Connect with us

Editorial

ദുരിത ബാധിതര്‍ക്കു വേണ്ടിയാകട്ടെ പെരുന്നാള്‍

Published

|

Last Updated

ഇബ്‌റാഹീം നബിയുടെ നിസ്തുല ത്യാഗത്തെയും ഇസ്മാഈല്‍ നബിയുടെ അനുപമമായ അര്‍പ്പണ ബോധത്തെയും ഹാജറ ബീവിയുടെ വിശ്വാസ ദാര്‍ഢ്യതയെയും അനുസ്മരിപ്പിക്കുന്നതാണ് ബലിപെരുന്നാള്‍. ജീവിത സായാഹ്നത്തില്‍ ലഭിച്ച മകനെ ഇലാഹീ മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കാനുള്ള ആദര്‍ശ ഗരിമ, മകനെ ഇലാഹീ പ്രീതിക്കായി ബലിയര്‍പ്പിക്കാനുളള സമാനതയില്ലാത്ത ത്യാഗ മനസ്ഥിതി, കൂട്ടിനാരോരുമില്ലാത്ത, ജലത്തിന്റെ ശകലമോ പച്ചപ്പോ ഇല്ലാത്ത വരണ്ട ഭൂമിയില്‍ ഉപേക്ഷിക്കാനുള്ള സമര്‍പ്പണ ബോധം, വിശ്വാസ സംരക്ഷണത്തിന് വേണ്ടി ആളിക്കത്തുന്ന തീയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും ആറാത്ത ആദര്‍ശ ഗരിമ, തുടങ്ങി ചരിത്രത്തിന്റെ നെറുകയില്‍ സ്ഥാനം പിടിക്കുന്നതിന് ഇബ്‌റാഹീം നബിയെ അര്‍ഹനാക്കിയ ഉദാത്ത മാതൃകകള്‍ ഏറെയാണ്. ആ പ്രവാചകന്‍ ഉള്‍ക്കൊണ്ട ആദര്‍ശത്തിന്റെ സംരക്ഷകരും അനന്തരാവകാശികളുമാണ് മുസ്‌ലിം സമൂഹം. ത്യാഗവും, സഹനവും, ആത്മസമര്‍പ്പണവുമാണ് സത്യവിശ്വാസിയുടെ ഒഴിച്ചുകൂടാനാവാത്ത ഗുണമേന്മയെന്നാണ് ബലിപെരുന്നാള്‍ ഉണര്‍ത്തുന്നത്.

കോരിച്ചൊരിഞ്ഞ പേമാരി സൃഷ്ടിച്ച ദുരന്തങ്ങള്‍ക്ക് നടുവിലാണ് ഇത്തവണ മുസ്‌ലിം കേരളം പെരുന്നാള്‍ ആഘോഷിക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ ജീവിതത്തിന്റെ അത്താണിയായിരുന്ന കുടുംബ നാഥന്മാര്‍ മരണപ്പെട്ടവര്‍, വീടും കൃഷിയിടവും ഉള്‍ക്കൊള്ളുന്ന ഭൂമി ഉള്‍പ്പെടെ ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടവര്‍, വീട് തകര്‍ന്നു അന്തിയുറങ്ങാനുള്ള മാര്‍ഗം കാണാതെ ഉഴലുന്നവര്‍ എന്നിങ്ങനെ ഭാവി ജീവിതത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുന്നവരാണ് ഇന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകള്‍. മഴ ശമിച്ചെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തന്നെയാണ് അവരിലേറെ പേര്‍ക്കും ഇപ്പോഴും അഭയം. സര്‍ക്കാര്‍ സംവിധാനങ്ങളും കാരുണ്യ സന്നദ്ധ പ്രവര്‍ത്തകരും എത്തിച്ചു കൊടുക്കുന്ന ഭക്ഷണ പൊതികളും വസ്ത്രങ്ങളും പുതപ്പുകളുമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതും നാണം മറക്കാന്‍ സഹായിക്കുന്നതും, തണുപ്പില്‍ നിന്ന് ആശ്വാസം പകരുന്നതും. ഇബ്‌റാഹീം നബി കാണിച്ചു തന്ന സേവന സന്നദ്ധതയും ത്യാഗ മനോഭാവവും ഇത്തരം ഹതഭാഗ്യരെ സഹായിക്കാനുള്ള പ്രചോദനമായിത്തീരേണ്ടതാണ്. നോവുന്ന ഹൃദയത്തെ സമാശ്വസിപ്പിക്കാനും കരയുന്നവന്റെ കണ്ണീരൊപ്പാനും മനസ്സില്ലാത്തവന് വിശ്വാസിയാകാന്‍ കഴിയില്ലെന്നാണ് പ്രവാചക ശ്രേഷ്ഠര്‍ പഠിപ്പിച്ചത്.

സ്വന്തത്തിന്റെ നേട്ടങ്ങള്‍ക്കായി എന്തു ത്യാഗം അനുഷ്ഠിക്കാനും അധികം പേരും തയാറായെന്ന് വരും. എന്നാല്‍ മറ്റുളളവര്‍ക്കു വേണ്ടി മെയ്യനക്കാനോ സാമൂഹിക സേവനത്തിനോ വിമുഖതയാണ്. കഷ്ടത അനുഭവിക്കുന്ന സഹോദരനും അയല്‍ക്കാരനും പാവപ്പെട്ടവനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഉദാത്തവും യഥാര്‍ഥ സേവനവും. ഒരു വിശ്വാസിയുടെ അടിസ്ഥാന ഗുണവുമാണിത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരം സദാ നമ്മുട മുമ്പില്‍ തുറന്നു കിടപ്പുണ്ടെങ്കിലും വന്‍പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ഇപ്പോഴത്തെ കേരളീയ പരിസരം ഈ വഴിയില്‍ ഇറങ്ങിത്തിരിക്കാനാഗ്രഹിക്കുന്നവരെ കൂടുതല്‍ പ്രചോദിതരും കര്‍മ നിരതരുമാക്കേണ്ടതാണ്. എസ് വൈ എസിന്റെ സാന്ത്വനം പോലുള്ള സന്നദ്ധ, സേവന സംരംഭങ്ങള്‍ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ദുരിത ബാധിതര്‍ക്കാവശ്യമായ സാധന സാമഗ്രികളുടെ കണക്കെടുത്തു എത്തിച്ചു കൊണ്ടിരിക്കയാണ് സംസ്ഥാനത്തുടനീളം സാന്ത്വനം വളണ്ടിയര്‍മാര്‍. അതാത് മേഖലകളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ച ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് മതിയായ പിന്തുണ നല്‍കാന്‍ സമൂഹം സന്നദ്ധമാകേണ്ടതുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയ പലരെയും കാത്തിരുന്നത് മനംതകര്‍ക്കുന്ന കാഴ്ചകളാണ്. പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് വെള്ളം കയറിയ വീടുകളില്‍ പലതും. ചെളി കയറി വാസയോഗ്യമല്ലാത്തവയും ധാരാളം. ചെളിവെള്ളം കയറി കിണറുകളിലെ ജലം മലിനമായിരിക്കുന്നു. വീടുകളും ശുചിമുറികളും മറ്റും വൃത്തിയാക്കി വാസയോഗ്യമാക്കുന്നതിന് ഇവര്‍ക്ക് പരസഹായം ആവശ്യമുണ്ട്. റോഡുകള്‍ തകര്‍ന്നു ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളുണ്ട്. യാത്രാസൗകര്യത്തിന് അവിടങ്ങളില്‍ താത്കാലിക മാര്‍ഗങ്ങളെങ്കിലും ലഭ്യമാക്കേണ്ടതുണ്ട്. പെരുന്നാള്‍ ഒഴിവിന്റെ വേളകള്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയാണെങ്കില്‍ അതു മഹത്തായൊരു പുണ്യകര്‍മമായിരിക്കും.

കേരളത്തിലെ പ്രളയദുരന്തത്തിനിരയായവര്‍ക്ക് പുറം രാജ്യങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഗള്‍ഫ് ഭരണാധികാരികള്‍ വിശിഷ്യാ യു എ ഇ ഭരണകൂടം ഇക്കാര്യത്തില്‍ കാണിക്കുന്ന സഹാനുഭൂതി വിവരണാതീതമാണ്. 700 കോടിയുടെ വമ്പന്‍ സഹായമാണ് ഇന്നലെ യു എ ഇ ഭരണകൂടം പ്രഖ്യാപിച്ചത്. കേരളത്തിന് സംഭവിച്ച ദുരന്തം സ്വന്തം ജനതക്ക് സംഭവിച്ചതിന് സമാനമായി കണ്ട് ആവശ്യമായ സഹായമെത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കാനും അവര്‍ മുന്നോട്ടുവന്നു. പ്രളയത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് സഹായഹസ്തം നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നായിരുന്നു ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. യു എ ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും സഹായാഭ്യര്‍ഥന നടത്തി. യു എ ഇ ഭരണാധികാരികള്‍ നേരിട്ടു നടത്തിയ അഭ്യര്‍ഥന പ്രവാസ ലോകത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. അവര്‍ കാണിക്കുന്ന സ്‌നേഹ വായ്പിന് നാം എത്ര കൃതജ്ഞത രേഖപ്പെടുത്തിയാലും മതിയാകില്ല.

Latest