Connect with us

Kerala

കട്ടപ്പുറത്തുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ കാന്റീനാകും

Published

|

Last Updated

തിരുവനന്തപുരം: ഉപയോഗ ശൂന്യമായ ബസുകള്‍ ഉപയോഗിച്ച് കുടുബശ്രീയുടെ സഹായത്തോടെ കാന്റീന്‍ പദ്ധതി നടപ്പാക്കാന്‍ കെ എസ് ആര്‍ ടി സി നീക്കം ആരംഭിച്ചു. കാലപ്പഴക്കവും തകരാറും മൂലം റോഡില്‍ നിന്ന് പിന്‍വലിച്ച് കട്ടപ്പുറത്ത് കയറ്റിയ കെ എസ് ആര്‍ ടി സി ബസുകളാണ് കാന്റീനുകളാക്കി മാറ്റാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇത്തരം ബസുകള്‍ ഉപയോഗിച്ച് കുടുംബശ്രീയുടെ സഹകരണത്തോടെ കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡുകളിലും ഡിപ്പോകളിലും ടെര്‍മിനലുകളിലും കാന്റീന്‍ ആരംഭിക്കാനാണ് കോര്‍പറേഷന്‍ പദ്ധതി തയ്യാറാക്കുന്നത്.

ഇത് സംബന്ധിച്ചുള്ള പദ്ധതി നിര്‍ദേശം കുടുംബശ്രീ നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ചക്കകം പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടൊപ്പം കുടുംബശ്രീയുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും കെ എസ് ആര്‍ ടി സി തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി, ഗതാഗത മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, കെ എസ് ആര്‍ ടി സി. എം ഡി എന്നിവര്‍ യോഗം ചേര്‍ന്ന് അന്തിമ നടപടികള്‍ കൈക്കൊള്ളും. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്ത് ഒരാഴ്ചക്കകം ഉന്നതതല യോഗം ചേരുമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പഴയ കെ എസ് ആര്‍ ടി സി ബസുകളില്‍ കാന്റീന്‍ നടത്തിപ്പ് ഉള്‍പ്പെടെ ആറ് പദ്ധതികളടങ്ങിയ നിര്‍ദേശമാണ് കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിയിരിക്കുന്നത്. ബസുകള്‍ വൃത്തിയാക്കല്‍, കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പ്, എയര്‍ കണ്ടീഷന്‍ വിശ്രമകേന്ദ്രം, സ്ത്രീകളുടെ മുലയൂട്ടല്‍ കേന്ദ്രം എന്നിവ ഏറ്റെടുത്ത് നടപ്പാക്കാനാണ് കുടുംബശ്രീ സന്നദ്ധത അറിയിച്ചിരിക്കുന്നത്. വരുമാനമുണ്ടാക്കുന്ന ഓണ്‍ലൈന്‍ റിസര്‍വ് കേന്ദ്രത്തിന്റെ നടത്തിപ്പിന് കേന്ദ്രം അനുവദിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Latest