Connect with us

National

ലക്ഷ്മിവര തീര്‍ഥ സ്വാമിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published

|

Last Updated

ബെംഗളൂരു: ഷിരൂര്‍ മഠാധിപതി ലക്ഷ്മിവര തീര്‍ഥ സ്വാമിയുടെ മരണം സംബന്ധിച്ച ദുരൂഹത ഇനിയും നീങ്ങിയില്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് സ്വാമി മരിച്ചതെന്നാണ് കണ്ടെത്തിയത്. വിഷം അകത്തുചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. സ്വാമിക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് സഹോദരനായ ലതവ്യ ആചാര്യ ആരോപിക്കുന്നത്. അനുയായികളും ഇതേ സംശയം ഉന്നയിക്കുന്നു. അന്ന് സ്വാമിക്കൊപ്പം ഭക്ഷണം കഴിച്ച മാറ്റാര്‍ക്കും വിഷബാധയേറ്റിട്ടില്ല. മഠത്തിലെ അടുക്കള സാധനങ്ങളടക്കം കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തും. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ആദ്യം സംശയിച്ചിരുന്നത്.

കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മഠത്തില്‍ പോലീസ് കാവല്‍ ശക്തമാക്കി. മഠത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. സ്വാമിയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഹിരിയ്ട്ക്ക പോലീസിനാണ് അന്വേഷണത്തിന്റെ ചുമതല. വിശദ പരിശോധനക്കായി സ്വാമിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. മഠത്തിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ച് പരിശോധിക്കും. സ്വാമിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രവികിരണ്‍ മുരുടേശ്വര്‍ വെളിപ്പെടുത്തി.
ശ്രീകൃഷ്ണ മഠത്തിലെ ചില ക്രമേക്കടുകള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരിലായിരുന്നു വധഭീഷണിയെന്നാണ് വെളിപ്പെടുത്തല്‍.

അതിനിടെ, ലക്ഷ്മിവര തീര്‍ഥ സ്വാമിക്കെതിരെ പരസ്ത്രീ ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ഥ സ്വാമി രംഗത്ത് എത്തിയത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. സ്വാമിക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. മദ്യപാനവും സ്ത്രീ ബന്ധവും ഉള്‍പ്പെടെ സന്യാസത്തിന് നിരക്കാത്ത സ്വഭാവദൂഷ്യങ്ങള്‍ സ്വാമിക്കുണ്ടായിരുന്നുവെന്നും വിശ്വേശതീര്‍ഥ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സ്വാമിക്ക് ബന്ധമുണ്ടായിരുന്ന സ്ത്രീകളുമായുള്ള തര്‍ക്കമോ ഷിരൂര്‍ മഠത്തിലെ പ്രശ്‌നമോ ആയിരിക്കാം മരണകാരണമെന്നും വിശ്വേശതീര്‍ഥ ആരോപിച്ചു.