Connect with us

Kerala

സി മുഹമ്മദ് ഫൈസിക്ക് തലസ്ഥാനത്തിന്റെ ആദരം

Published

|

Last Updated

തിരുവനന്തപുരം: ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സി മുഹമ്മദ് ഫൈസിക്കും ഹജ്ജ് കമ്മിറ്റിയംഗങ്ങള്‍ക്കും തലസ്ഥാനത്തിന്റെ ആദരം. സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം യൂത്ത് സ്‌ക്വയറില്‍ സ്വീകരണം നല്‍കി. അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ലഭിച്ച അവസരമാണ് പുതിയ സ്ഥാനലബ്ധിയെന്നും ഇത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹാജിമാര്‍ക്ക് മികച്ച സൗകര്യം ഒരുക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ടി വി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഖാസിം കോയ പൊന്നാനി, മുസ്‌ലിയാര്‍ സജീര്‍ മലപ്പുറം, സിദ്ദീഖ് സഖാഫി നേമം, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, അയലക്കാട് സിദ്ദീഖ് മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ പോത്തന്‍കോട്, ഹാഷിം മുസ്‌ലിയാര്‍ ആലംകോട്, അബുല്‍ഹസന്‍ വഴിമുക്ക് സംബന്ധിച്ചു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സി മുഹമ്മദ് ഫൈസി പ്രമുഖ പണ്ഡിതനായിരുന്ന നെടിയനാട് സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ മകനായി 1955ലാണ് ജനിച്ചത്. പിതാവില്‍ നിന്ന് പ്രാഥമിക പഠനം. തുടര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ അടുത്ത് നിന്ന് വിശദമായ ഇസ്‌ലാമിക പഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹ ര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിരുന്നു. മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി സീനിയര്‍ പ്രൊഫസറാണ്.
ബഹുഭാഷാ പണ്ഡിതനായ ഫൈസി ജോര്‍ദാന്‍, ഈജിപ്ത്, മലേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.