Connect with us

Articles

കാവേരി വെള്ളത്തിന് വീണ്ടും തീപ്പിടിക്കുമ്പോള്‍

Published

|

Last Updated

കര്‍ണാടകയില്‍ കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും നിയമ പോരാട്ടങ്ങളും അവസാനമില്ലാതെ തുടരുന്ന കാഴ്ചയാണ് കാണുന്നത്. ഭരണകൂടങ്ങള്‍ മാറി മാറി അധികാരത്തിലെത്തിയിട്ടും രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കാവേരി നദീ ജല തര്‍ക്കത്തിന് ശാശ്വതവും രമ്യവുമായ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. സുപ്രീം കോടതി ഉത്തരവനുസരിച്ച് സമീപനാളില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡും റെഗുലേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചതാണ് കര്‍ണാടകക്ക് കാവേരി വിഷയത്തില്‍ ഏറ്റവുമൊടുവില്‍ കനത്ത ആഘാതം സൃഷ്ടിച്ചത്. വാട്ടര്‍മാനേജ്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നതോടെ കാവേരിയിലെ അണക്കെട്ടുകളുടെ നിയന്ത്രണം കര്‍ണാടകക്ക് നഷ്ടപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അണക്കെട്ടുകളുടെ നിയന്ത്രണാധികാരം ഇത്രയും കാലം കര്‍ണാടകക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ഇത് ചോദ്യം ചെയ്യാനോ അധികാരം തിരിച്ചുപിടിക്കാനോ ഇതുവരെ മറ്റൊരു ശക്തിയും രംഗത്ത് വന്നിട്ടില്ല.

എന്നാല്‍, കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നത് കര്‍ണാടകക്ക് മേല്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ ഇടയാക്കിയിരിക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് ഉത്ഭവിക്കുന്ന കാവേരി നദി സംസ്ഥാനത്തിന്റെ ജലസ്രോതസ്സാണ്. കൊടിയ വരള്‍ച്ചയില്‍ നിന്ന് കര്‍ണാടകയെ അല്‍പ്പമെങ്കിലും രക്ഷപ്പെടുത്തുന്നത് ഇവിടുത്തെ അണക്കെട്ടുകളാണ്. കര്‍ണാടകയുടെ ജീവന്‍ നിലനിര്‍ത്തുന്ന കാവേരി നദിയുടെ നിയന്ത്രണം മറ്റൊരു ശക്തിയിലേക്ക് മാറുന്നത് കര്‍ണാടക ഭരണകൂടത്തിനും ജനതക്കും ചിന്തിക്കാന്‍ പോലും സാധ്യമല്ല. കാവേരി അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തുന്നതിലും വെള്ളം പങ്കുവെക്കുന്നതിലും തീരുമാനമെടുക്കാനുള്ള അധികാരം ഇപ്പോള്‍ നിലവില്‍ വന്ന വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡില്‍ നിക്ഷിപ്തമാകുന്നതോടെ കര്‍ണാടക സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാകും. അണക്കെട്ടുകളുടെ നിയന്ത്രണാധികാരം തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണത്തെ കര്‍ണാടക ശക്തിയുക്തം എതിര്‍ത്തുവന്നത്. എന്നാല്‍, ഈ എതിര്‍പ്പ് അവഗണിച്ചാണ് ബോര്‍ഡ് രൂപവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയത്. ബോര്‍ഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി കൂടിയാലോചന നടത്താനോ സംസ്ഥാനത്തിന്റെ വാദഗതികള്‍ പരിഗണിക്കാനോ കേന്ദ്രം തയ്യാറായില്ല.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം കേന്ദ്രം വൈകിപ്പിച്ചത് തന്നെ. ബോര്‍ഡ് രൂപവത്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ സമീപകാലത്ത് ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ അരങ്ങേറിയിരുന്നു. കാവേരി നദിയോ അതിന്റെ കൈവഴികളോ ഒഴുകുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ തോതില്‍ വെള്ളം വിതരണം ചെയ്യാനാണ് കാവേരി ബോര്‍ഡ് സ്ഥാപിക്കുന്നതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കാവേരി വെള്ളത്തില്‍ അവകാശമുള്ളത്. കര്‍ണാടകയുടെ എതിര്‍പ്പ് വക വെക്കാതെയുള്ള കമ്മിറ്റികളുടെ രൂപവത്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ കര്‍ണാടകക്ക് വേണ്ടി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഉടലെടുത്ത തര്‍ക്കങ്ങളിലും കര്‍ണാടകക്ക് വേണ്ടി കേസ് വാദിച്ചിരുന്നത് ഫാലി നരിമാനായിരുന്നു. എന്നാല്‍, കര്‍ണാടകക്ക് അനുകൂലമായി കേസ് വാദിച്ച് ജയിക്കുന്നതില്‍ പരാജയപ്പെട്ട നരിമാനെ അവസാന നിമിഷം കാവേരി കേസ് വാദിക്കുന്നതില്‍ നിന്നും അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ ഒഴിവാക്കുകയാണ് ചെയ്തത്. നരിമാനെതിരെ അന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണുയര്‍ന്ന് വന്നിരുന്നത്. കര്‍ണാടകയുടെ വാദമുഖങ്ങള്‍ നിരത്തി സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ വീണ്ടും ഫാലി നരിമാനെ തന്നെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ കര്‍ണാടകക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമാവും. അതുകൊണ്ട് തന്നെ കമ്മിറ്റി രൂപവത്കരിക്കുന്നതിന് മുമ്പ് പാര്‍ലിമെന്റില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. കര്‍ണാടകയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ രൂപവത്കരിച്ച കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയിലും മാനേജ്‌മെന്റ് ബോര്‍ഡിലും പിന്നീടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ നിശ്ചയിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാവേരി നദീജല മാനേജ്‌മെന്റ് അതോറിറ്റിയിലേക്ക് ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാകേഷ് സിംഗിനെയും ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാവേരി നദീജല റെഗുലേഷന്‍ കമ്മിറ്റിയിലേക്ക് കാവേരി നീരാവരി നിഗം ലിമിറ്റഡ് മാനേജിംഗ് ഡയരക്ടര്‍ എച്ച് ആര്‍ പ്രസന്നയേയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടകയുടെ എതിര്‍പ്പ് വക വെക്കാതെ രൂപവത്കരിച്ച കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ആളിപ്പടരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കാവേരി നദീജല തര്‍ക്കത്തിന് രമ്യമായ രീതിയില്‍ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കാവേരി വാട്ടര്‍മാനേജ്‌മെന്റ് ബോര്‍ഡും ജലക്രമീകരണ കമ്മിറ്റിയും രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. കേന്ദ്ര ജലവിഭവ കമ്മീഷന്‍ ചെയര്‍മാന്‍ എസ് മസൂദ് ഹുസൈനാണ് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍. കേന്ദ്രജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ നവീന്‍കുമാര്‍, കേന്ദ്ര കൃഷിമന്ത്രാലയം കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്രജലവിഭവ കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ നവീന്‍കുമാറാണ് കാവേരി നദീജല റെഗുലേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍. കാവേരി നദിയില്‍ നിന്ന് ഈ മാസം 31.24 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാനാണ് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ആദ്യത്തെ ഉത്തരവ്. ഇതിനെതിരെ വാദിച്ച് വെള്ളം വിട്ടുകൊടുക്കുന്നത് ഇല്ലാതാക്കാന്‍ യോഗത്തില്‍ പങ്കെടുത്ത കര്‍ണാടകയുടെ പ്രതിനിധികള്‍ക്ക് സാധിക്കാതെ പോയി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി കര്‍ണാടകയില്‍ സാമാന്യം കൂടിയ മഴയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ കാവേരി നദിയിലെ നാല് അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‌നാടിന് വെള്ളം നല്‍കുന്നത് കര്‍ണാടകക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയില്ലെന്നുമാണ് വാട്ടര്‍മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ നിരീക്ഷിച്ചത്. കബനി, കൃഷ്ണരാജ സാഗര്‍, ഹരംഗി, ഹേമാവതി എന്നീ അണക്കെട്ടുകളാണ് കാവേരി നദിയിലുള്ളത്.

സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടാന്‍ കഴിയാതെ വരികയും അണക്കെട്ടുകളുടെ നിയന്ത്രണം കര്‍ണാടകക്ക് പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതി സംജാതമാവുകയാണെങ്കില്‍ സംസ്ഥാനത്തെ ജനത അടങ്ങിയിരിക്കില്ലെന്ന് ഉറപ്പാണ്. അവര്‍ വീണ്ടും കലാപക്കൊടിയുമായി സര്‍ക്കാര്‍ സംവിധാനത്തിനെതിരെ രംഗത്ത് വരും. കാവേരി പ്രക്ഷോഭത്തിന്റെ മറ്റൊരു അധ്യായത്തിനായിരിക്കും ഇതിലൂടെ സംസ്ഥാനം സാക്ഷ്യം വഹിക്കുക. സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാവുകയും വിളകള്‍ ഉണങ്ങി നശിക്കുകയും കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാവുകയും ചെയ്തപ്പോഴെല്ലാം കാവേരി കേസുകളില്‍ കര്‍ണാടകക്ക് സുപ്രീംകോടതിയില്‍ നിന്ന് തുടര്‍ച്ചയായ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. തമിഴ്‌നാടിന് കൂടുതല്‍ അളവില്‍ വെള്ളം നല്‍കണമെന്ന കോടതി വിധി കര്‍ണാടകക്ക് വലിയ ആഘാതമാണ് പലപ്പോഴും സൃഷ്ടിച്ചത്. സുപ്രീം കോടതി നിര്‍ദേശിച്ച അളവില്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാറിന് അയച്ചുകൊടുക്കേണ്ട സ്ഥിതി വരെയെത്തിയിരുന്നു കാര്യങ്ങള്‍.
തമിഴ്‌നാടുമായുള്ള നദീജല തര്‍ക്കം എന്നതിലുപരി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ കാവേരി പ്രശ്‌നത്തെ വൈകാരികമായാണ് എന്നും സമീപിച്ചിട്ടുള്ളത്. ഇതിന്റെ പേരില്‍ അരങ്ങേറിയ പ്രക്ഷോഭ സമരങ്ങള്‍ തന്നെ ഇതിന്റെ പ്രകടമായ തെളിവാണ്. കാവേരിയില്‍ നിന്ന് ഒരുതുള്ളി അധിക ജലം പോലും പാഴാക്കരുതെന്ന് നിര്‍ബന്ധ ബുദ്ധി വെച്ചു പുലര്‍ത്തുന്നവരാണ് കര്‍ണാടകയും തമിഴ്‌നാടും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ് വിവാദത്തിരയില്‍ പെട്ട കാവേരി നദി. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് തുടങ്ങി തെക്കന്‍ കര്‍ണാടകയിലൂടെ സഞ്ചരിച്ച് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വഴി കാരൈക്കലില്‍ എത്തുന്ന കാവേരി ബംഗാള്‍ ഉള്‍ക്കടലിലാണ് സംഗമിക്കുന്നത്. നദിയിലെ ജലം ഉപയോഗിക്കുന്നതിനെചൊല്ലി കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ജലദൗര്‍ലഭ്യവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും കാരണം വലിയൊരു വിഭാഗം കര്‍ഷകര്‍ ഇന്നും തീരാദുരിതത്തിലാണ്.

Latest