ഉപ്പും ചോറും തന്ന തൊഴില്‍ വിട്ടുകളയാന്‍ പ്രഭാകരനായില്ല. പിന്നീട് സ്വന്തം വീടായി കാച്ചിത്തുണിയുടെ ഫാക്ടറി. കണ്ണൂരിലെ അറക്കല്‍ രാജവംശത്തിലെ അധികാരിയായ അറക്കല്‍ ബീവിയുടെ പ്രതിനിധി സ്ഥിരമായി ഒളവണ്ണയിലെത്തിയ കാലമുണ്ടായിരുന്നു. അറക്കല്‍ ബീവിക്ക് പ്രഭാകരന്‍ പ്രത്യേകം നിര്‍മിച്ച് കൊടുക്കുന്ന കാച്ചി തുണി വാങ്ങാനായിരുന്നു പ്രതിനിധിയുടെ ഈ പോക്കുവരവ്. ഈയടുത്ത് മരിച്ച അറക്കല്‍ ബീവി ഉപയോഗിച്ച കാച്ചിത്തുണി സ്ഥിരമായി തയ്യാറാക്കിയിരുന്നത് പ്രഭാകരനായിരുന്നു.
പച്ചക്കര കാച്ചി, എത്തിനോക്കി, സൂര്യകാന്തി, പച്ചക്കാച്ചി.. കാച്ചിത്തുണിയുടെ വ്യത്യസ്ത രൂപങ്ങളാണിത്. നൂറ് ശതമാനവും കോട്ടണ്‍ തുണി ഉപയോഗിച്ചാണ് കാച്ചിമുണ്ട് നിര്‍മിക്കുന്നത്. ആദ്യം മുണ്ടിന് ഞൊറിയിട്ട് റബ്ബര്‍ ഷീറ്റില്‍ പൊതിഞ്ഞ് നിറത്തില്‍ മുക്കിയെടുക്കും. തുണികള്‍ക്ക് ചായം പൂശാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒന്നുമില്ല; നാടന്‍ ക്രിയകള്‍ മാത്രം. വീടിന്റെ അടുക്കള വശത്ത് അടുപ്പില്‍ വെള്ളം ചൂടാക്കി വെച്ചാണ് തുണികളില്‍ ചായം പിടിപ്പിക്കുന്നത്. ചായം പൂശേണ്ട തുണികള്‍ പ്രത്യേകം ഡിസൈനില്‍ ചുരുക്കി പ്ലാസ്റ്റിക് കവറില്‍ ചുറ്റി റബ്ബര്‍ നാര് കൊണ്ട് വരിഞ്ഞു കെട്ടി കലക്കി വെച്ച ചായത്തില്‍ ഇറക്കി വെക്കും. പത്ത് മിനുട്ടിന് ശേഷം അലക്കു കല്ലില്‍ ശക്തമായി അടിച്ചു കഴുകും. തുടര്‍ന്ന് വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട് പാക്ക് ചെയ്താണ് വിതരണം നടത്തുന്നത്.
അതിരാവിലെ തുടങ്ങുന്ന കാച്ചി നിര്‍മാണം രാവിലെ പത്ത് മണിയോടെ അവസാനിക്കും. വെള്ളത്തിലും ചെളിയിലും ജോലിയെടുക്കാന്‍ പലരും തയ്യാറാകാത്തത് കാരണം ആദ്യഘട്ടങ്ങളില്‍ പ്രഭാകരന്‍ ഏറെ പ്രയാസത്തിലായിരുന്നു. ആരെയും കിട്ടാതായതോടെ ഭാര്യ കോമളവും മക്കളായ പ്രബീഷ്, പ്രജീഷ് കുമാര്‍, പ്രജിത്ത മരുമക്കള്‍ റിനി, ശാമിനി എന്നിവരുമാണ് നിര്‍മാണത്തില്‍ ഇന്നും പ്രഭാകരനെ സഹായിക്കുന്നത്. മാത്രമല്ല, കൂലിക്ക് ആളെ വെച്ച് നിര്‍മിക്കാനുള്ള വരുമാനവും ഇതില്‍ നിന്ന് ലഭിക്കില്ല. ഒരു ദിവസം ആയിരം കാച്ചികള്‍ നിര്‍മിച്ചിരുന്ന പ്രഭാകരന് ഇപ്പോള്‍ പെരുന്നാള്‍ സീസണ്‍ കഴിഞ്ഞാല്‍ വെറുതെ ഇരിക്കേണ്ട സ്ഥിതിയാണ്. എങ്കിലും കലോത്സവങ്ങളിലും കോളജ് ഫെസ്റ്റുകളിലും മറ്റ് മേളകളിലും ഒപ്പന പോലെയുള്ള കലാരൂപങ്ങളില്‍ ഉപയോഗിക്കാന്‍ കാച്ചി ആവശ്യപ്പെടുന്നുവരുണ്ട്. കോഴിക്കോട് നഗരത്തിലെ പത്തിലധികം മൊത്തക്കച്ചവട കടകളിലേക്കും മറ്റ് ചില്ലറ വില്‍പ്പന കടകളിലേക്കുമാണ് പ്രധാനമായും കാച്ചി തുണി എത്തിച്ചുകൊടുക്കുന്നത്. ഇവിടെ നിന്നാണ് അന്തമാന്‍, കവരത്തി തുടങ്ങിയ ദ്വീപുകളിലേക്കും മലബാറിലെ വിവിധ ജില്ലകളിലേക്കും കൊണ്ടുപോകുന്നത്. ഡിമാന്‍ഡിന് അനുസരിച്ചാണ് നിര്‍മാണം. ഒരു ദിവസം അമ്പത്, അറുപത് മുണ്ടുകള്‍ വരെയാണ് നിര്‍മിക്കുന്നത്. ആവശ്യക്കാര്‍ക്കനുസരിച്ച് ഏത് മോഡലുകളിലും പുതുമയിലും പ്രഭാകരന്‍ രൂപപ്പെടുത്തി നിറം ചാര്‍ത്തിക്കൊടുക്കും.
കാലത്തിന്റെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കാതെ
കാലമേറെ കഴിഞ്ഞപ്പോള്‍ പഴമയുടെ പേരു പറഞ്ഞ് മലബാറിലെ വീടുകളില്‍ നിന്നും കല്യാണ ആഘോഷങ്ങളില്‍ നിന്നുമൊക്കെ കാച്ചി തുണി ഒരു വിദൂര ഓര്‍മ പോലുമല്ലാത്ത തരത്തില്‍ വിടപറഞ്ഞെങ്കിലും പിടിവിടാന്‍ പ്രഭാകരന്‍ തയ്യാറല്ല. പ്രഭാകരന്റെ പ്രായം തളര്‍ത്താത്ത മനസ്സും പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിലിനോടുള്ള പ്രതിബദ്ധതയും ആരെയും അത്ഭുതപ്പെടുത്തും.
ഒരു കാച്ചിക്ക് ഒരു രൂപയും രണ്ട് രൂപയും മാത്രം ലഭിച്ച കാലം പ്രഭാകരന്‍ ഓര്‍ക്കുന്നു. കാലഘടികാരം ധാരാളം മുന്നോട്ടോടിയെങ്കിലും കിട്ടുന്ന കൂലിയില്‍ വലിയ മാറ്റമൊന്നുമില്ല. കോട്ടണ്‍ തുണി ഉപയോഗിച്ച് ഒരു മുണ്ട് നിര്‍മിച്ചാല്‍ 35 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കടകളില്‍ 170 മുതല്‍ 190 രൂപ വരെയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. റമസാന്‍, കലോത്സവം എന്നിവയാകുമ്പോള്‍ ആവശ്യക്കാരുടെ എണ്ണം കൂടാറുണ്ട്. ഒരു തുണി ചായം പൂശാന്‍ ഏകദേശം 25 രൂപ വരെയാണ് ചെലവ്. ഒരു മുണ്ടിലേക്ക് രണ്ട് ഗ്രാം ചായമാണ് വേണ്ടത്. മുംബൈയില്‍ നിന്നും കോഴിക്കോട് മൊയ്തീന്‍ പള്ളിക്കു സമീപത്തെ കടയിലെത്തുന്ന ഒരു കിലോ ചായത്തിന് അയ്യായിരത്തിലധികം രൂപ വില വരുന്നുണ്ട്. ഒരു സെറ്റ് കാച്ചി തുണി പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് മൂന്ന് ദിവസം എടുക്കും. കടത്തില്‍ മുങ്ങി നില്‍ക്കുന്ന പ്രഭാകരന്‍ നിലവിലെ കിടപ്പാടം പോലും ബേങ്കില്‍ പണയപ്പെടുത്തിയ അവസ്ഥയിലാണുള്ളത്. പണിപ്പുര പുതുക്കി പണിയണമെന്ന ആഗ്രഹമുണ്ടെങ്കിലും ബേങ്കിലെ വായ്പാ തിരിച്ചടവും മറ്റ് ദൈനംദിന ജീവിത ചെലവുകളും താങ്ങാനാവുന്നില്ല. അമ്പതിലേറെ വര്‍ഷമായി രംഗത്തുണ്ടെങ്കിലും പ്രഭാകരേട്ടന്‍ കാച്ചിത്തുണി നിര്‍മാതാവാണെന്നത് സ്വന്തം നാട്ടില്‍ പോലും പലര്‍ക്കുമറിയില്ല. പക്ഷെ, അദ്ദേഹത്തിന് പരാതിയോ പരിഭവമോ ഇല്ല. കിട്ടുന്ന വരുമാനം എന്തായാലും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥമായ സമീപനം കൊണ്ട് വിജയിക്കാനാകുമെന്ന് പ്രഭാകരന്‍ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട്. സാമ്പത്തിക ഭദ്രത, സമൂഹത്തിലെ നിലയും വിലയും എന്നതിലപ്പുറം സംതൃപ്തിയുടെതാണ് ആ വിജയം. തൊഴിലിനോടും വിയര്‍പ്പുറ്റി ഉണ്ണുന്നതിനോടുമുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ വിജയം.
.