Connect with us

Kerala

സമ്പാദ്യം സല്‍പ്പേര് മാത്രം; കെമാല്‍ പാഷ വിട്ടുവീഴ്ചയില്ലാത്ത പോരാളി: ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെ തുറന്ന വിമര്‍ശനം നടത്തിയ
ജസ്റ്റിസ് കെമാല്‍ പാഷക്ക് പിന്തുണയുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. വിട്ടുവീഴ്ചയില്ലാത്ത പോരാളിയായ കെമാല്‍ പാഷ കുറ്റവാളികളോട് ഒരു കരുണയും കാണിക്കാതെ നിര്‍ഭയമായും നിര്‍ദയമായും നീതി നടപ്പാക്കിയ ന്യായാധിപനാണെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…….

പരിപാടിയിലുള്ള പിടിവാശിയാണ് പരിവര്‍ത്തനവാദിയുടെ പടവാള്‍; പരിപാടിയില്‍ വിട്ടുവീഴ്ച ചെയ്താല്‍, വിട്ടുവീഴ്ച പരിപാടിയാകും.

വിട്ടുവീഴ്ച ചെയ്യാത്ത പോരാളിയാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ബി കെമാല്‍ പാഷ. കുറ്റവാളികളോട് ഒരു കരുണയും കാണിക്കാതെ നിര്‍ഭയമായും നിര്‍ദ്ദയമായും നീതി നടപ്പാക്കിയ ന്യായാധിപന്‍.

1995ല്‍ എറണാകുളത്ത് അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിതനായ പാഷ, ആദ്യമായി വിചാരണ ചെയ്ത കൊലക്കേസില്‍ പ്രതിയെ തൂക്കികൊല്ലാന്‍ വിധിച്ചു എന്നാണ് ചരിത്രം. അത് ഒരു തുടക്കമായിരുന്നു. പിന്നീടും ഒരുപാടു പേര്‍ക്ക് അദ്ദേഹം തൂക്കുകയര്‍ വിധിച്ചു. മേല്‍ക്കോടതികളുടെ സൗജന്യബുദ്ധി നിമിത്തം അവയൊന്നും നടപ്പായില്ല എന്നുമാത്രം.

ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ശേഷവും പാഷയുടെ വിധികള്‍ക്കു മൂര്‍ച്ച കുറഞ്ഞില്ല. സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന പരാമര്‍ശത്തോടെ കെഎം മാണിയുടെ ഹര്‍ജി തള്ളിയതും മാര്‍ ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ടതും ഷുഹൈബ് കേസില്‍ അന്വേഷണം സിബിഐക്കു വിട്ടതും ഉദാഹരണം.

വിടവാങ്ങല്‍ പ്രസംഗത്തിലും ജസ്റ്റിസ് കെമാല്‍പാഷ വിട്ടുവീഴ്ച ചെയ്തില്ല. ഹൈക്കോടതിയിലെ കുടുംബാധിപത്യത്തെയും മക്കള്‍ രാഷ്ട്രീയത്തെയും വിമര്‍ശിച്ചു, ജാതിയും ഉപജാതിയും നോക്കി ജഡ്ജിമാരെ നിയമിക്കുന്നതിനെ അപലപിച്ചു, ഇപ്പോള്‍ ശുപാര്‍ശ ചെയ്യപ്പെട്ട പല പുംഗവന്മാരെയും മുഖപരിചയമില്ല എന്ന് തുറന്നടിച്ചു.

അവിടം കൊണ്ടും പാഷ നിര്‍ത്തിയില്ല. റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ ഉടനടി സര്‍ക്കാര്‍ ലാവണം കൈപ്പറ്റുന്നത് ഉചിതമല്ല എന്ന് കൂട്ടിച്ചേര്‍ത്തു. താന്‍ യാതൊരു പദവിയും സ്വീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു.

കെമാല്‍പാഷയ്ക്ക് അങ്ങനെ പലതും പറയാം. സല്‌പേരു മാത്രമാണ് സമ്പാദ്യം. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൂടുതലൊന്നും ആഗ്രഹിക്കുന്നില്ലതാനും.

മറ്റു ജഡ്ജിമാരില്‍ ചിലരെങ്കിലും പ്രാരാബ്ധക്കാരാണ്. സര്‍ക്കാരില്‍ നിന്ന് പത്തു ചക്രം കിട്ടണമെന്നു മോഹിക്കുന്നവരും മകനോ മരുമകനോ ജഡ്ജിയായി കാണണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്.

അതുകൊണ്ട് പാഷയ്ക്കു പാഷയുടെ വഴി; നമുക്ക് നമ്മുടെ വഴി.

Latest