Connect with us

Articles

സേനക്ക് ദുഷ്‌പേര് വരുത്തരുത്

Published

|

Last Updated

പോലീസ് പ്രതികളാകുന്ന കേസുകളും കൃത്യനിര്‍വഹണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള കുറ്റകരമായ വീഴ്ചകളും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. വരാപ്പുഴ, എടപ്പാള്‍ സംഭവങ്ങളിലായി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും കൃത്യവിലോപവുമാണ് അടുത്തായി മാധ്യമങ്ങളിലെ മുഖ്യചര്‍ച്ചാ വിഷയങ്ങളിലൊന്ന്. പോലീസുകാര്‍ മദ്യപിക്കുന്നതും അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നതും പലപ്പോഴും മാധ്യമങ്ങളില്‍ സ്ഥലം പിടിക്കാറുണ്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് സമിതി തയ്യാറാക്കിയ ഏറ്റവും പുതിയ പട്ടിക പ്രകാരം 1129 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ 716 പേര്‍ക്കെതിരെ ഗുരുതരമായ കേസുകളാണ് നിലവിലുള്ളത്. 2011ല്‍ തയാറാക്കിയ ലിസ്റ്റ് പ്രകാരം 533 ആയിരുന്നു ഇവരുടെ എണ്ണം. 2014ല്‍ ഇത് 950 പേരായി. മൂന്ന് വര്‍ഷത്തിനകം പിന്നെയും 179 പേര്‍ വര്‍ധിച്ചുവെന്നാണ് പുതിയ പട്ടിക കാണിക്കുന്നത്. കസ്റ്റഡി മര്‍ദനം, സ്ത്രീപീഡനം, കൈക്കൂലി, മയക്ക് മരുന്ന് കേസ് തുടങ്ങിയവ ചുമത്തപ്പെട്ടവരില്‍ പത്ത് ഡി വൈ എസ് പിമാരും എട്ട് സി ഐമാരുമുണ്ട്. പോലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐ പി എസ് തലത്തിലാണെന്നാണ് പറയുന്നത്. കൃത്യനിര്‍വഹണത്തിലെ കുറ്റകരമായ വീഴ്ചയുടെ പേരില്‍ ഒരു മാസത്തിനുള്ളില്‍ മാത്രം 12 പോലീസുകാരാണ് സംസ്ഥാനത്ത് സസ്‌പെന്‍ഷനിലായത്. ഏറ്റവുമൊടുവില്‍ എടപ്പാളിലെ സിനിമാ ഹാളില്‍ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പോലീസ് ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് പോലെ ജമ്മുവിലെ ക്ഷേത്രത്തില്‍ ചവിട്ടിയരക്കപ്പെട്ട കൊച്ചുപെണ്‍കുട്ടിയുടെ ചിത്രം മായാത്ത നൊമ്പരമായി നിലനില്‍ക്കുമ്പോഴാണ് കേരളത്തിലും അത്തരം മനുഷ്യാധമന്മാരും അവര്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസുകാരും പ്രത്യക്ഷപ്പെടുന്നത്. നല്ലവരായ ഉദ്യോഗസ്ഥര്‍ പോലും ഇവര്‍ മുലം സന്ദേഹിക്കപ്പെടുകയാണ്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനായി 2011ല്‍ സംസ്ഥാനത്ത് നിയോഗിക്കപ്പെട്ട ഉന്നത സമിതി, പോലീസില്‍ ക്രിമിനലുകള്‍ വര്‍ധിച്ചു വരുന്നത് സേനക്ക് ദുഷ്‌പേരുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടുകയും കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തി നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമെങ്കില്‍ സേനയില്‍ നിന്നുതന്നെ അവരെ നീക്കം ചെയ്യണമെന്നും സമിതി ശിപാര്‍ശയിലുണ്ട്. എന്നിട്ടും കേസുകളില്‍ അകപ്പെട്ട ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നടപടികളൊന്നുമില്ലാതെ സര്‍വീസില്‍ തുടരുകയാണ്.

പോലീസിന്റെ മുഖം മാറ്റാനും ജനസൗഹൃദമാക്കാനും ജനമൈത്രി പോലീസ് പോലെയുള്ള പല പദ്ധതികളും മാറിമാറി വന്ന സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ സേനയുടെ പെരുമാറ്റത്തിലോ, നിലപാടുകളിലോ ഇന്നും കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് നിരന്തരം പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള പെരുമാറ്റം എങ്ങനെയാകണമെന്ന് കേരള പോലീസ് ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഔചിത്യവും മര്യാദയും സഹാനുഭൂതിയും അവരുടെ പെരുമാറ്റത്തിലുണ്ടാകണം. നിയമപരമായ ഏതെങ്കിലും ഉദ്ദേശ്യം നിറവേറ്റുന്നതിനല്ലാതെ ബലപ്രയോഗമോ ഭീഷണിയോ അരുതെന്നും നിഷ്‌കര്‍ഷയുണ്ട്. ഒന്നും പ്രാവര്‍ത്തികമാകുന്നില്ല.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പോലീസ് തന്നെ ജനത്തിന് ഭീഷണിയാകുന്നത് എന്തുമാത്രം ഭീതിദമാണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച റെക്കോര്‍ഡുണ്ടായിരുന്ന കേരളാ പോലീസ് എന്തുകൊണ്ടാണ് ഇത്തരമൊരു പതനത്തിലെത്തിയത്? കുറ്റവാളികളോടുള്ള മേലധികാരികളുടെ ഉദാര സമീപനം പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നു. പോലീസുകാര്‍, പ്രത്യേകിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന കേസുകള്‍ ഒതുക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കൊച്ചി വിമാനത്താവളത്തിലെ മനുഷ്യക്കടത്ത്, സ്വര്‍ണ കള്ളക്കടത്ത് തുടങ്ങി പ്രമാദമായ കേസുകളില്‍ നിരവധി ഉന്നത പോലീസുദ്യോഗസ്ഥരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇവരില്‍ എത്രപേര്‍ക്കെതിരെ നടപടിയുണ്ടായി? എത്ര പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു? കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 616 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും 12 പേര്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. നടപടി തന്നെ പരമാവധി ആറ് മാസത്തെ സസ്‌പെന്‍ഷനില്‍ ഒതുങ്ങും. ഈ കാലാവധി കഴിഞ്ഞാല്‍ പ്രമോഷനോടെയാണ് തിരിച്ചെടുക്കുന്നത്. ജനരോഷം ശമിപ്പിക്കാനുള്ള ഒരടവ് മാത്രമാണ് ഉന്നതരുടെ കാര്യത്തില്‍ സസ്‌പെന്‍ഷന്‍ നടപടി.

നിയമന സമയത്ത് ഉദ്യോഗാര്‍ഥികളുടെ സ്വഭാവത്തെയും കഴിഞ്ഞ കാലജീവിതത്തെയും കുറിച്ചു വിശദമായ പരിശോധന നടത്തുകയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസ് സേനയില്‍ കടന്നുകൂടാതിരിക്കാനുള്ള മറ്റൊരു വഴി. അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയില്‍ പോലീസിനെ ജനകീയമാക്കുകയും കൃത്യവിലോപത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഈ വഴിക്കുള്ള ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

Latest