Connect with us

Articles

എലിപ്പനിയെ കരുതിയിരിക്കാം

Published

|

Last Updated

പ്രളയ ദുരന്തത്തില്‍ രണ്ടാഴ്ചക്കാലം കഴിഞ്ഞ സംസ്ഥാനത്തെ ജനങ്ങള്‍ എലിപ്പനി ഭീതിയിലാണിപ്പോള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ പോലും എലിപ്പനി മൂലം മരണമടഞ്ഞിരിക്കുന്നു. രോഗം ഏറ്റവും വ്യാപകമായത് കോഴിക്കോട് ജില്ലയിലാണ്. പത്തനംതിട്ട, തൊടുപുഴ, മലപ്പുറം, തൃശൂര്‍, വയനാട്, ഇടുക്കി, കൊല്ലം, കാസര്‍കോട്, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് സന്നദ്ധ പ്രവര്‍ത്തകര്‍ എലിപ്പനി മൂലം മരിച്ചത്.

ലെപ്‌റ്റോസ്‌പൈറോസിസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന എലിപ്പനി രോഗബാധിതരായ എലികള്‍, ചുണ്ടെലി, അണ്ണാന്‍, മുയല്‍, കീരി, നായ, പൂച്ച എന്നിവയില്‍ നിന്നാണ് മനുഷ്യനിലെത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ കാഷ്ഠം, മൂത്രം, അവയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും കണ്ണില്‍ നിന്നുമുള്ള സ്രവങ്ങള്‍ എന്നിവയിലെ രോഗാണുക്കള്‍ നേരിട്ടോ വെള്ളത്തിലൂടെയോ മനുഷ്യശരീരത്തിലെ മുറിവുകളിലൂടെയാണ് രക്തത്തില്‍ എത്തുന്നത്. മേല്‍ പറഞ്ഞ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളം, പാല്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തിലെത്താന്‍ സാധ്യത ഏറെയാണ്. രോഗം ബാധിച്ച ഇത്തരം മൃഗങ്ങള്‍ കടിച്ചാലും മാന്തിയാലും രോഗാണു മനുഷ്യനിലെത്താം. രോഗാണു ഉള്ള വെള്ളവും ഭക്ഷണവും കഴിക്കുമ്പോള്‍ വായില്‍ മുറിവുകളോ അള്‍സറോ ഉണ്ടെങ്കില്‍ അതിലൂടെയും രോഗബാധ ഉണ്ടാകും. മണ്ണില്‍ പണിയെടുക്കുമ്പോഴും കിളയ്ക്കുമ്പോഴും കാലില്‍ മുറിവുണ്ടെങ്കില്‍ അതിലൂടെ രോഗാണുക്കള്‍ ശരീരത്തിലെത്താം. എലി മൂത്രം, കാഷ്ഠം എന്നിവ കലര്‍ന്ന വെള്ളം ഉപയോഗിച്ച് മുഖം കഴുകുമ്പോഴും കണ്ണിലൂടെയും രോഗം ഉണ്ടാകാവുന്നതാണ്. മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് സാധാരണ എലിപ്പനി പകരാറില്ല. തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് എലിപ്പനി പിടിപെടാന്‍ സാധ്യത ഏറെയാണ്. ജലദോഷം പോലെ ആരംഭിക്കുന്ന എലിപ്പനിയുടെ ഒന്നാം ഘട്ടത്തില്‍ രോഗിയില്‍ പനി, വിറയല്‍, ഛര്‍ദി, പേശിവേദന, തലവേദന, ക്ഷീണം എന്നീ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകും. അതിനുശേഷം ഒന്നാം ഘട്ടം ഇല്ലാതാകും. രണ്ടാം ഘട്ടത്തില്‍ കണ്ണില്‍ ചുവന്ന നിറവും വീക്കവും പ്രത്യക്ഷപ്പെടും. കാലിലും കൈയിലും മറ്റു ശരീര ഭാഗങ്ങളിലും തടിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. അടിവയറ്റിലും മലദ്വാരത്തിലും വേദന ഉണ്ടാകും. വയറിളക്കവും ക്ഷീണവും വര്‍ധിക്കും. ഈ അവസ്ഥയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഹൃദയം, കരള്‍, തലച്ചോര്‍, ശ്വാസകോശം, കിഡ്‌നികള്‍, സുഷുമ്‌ന എന്നിവയെ രോഗം ബാധിക്കും. മഞ്ഞപ്പിത്ത ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെടും. അവയവങ്ങള്‍ ഓരോന്നായി നശിക്കാന്‍ തുടങ്ങും. തുടര്‍ന്ന് മരണം സംഭവിക്കും.

ശരീരത്തില്‍ രോഗാണുക്കള്‍ കയറി രണ്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. ലെപ്‌റ്റോസ്‌പൈറോസിസ് അഥവാ എലിപ്പനി ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണ്. സ്‌ട്രെപ്‌റ്റോബാസില്ലോസിസ്, സ്പിരില്ലോസിസ് എന്നീ രണ്ട് തരം ബാക്റ്റീരിയകള്‍ വഴി ഈ രോഗം ഉണ്ടാകാവുന്നതാണ്. രോഗാണുക്കള്‍ ഉള്ള ജലത്തില്‍ മുറിവുള്ള ശരീരഭാഗങ്ങള്‍ മുട്ടിയാല്‍ ആന്റിസെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് വൃത്തിയായി കഴുകണം. എലിമൂത്രം കലര്‍ന്ന ഒഴുകുന്നതോ കെട്ടികിടക്കുന്നതോ ആയ വെള്ളത്തില്‍ രോഗാണുക്കള്‍ കാണാനിടയുണ്ട്. കുഴിയെടുക്കുമ്പോള്‍ മണ്ണുമായി സമ്പര്‍ക്കം വരുമ്പോള്‍ കാലുകളിലെ മുറിവിലൂടെയും രോഗാണുക്കള്‍ ശരീരത്തിലെത്താം.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ഡോക്ടര്‍മാരുടെ അടുത്തോ ചികിത്സ തേടുക. സ്വയം ചികിത്സയും നാടന്‍ മരുന്നുകളും ഒഴിവാക്കുക. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ കരുതലായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒന്ന് വീതം കഴിക്കാവുന്നതാണ്. മലിനജലവുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുക. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാന്‍ പരിശ്രമിക്കുക. മുറിവുകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക. ജലകേളികള്‍ നിര്‍ത്തുക. ആന്റിസെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് വായ വൃത്തിയാക്കുക. കൈയുറയും ഗംബൂട്ടും ഇല്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങരുത്. വീടുകളില്‍ എലി, അണ്ണാന്‍ എന്നിവയെ സൂക്ഷിക്കുക.
മലിനമായ ജലവും പാലും കുടിക്കുന്നത് ഒഴിവാക്കുക. പാസ്ചറൈസ് ചെയ്ത പാലും തിളപ്പിച്ചാറ്റിയ വെള്ളവും മാത്രം കുടിക്കുക. രോഗം ഉണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കുക; രോഗബാധയുടെ ആദ്യത്തെ ഏഴ് മുതല്‍ 10 ദിവസം വരെ രക്തത്തിലും സെറിബ്രസ്‌പൈനല്‍ ദ്രാവകത്തിലും രോഗാണുക്കള്‍ ഉണ്ടാകും. ആദ്യത്തെ 10 ദിവസത്തിനു ശേഷം രോഗാണുക്കള്‍ മൂത്രത്തില്‍ ഉണ്ടാകും. അതായത് രോഗം ബാധിച്ചു ഏഴ് ദിവസം കഴിയാതെ രക്തത്തിലോ മൂത്രത്തിലോ രോഗാണുവിനെ കണ്ടെത്താന്‍ കഴിയില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യ സഹായം തേടണം.

Latest