Connect with us

Ongoing News

ഇംഗ്ലണ്ടില്‍ ഏകദിന പരമ്പരക്ക് ഇന്ത്യ ഇന്നിറങ്ങും

Published

|

Last Updated

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ജയിച്ച ഇന്ത്യ ഏകദിന പരമ്പര ലക്ഷ്യമിട്ടൊരുങ്ങുന്നു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇനി മൂന്നു മല്‍സരങ്ങള്‍ തന്നെയുള്ള ഏകദിന പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് നോട്ടിംഗ്ഹാമില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്കാണ് ആദ്യ ഏകദിനം ആരംഭിക്കുന്നത്.
ട്വന്റി20 പരമ്പര കൈവിട്ടതിന്റെ ക്ഷീണം ഏകദിനത്തില്‍ തീര്‍ക്കാമെന്ന കണക്ക്കൂട്ടലിലാണ് ആതിഥേയര്‍. നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജ് സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുക. ഇംഗ്ലണ്ടിന്റെ ഭാഗ്യവേദി കൂടിയാണ് ഈ സ്‌റ്റേഡിയം. ഏകദിനത്തിലെ ലോക റെക്കോര്‍ഡ് സ്‌കോറായ 481 റണ്‍സ് ഇംഗ്ലണ്ട് കുറിച്ചത് ഇവിടെയായിരുന്നു. പ്രതാപം വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന ഓസീസിനെതിരെ ആയിരുന്നു ഇത്.
ഇന്ത്യന്‍ പേസാക്രമണത്തിലെ തുറുപ്പുചീട്ടുകളിലൊന്നായ ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിലും കളിക്കുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് താരം പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

നേരത്തേ നടന്ന ട്വന്റി20 പരമ്പരയിലും ബുംറ ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. ബുംറയുടെ പകരക്കാരനായി ഷര്‍ദ്ദുല്‍ താക്കൂറിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പരിക്കേറ്റ ടോം ക്യുറാനു പകരം താരത്തിന്റെ സഹോദരന്‍ കൂടിയായ സാം ക്യുറാന്‍ ഇംഗ്ലണ്ട് ടീമിലെത്തി. മുന്‍തൂക്കം ഇന്ത്യക്ക് ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്.

ഇതുവരെ 96 മല്‍സരങ്ങളിലാണ് ഇരുടീമും മുഖാമുഖം വന്നിട്ടുള്ളത്. ഇവയില്‍ 52 ഏകദിനങ്ങളില്‍ ജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ 39 കളികളിലാണ് ഇംഗ്ലണ്ടിനു ജയിക്കാനായത്. അതേസമയം, ഇംഗ്ലണ്ടില്‍ 38 മല്‍സരങ്ങളിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. 19 മല്‍സരങ്ങളില്‍ ഇംഗ്ലണ്ടും 15 എണ്ണത്തില്‍ ഇന്ത്യയും ജയിച്ചുകയറി.
അഞ്ചു വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് ഏകദിനത്തില്‍ 50 വിക്കറ്റുകള്‍ തികയ്ക്കാം.
33 റണ്‍സ് നേടാനായാല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിക്ക് 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം.

ടീമുകള്‍ ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ് വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍, സുരേഷ് റെയ്‌ന, ഉമേഷ,് യാദവ്, അക്ഷര്‍ പട്ടേല്‍.
ഇംഗ്ലണ്ട്: ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, അലെക്‌സ് ഹെയ്ല്‍സ്, ജോ റൂട്ട്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് വില്ലി, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ജെയ്ക്ക് ബെല്‍, സാം ക്യുറാന്‍.