Connect with us

National

മഹാരാഷ്ട്രയില്‍ മറാത്താ പ്രക്ഷോഭം അക്രമാസക്തം

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗം നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി. മറാത്ത ക്രാന്തി മോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദിനിടെ ഔറംഗബാദ്, പുണെ, മുംബൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിഷേധം അരങ്ങേറി. പലയിടത്തും പ്രക്ഷോഭകര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിനിടെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഔറംഗബാദ് മേഖലയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുംബൈയില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈക്ക് പുറമെ താനെ, നവി മുംബൈ, റായ്ഗഢ് എന്നിവിടങ്ങളിലും ബന്ദിന് ആഹ്വാനം ചെയ്തു.

പ്രക്ഷോഭകരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്. മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകനായ കാകാസാഹേബ് ഷിന്‍ഡെയാണ് പ്രതിഷേധ മാര്‍ച്ചിനിടെ തിങ്കളാഴ്ച ഔറംഗബാദിലെ പാലത്തില്‍ നിന്ന് ഗോദാവരി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ മരണത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുല്‍ദാണാ, അകോല, പരാലി, വാശിം, മുംബൈ എന്നിവിടങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വേണമെന്നാണ് മറാത്ത വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ ജില്ലകളില്‍ റാലികള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വന്‍ റാലിയാണ് മറാത്ത ക്രാന്തി മോര്‍ച്ച മുംബൈയില്‍ നടത്തിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനം മറാത്ത വിഭാഗമാണ്.

ഔറംഗബാദിലും സമീപ ജില്ലകളിലുമാണ് പ്രതിഷേധം കൂടുതല്‍ ശക്തമായത്. ഔറംഗബാദില്‍ ശിവസേന എം പിയുടെ കാറിന് നേരെ ആക്രമണമുണ്ടായി. സാംഗ്ലി, ഷിര്‍ദി എന്നിവിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തല മുണ്ഡനം ചെയ്തും പ്രതിഷേധം നടന്നു. പോലീസുകാരന്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. പുണെ- ഔറംഗബാദ് റൂട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അറുപത് ബസുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. പോലീസ് വാന്‍ ഉള്‍പ്പെടെ പതിമൂന്ന് വാഹനങ്ങള്‍ക്ക് തീയിട്ടു.