Connect with us

Gulf

കണ്ണൂരിലേക്ക് പറക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങി

Published

|

Last Updated

അബുദാബി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ തയ്യാര്‍. വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ പുറത്തുവിട്ടത്. ഒക്ടോബര്‍ 29 മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് തീരുമാനം. തീയതിയും സമയവും നിശ്ചയിച്ചെങ്കിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ അബുദാബി, ദുബൈ , മസ്‌കറ്റ്, റിയാദ്, ദമാം, ഷാര്‍ജ എന്നിവടങ്ങളിലേക്കാണ് സര്‍വീസ്. ദിവസം മൂന്നു സര്‍വീസുകള്‍ നടത്താനാണ് ധാരണയായിട്ടുള്ളത്. അടുത്തദിവസം നടക്കുന്ന സിവില്‍ ഏവിയേഷന്‍ അധികൃതരുടെ പരിശോധനയില്‍ തടസങ്ങളുണ്ടായാല്‍ ഷെഡ്യൂളില്‍ മാറ്റമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ റാസല്‍ഖൈമ , അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് തുടങ്ങും. എയര്‍ ഇന്ത്യക്കുപുറമെ ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ക്കും കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇവയും അടുത്തദിവസം ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതിനിടെ, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സിനായുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) എയര്‍പോര്‍ട്ട് പരിശോധന 17, 18, 19 തീയതികളില്‍ നടക്കും. മറ്റു തടസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ 17ന് പരിശോധനാസംഘമെത്തും. ഡി ജി സി എ അംഗങ്ങളില്‍ ചിലര്‍ നേരത്തെ വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. 200 പേരെ കയറ്റാവുന്ന യാത്രാവിമാനവും റണ്‍വേയില്‍ ഇറക്കി പരിശോധന നടത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍, സുരക്ഷാ സംവിധാനങ്ങള്‍, കസ്റ്റംസ് പരിശോധനാ സംവിധാനങ്ങള്‍ എന്നിവയൊക്കെ പൂര്‍ണസജ്ജമാണ്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്), എയര്‍പോര്‍ട്ട് ഇക്കോണമിക് റഗുലേറ്ററി അഥോറിറ്റി (എഇആര്‍എ), ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റം(ഐഎല്‍എസ്) പരിശോധനകള്‍ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്.കണ്ണൂര്‍ രാജ്യാന്തര കമ്പനിയായ കിയാലിന്റെ ഓഫീസ് അടുത്ത ദിവസം എയര്‍ പോര്‍ട്ട് ആഭ്യന്തര ടെര്‍മിനല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest