Connect with us

Kerala

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: എടപ്പാളില്‍ സിനിമാ തിയേറ്ററിനുള്ളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷ് ആണ് അറസ്റ്റിലായത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയുമാണ് അറസ്റ്റ്. കേസില്‍ പ്രതിയായ പാലക്കാട് തൃത്താല സ്വദേശി കണ്ണംകുന്നത്ത് മൊയ്തീന്‍ കുട്ടി(47)യേയും പീഡനത്തിന് ഒത്താശ ചെയ്ത, കുട്ടിയുടെ മാതാവിനേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രില്‍ പതിനെട്ടിനാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
പീഡനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിന് നല്‍കിയിരുന്നു. ഈ പരാതി ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പോലീസിന് കൈമാറിയിട്ടും നടപടിയെടുത്തിരുന്നില്ല. ബാലപീഡനത്തിന് പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിന് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെയും പത്ത് വയസ്സുകാരിയായ മകളെയും കൊണ്ട് തിയേറ്ററില്‍ എത്തിയ മൊയ്തീന്‍ കുട്ടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സിനിമ കണ്ടുകൊണ്ടിരിക്കേ രണ്ട് മണിക്കൂറോളമാണ് ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇരുവശങ്ങളിലായി ഇരുന്നിരുന്ന മാതാവിനെയും മകളെയും ഒരേ സമയം ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസി ടി വി ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യം തിയേറ്റര്‍ ജീവനക്കാര്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ ചാനല്‍ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പീഡനവാര്‍ത്ത പുറത്തുവിട്ടതോടെ സംഭവം ആളിക്കത്തി. സംഭവം പുറത്തെത്തിച്ച തിയേറ്റര്‍ ഉടമയെ വനിതാ കമ്മീഷനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരും അഭിനന്ദിച്ചിരുന്നു. തിയേറ്റര്‍ ഉടമയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അഭിനന്ദനമറിയിച്ചത്.

Latest